കാത്തിരിപ്പ് അവസാനിച്ചു, എബിയും ക്രിസ്റ്റിയും വിവാഹിതരായി
അടിമാലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പല തവണ മാറ്റിവച്ച എബിയുടെയും ക്രിസ്റ്റിയുടെയും വിവാഹം ലോക്ക് ഡൗണില്‍ തന്നെ നടന്നു. ഇരുമ്പുപാലം കാക്കത്തോട്ടത്തില്‍ സാജുവിന്റെയും ഷൈലയുടെയും മൂത്തമകനായ എബിയും മുനിയറ കളരിക്കല്‍ സ്‌കറിയയുടെയും മോളിയുടെയും മൂത്തമകള്‍ ക്രിസ്റ്റിയുമാണ് വിവാഹിതരായത്.
ഫെബ്രുവരി 2ന് നടന്ന നിശ്ചയത്തില്‍ ഏപ്രില്‍ 20ന് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കൊറോണ കാരണം രണ്ട് തവണ മാറ്റി. ഒടുവില്‍ ഏപ്രില്‍ 30 നടത്താനായിരുന്നു അവസാനമായി തീരുമാനിച്ചത്. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇടുക്കി ജില്ല റെഡ്‌സോണായി പ്രഖ്യാപിച്ചത് വീണ്ടും തിരിച്ചടിയായി. ഇതോടെ അന്നും വിവാഹം നടത്താനായില്ല.
തുടര്‍ന്ന് കഴിഞ്ഞ മൂന്നാം ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് വിവാഹം നടത്തുകയായിരുന്നു. വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പള്ളിയില്‍ വച്ചാണ് ചടങ്ങ് നടത്തിയത്. രണ്ട് തവണ വിവാഹം മാറ്റിവച്ചതോടെ ഇനിയും കാത്തിരിക്കേണ്ടെന്ന വീട്ടുകാര്‍ തീരുമാനിച്ചതോടെയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്.