ദേവികുളത്ത് ബിജെപി അടവ് മാറ്റി; എസ് ഗണേശന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും, അണ്ണാഡിഎംകെ ചിഹ്നം
ഇടുക്കി: എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ ദേവികുളം നിയമസഭാ മണ്ഡലം സാക്ഷിയായത് വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്ക്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച എസ് ഗണേശന്‍ എന്‍ഡിഎക്ക് വേണ്ടി മല്‍സരിക്കും. ഇദ്ദേഹം അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. എന്‍ഡിഎയുടെ ഭാഗമായ എഐഎഡിഎംകെ കേരളത്തില്‍ രണ്ടു സീറ്റിലാണ് മല്‍സരിക്കുന്നത്. അതിലൊന്നാണ് ഇടുക്കി ജില്ലയിലെ ദേവികുളം.
തമിഴ് തൊഴിലാളികള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്. എഐഎഡിഎംകെയുടെ മറ്റൊരു സ്ഥാനാര്‍ഥി മല്‍സരിക്കുന്നത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ്. ദേവികുളത്ത് സംഭവിച്ച മാറ്റങ്ങള്‍ ഇങ്ങനെ....

ധനലക്ഷ്മിയുടെ പത്രിക തള്ളാന്‍ കാരണം
ദേവികുളം മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി ആര്‍എം ധനലക്ഷ്മിയെ ആണ് തീരുമാനിച്ചിരുന്നത്. അവരുടെ പത്രിക വരണാധികാരി തള്ളുകയായിരുന്നു. ഫോറം 26ല്‍ പൂര്‍ണ വിവരങ്ങള്‍ നല്‍കാത്തതാണ് ധനലക്ഷ്മിയുടെ പത്രിക തള്ളാന്‍ കാരണമായി പറയുന്നത്. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. കൂടാതെ ബിഎസ്പിയുടെ തങ്കച്ചന്റെ പത്രികയും സ്വീകരിച്ചില്ല.

തിടുക്കത്തില്‍ നീക്കങ്ങള്‍
പിന്നീടാണ് സ്വതന്ത്രനായി ജനവിധി തേടുന്ന ഗണേശനുമായി ബിജെപി നേതാക്കളും എഐഎഡിഎംകെയും സംസാരിച്ചത്. തുടര്‍ന്ന് ഗണേശന്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നു. ഗണേശന്‍ മുന്നണിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ കെഎസ് അജി അറിയിച്ചു. എഐഎഡിഎംകെ ചിഹ്നത്തിലാണ് മല്‍സരിക്കുക.

ഇടതു-വലതു സ്ഥാനാര്‍ഥികള്‍
ദേവികുളം മണ്ഡലത്തില്‍ സിപിഎമ്മിന് വേണ്ടി അഡ്വ. എ രാജയും കോണ്‍ഗ്രസിന് വേണ്ടി ഡി കുമാറുമാണ് മല്‍സരിക്കുന്നത്. സിപിഎം നേതാവ് എസ് രാജേന്ദ്രന്‍ തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ച മണ്ഡലമാണിത്. ഇത്തവണ രാജേന്ദ്രനെ മാറ്റി നിര്‍ത്തി. തുടര്‍ന്നാണ് രാജയെ മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. നേരത്തെ കോണ്‍ഗ്രസ് പലതവണ ജയിച്ച മണ്ഡലമാണിത്.

2016ല്‍ കിട്ടിയ വോട്ട്
ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി എഐഎഡിഎംകെയാണ് മല്‍സരിക്കാറ്. 2016ല്‍ മല്‍സരിച്ച ആര്‍എം ധനലക്ഷ്മിയെ തന്നെയാണ് ഇത്തവണയും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. പക്ഷേ, പത്രിക തള്ളിയതോടെ മുന്നണി വെട്ടിലായി. 11623 വോട്ടുകളാണ് എന്‍ഡിഎയ്ക്ക് 2016ല്‍ ദേവികുളത്ത് ലഭിച്ചത്.

ചില സംശയങ്ങള്‍ ബാക്കി
പത്രിക തള്ളിയ സാഹചര്യത്തില്‍ എസ് ഗണേശനൊപ്പം ബിജെപിയും എഐഎഡിഎംകെയും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തന്റെ പത്രിക തള്ളിയതില്‍ ദുരൂഹതയുണ്ട് എന്നാണ് ധനലക്ഷ്മിയുടെ ആരോപണം. ഇടുക്കി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഒരുപോലെയാണ് പത്രിക പൂരിപ്പിച്ചത്. എല്ലായിടത്തും പത്രിക സ്വീകരിച്ചു.

പിന്തുണയ്ക്കാതെ മുന്നണി
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ധനലക്ഷ്മി നേരിട്ടാണ്. കേസ് നടത്തിപ്പിന് എന്‍ഡിഎയുടെ പിന്തുണയില്ല എന്നാണ് വിവരം. സിപിഎമ്മിനെയും സിപിഐയെയും കോണ്‍ഗ്രസിനെയും പരീക്ഷിച്ച വോട്ടര്‍മാരായണ് ദേവികുളം നിയമസഭാ മണ്ഡലത്തിലുള്ളത്. വര്‍ഷങ്ങളായി സംവരണ മണ്ഡലമായി തുടരുന്ന ദേവികുളത്തെ സംവരണ മണ്ഡല പട്ടികയില്‍ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്.

തദ്ദേശം ഇടതിന് അനുകൂലം
കോണ്‍ഗ്രസിലെ എകെ മണിയും സിപിഎമ്മിലെ എസ് രാജേന്ദ്രനുമാണ് ദേവികുളത്ത് നിന്ന് കൂടുതല്‍ കാലം എംഎല്‍എമാരായത്. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം രാജേന്ദ്രനായിരുന്നു. 12 പഞ്ചായത്തുകളില്‍ ഏഴെണ്ണം എല്‍ഡിഎഫിനൊപ്പമാണ്. ബാക്കി യുഡിഎഫിനൊപ്പവും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കിയാല്‍ വലത്തോട്ട് ചാഞ്ഞുനില്‍ക്കുകയാണ് മണ്ഡലം.












Click it and Unblock the Notifications