മുന്‍കൂട്ടി ആസൂത്രണം ചെയ്തു ഏലയ്ക്ക മോഷ്ടിച്ചു; മകന്‍ പിടിയില്‍, അച്ഛന്‍ ഒളിവില്‍
അടിമാലി: ഏലയ്ക്ക മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാമാക്ഷി വലിയപറമ്പില്‍ വിപിന്‍ ആണ് അറസ്റ്റിലായത്. ഇയാളും പിതാവ് ബിജുവും ചേര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്തതും കവര്‍ച്ച നടത്തിയതും. പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്തെ ഏലം സ്റ്റോറില്‍ നിന്ന് ഈ മാസം 17 ന് രാത്രിയായിരുന്നു സംഭവം. മൂന്ന് ലക്ഷത്തിലധികം രൂപ വില വരുന്ന മൂന്ന് ചാക്ക് ഏലക്കയാണ് ഇരുവരും മോഷ്ടിച്ചത്.
ബിജു ഇപ്പോഴും ഒളിവിലാണ്. അണക്കര സ്വദേശിയുടെ സ്റ്റോറില്‍ നിന്നാണ് ഏലയ്ക്ക മോഷ്ടിച്ചെടുത്തത്. 125 കിലോ ഗ്രാം ഉണങ്ങിയ ഏലക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചായിരുന്നു മോഷണം നടത്തിയത്. ഏലം സ്‌റ്റോര്‍ ഉടമയുടെ പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വിപിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

കഴിഞ്ഞ ദിവസം ശാന്തന്‍പാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ ഒരാള്‍ ഓട്ടം വിളിക്കുകയും പേത്തൊട്ടിയില്‍നിന്ന് ഏലക്ക കൊണ്ടുപോകാനാണെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ സംശയം തോന്നിയ ജോയി ഓട്ടം പോകാന്‍ തയ്യാറായില്ല. കവര്‍ച്ചയ്ക്ക് പിന്നാലെ രാത്രിയില്‍ പരിശോധനക്കെത്തിയ ശാന്തന്‍പാറ സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറയുകയും ചെയ്തു.
പൊലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെയാണ് പ്രതി ബൈക്കില്‍ ഒരു ചാക്ക് ഏലക്കയുമായി പോകുന്നത് കാണുന്നത്. പൊലീസിനെ കണ്ടതോടെ പ്രതി ഏലത്തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് പേരും വിലാസവും പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് വെള്ളത്തൂവല്‍ പവര്‍ഹൗസ് ഭാഗത്ത് നിന്ന് വിപിനെ പിടികൂടുകയായിരുന്നു.
ബസില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബിജുവിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications