മുന്നില്‍ പാര്‍ട്ടി നടപടി: സിപിഎം നേതാവ് എസ് രാജേന്ദ്രന്‍ സിപിഐയിലേക്ക്? പ്രതികരിച്ച് മുന്‍ എംഎല്‍എ
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുതല്‍ തന്നെ സിപിഎമ്മിന് തലവേദന സൃഷ്ടിച്ചിരുന്ന മണ്ഡലമാണ് ദേവികുളം. കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ നിന്ന് വിജയിച്ച എസ് രാജേന്ദ്രന്‍ ഇത്തവണയും ദേവികുളത്ത് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നില്‍ കൂടുതല്‍ തവണ മത്സരിച്ച ആര്‍ക്കും അവസരമില്ലെന്ന പൊതുമാനദണ്ഡം സംസ്ഥാന തലത്തില്‍ തന്നെ നടപ്പിലാക്കിയപ്പോള്‍ എസ് രാജേന്ദ്രനും അവസരും നഷ്ടമായി.
പകരം ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗമായ എ രാജയായിരുന്നു. എന്നാല്‍ രാജയെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന് വന്നു. ഈ ആരോപണം ഇപ്പോള്‍ എസ് രാജേന്ദ്രന് പാര്‍ട്ടി വിടുന്നതിലേക്ക് വരെ എത്തി നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും

എ രാജയെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. ഇനി രാജേന്ദ്രന്‍റെ ഭാഗം മാത്രമാണ് കേള്‍ക്കാനുള്ളത്. എ രാജയ്ക്കെതിരെ മുന്‍ എംഎല്‍എ പ്രവര്‍ത്തിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതോടെ എസ് രാജേന്ദ്രനെതിരെ നടപടിയുണ്ടാവുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എസ് രാജേന്ദ്രനെതിരെ ബ്രാഞ്ച് തലം മുതല്‍ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗ സമിതിയായിരുന്നു പരാതികള്‍ അന്വേഷിച്ചത്.

മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞതാണ് ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. ജാതി അടിസ്ഥാനത്തില്‍ വിഭജനം നടത്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു എസ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം.

പാര്‍ട്ടി വലിയ മുന്നേറ്റം പ്രതീക്ഷ മറയൂരില്‍ 700 വോട്ടുകള്‍ക്കാ രാജ പിന്നിലായിരുന്നു. കാന്തലൂർ, വട്ടവട, മൂന്നാർ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചില്ല. പ്രതീക്ഷിച്ച വോട്ടുകള്‍ വരാത്ത പഞ്ചായത്തുകള്‍ തമിഴ് സ്വാധീനമുള്ള മേഖലകളാണ്. മൂന്നാറിലെ പ്രബല ജാതിയില്‍ സ്വാധീനമുള്ള എസ് രാജേന്ദ്രന്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഇതോടൊപ്പം തന്നെ ഉയര്‍ന്നു.

ഈ ആരോപണങ്ങള്‍ എല്ലാം പാര്‍ട്ടി വിശദമായി അന്വേഷിച്ചതിന് ശേഷമാണ് എസ് രാജേന്ദ്രന് എതിരായി റിപ്പോര്‍ട്ട് നല്‍കാന്‍ പോവുന്നത്. അടുത്ത ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വെക്കുകയും രാജേന്ദ്രനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ഇതിനിടയിലാണ് എസ് രാജേന്ദ്രന്‍ സിപിഎം വിട്ട് സിപിഐയില്‍ ചേരാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഇത് സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരമെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സിപിഐയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമസൃഷ്ടിമാത്രമാണെന്നായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം. 20 വര്‍ഷമായി തന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും പാര്‍ട്ടി ശിക്ഷയേക്കാള്‍ വേദനാജനകമാണ് അതെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍












Click it and Unblock the Notifications