യൂട്യൂബ് നോക്കി ബൈക്ക് മോഷണം പഠിച്ചു; പക്ഷേ വിജയിച്ചില്ല, ഇടുക്കി സ്വദേശികളെ കയ്യോടെ പൊക്കി പൊലീസ്
മൂന്നാര്‍ : യൂട്യൂബ് നോക്കി ബൈക്ക് മോഷണം പഠിച്ച് നടപ്പാക്കാൻ ശ്രമിച്ച യുവാക്കാള്‍ പിടിയില്‍. മൂന്നാര്‍ ഇക്കാനഗര്‍ രാജീവ് ഗാന്ധി കോളനിയില്‍ ആര്‍. ബിനു (18), സുഹൃത്ത് ലക്ഷ്മിപാര്‍വതി ഡിവിഷനില്‍ കെ. രാമകൃഷ്ണമൂര്‍ത്തി (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മൂന്നാര്‍ ദേവാലയത്തിന് സമീപത്ത് നിന്നാണ് ഇരുവരും ബൈക്ക് മോഷണം നടത്തിയത്. മോഷണം പോയ ബൈക്ക് തമിഴ്‌നാട്ടിലെ തേനിയില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ 18ാം തിയതിയാണ് മോഷണം നടന്നത്. ടൗണിനു സമീപമുള്ള മൗണ്ട് കാര്‍മല്‍ ദേവാലയത്തിന് സമീപമുള്ള വി.എസ്.എസ്.എസ്. കേന്ദ്രത്തിനു മുന്‍പില്‍ പാര്‍ക്കുചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. തൊടുപുഴ സ്വദേശിയും കാവല്‍ പ്ലസ് എന്ന പദ്ധതിയിലെ കൗണ്‍സലറുമായ അനൂപ് ജോണ്‍സന്റെ ഒന്നരലക്ഷത്തിലധികം രൂപ വിലവരുന്ന ബൈക്കാണ് മോഷണം പോയത്.തുടര്‍ന്ന് ഉടമയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൂടാതെ തമിഴ്‌നാട്ടില്‍ അടുത്തിടെനടന്ന ബൈക്ക് മോഷണക്കേസുകളില്‍ പ്രതികളായവരെക്കുറിച്ചും അന്വേഷണം നടത്തി.ഇതിനിടയിലാണ് തമിഴ്‌നാട്ടില്‍ നടന്ന ഒരു ബൈക്ക് മോഷണക്കേസില്‍ പ്രതികളിലൊരാളായ ബിനു ഉള്‍പ്പെട്ടതായി പൊലീസ് കണ്ടെത്തിയത്.ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും മോഷണംനടന്ന 18 മുതല്‍ ഇയാള്‍ സ്ഥലത്തില്ലെന്ന് മനസിലായി. കഴിഞ്ഞ ദിവസം രാജീവ്ഗാന്ധി കോളനിയില്‍ ഇയാളെത്തിയതറിഞ്ഞ് പിടികൂടുകയായിരുന്നു.
കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ രാമകൃഷ്ണമൂര്‍ത്തിയുടെ പങ്കും കണ്ടെത്തിയത്. യൂട്യൂബ് നോക്കിയാണ് ബൈക്ക് മോഷണം നടത്തിയതെന്നും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ലോക്ക് ചെയ്ത ബൈക്ക് എങ്ങനെ ലോക് മാറ്റി സ്റ്റാര്‍ട്ടാക്കാം എന്നുള്ളപ്പടെയുള്ള വിവരങ്ങളാണ് പ്രതികള്‍ യൂട്യൂബ് നോക്കി പഠിച്ചത്. ബൈക്ക് വിറ്റ് പണം ലഭിച്ചാല്‍ ആര്‍ഭാട ജീവിതത്താനായി ഉപയോഗിക്കാനായിരുന്നു പദ്ധതിയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍.മനോജിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, പ്രിന്‍സിപ്പല്‍ എസ്.ഐ. ഷാഹുല്‍ ഹമീദ്, എസ്.ഐ. എം.കെ. നിസ്സാര്‍, എ.എസ്.ഐ. സി.വി. ചന്ദ്രന്‍, സി.പി.ഒ. ജിബിന്‍ എം.ടി, കെ.അറുമുഖന്‍, വിന്‍സന്റ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹജരാക്കി റിമാന്‍ഡുചെയ്തു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി രജിഷ വിജയന്‍, സുന്ദരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications