അടിപ്പാലം ആനയ്ക്കും...മേൽപ്പാലം വരയാടിനും...സഞ്ചാരികൾക്ക് മറ്റൊരു അനുഭവം
അടിപ്പാലം ആനയ്ക്കും...മേൽപ്പാലം വരയാടിനും...സഞ്ചാരികൾക്ക് മറ്റൊരു അനുഭവം
ഇടുക്കി: സഞ്ചാരികൾക്ക് എന്നും വിസ്മയകരമാണ് മൂന്നാർ മുതൽ തമിഴ്നാട്ടിലെ അതിർത്തി പട്ടണമായ ബോഡിനായ്ക്കന്നൂർ വരെയുള്ള നല്ല കാഴ്ചകൾ. തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ആനയിറങ്കൽ ജലാശയത്തിന്റെ വിദൂര കാഴ്ചകളും ബോഡിമെട്ട് ചുരവുമെല്ലാം ഈ റോഡിനെ സഞ്ചാരികളുടെ ഇഷ്ടപാതയാക്കുന്നു. കൊച്ചി മുതൽ ധനുഷ്കോടി വരെയുളള ദേശീയ പാതയുടെ ഭാഗമാണ് ഇത്.

എന്നാൽ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 40 കിലോമീറ്റർ ഭാഗത്ത് ഉണ്ടാകുന്നത് ഇതിലും വിസ്മയമായ കാഴ്ചകൾ ആകും. അടുത്ത മാർച്ചിൽ ഈ റോഡിന്റെ നിർമാണം പൂർത്തിയായതിന് ശേഷം കാട്ടാനകൾക്ക് റോഡ് മുറിച്ചു കടക്കാൻ റോഡിന് താഴ്ഭാഗത്ത് കൂടി ഒരു ഇട നാഴിയും ഉണ്ട്. മലയോര മേഖലയായതിനാൽ ജന്തു ജീവ ജാലങ്ങളുടെ സംരക്ഷണവും നാം ഉറപ്പ് വരുത്തേണ്ട ഒന്നാണ്.
വരയാടിന് സഞ്ചരിക്കാൻ കോൺക്രീറ്റ് മേൽപാലവും റോഡിൽ നിർമിക്കും. വനം വകുപ്പാണ് മൃഗ പാലങ്ങൾ നിർമിക്കുകയെന്ന് ദേശീയ പാത വിഭാഗം പറയുന്നത്. ഏകദേശം 2.95 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്യാപ് റോഡിന് സമീപമാണ് വരയാടിന് വേണ്ടി 4 മീറ്റർ വീതിയുളള റോഡ്. ഈ റോഡ് 2 മലകളെ തമ്മിൽ ബന്ധിപ്പിച്ചാണ് മേൽപാലം നിർമിക്കുന്നത്. പൂപ്പാറ തോണ്ടിമലയ്ക്ക് സമീപമാണ് കാട്ടാനകൾക്കു വേണ്ടി അണ്ടർ പാസേജ് നിർമിക്കുന്നത്.
പദ്ധതിക്ക് ദേശീയ പാത വിഭാഗം അനുമതി നൽകിയിട്ടുണ്ട്. നേരത്തെ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ ചാമ്പൽ മലയണ്ണാനും ഹനുമാൻ കുരങ്ങുകൾക്കും മറയൂർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാത മുറിച്ചു കടക്കുന്നതിന് മുളകൊണ്ടുള്ള മേൽപാലങ്ങൾ വനം വകുപ്പ് നിർമിച്ചിരുന്നു. എന്നാൽ വന്യ മൃഗങ്ങൾക്കായി കോൺക്രീറ്റ് പാലങ്ങൾ നിർമിക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. ഇതു കൂടാതെ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് കാട്ടാനകൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി 48 റാംപുകളും (ചെരിഞ്ഞ പ്രതലത്തോടു കൂടിയ വഴി) നിർമിക്കണമെന്ന് ദേശീയ പാത വിഭാഗം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
മൃഗങ്ങൾക്ക് വേണ്ടി അവരുടെ ആവാസ വ്യവസ്ഥയ്ക്ക് വേണ്ടി നിർമിക്കുന്ന പാലങ്ങളും ഇടനാഴികളും വിദേശ രാജ്യങ്ങളിലെ പതിവ് കാഴ്ചയാണ്. വൈൽഡ് ലൈഫ് ക്രോസിങ് അല്ലെങ്കിൽ അനിമൽ ബ്രിജസ് എന്നറിയപ്പെടുന്ന ഈ സംവിധാനം അൻപതുകളിൽ ഫ്രാൻസിലാണ് ആദ്യമായി നടപ്പാക്കിയത്. പിന്നീട് മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഇത് പരീക്ഷിച്ചു. അമേരിക്കയിൽ പ്രതിവർഷം 800 കോടി ഡോളർ ചെലവഴിച്ചാണ് മൃഗ പാലങ്ങൾ (അനിമൽ ബ്രിജസ്) നിർമിക്കുന്നത് എന്നാണ് കണക്ക്. ഇക്കാര്യത്തിൽ കാനഡയും ഒട്ടും പിന്നിലല്ല. അതേസമയം, മൃഗങ്ങളെ ആകർഷിക്കാൻ കോൺക്രീറ്റ് പാലത്തിനു മുകളിൽ പുൽമേടുകൾ സൃഷ്ടിക്കുകയും മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്യാറുണ്ട്.












Click it and Unblock the Notifications