ക്രിക്കറ്റ് താരത്തിന്റെ പീഡനം തുറന്നു പറഞ്ഞ് 11 വയസുകാരി
ധാക്ക: അന്നത്തെ ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കമാണെന്ന് ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് താരത്തിന്റെ വീട്ടില്‍ നിന്നും പീഡനമേല്‍ക്കേണ്ടിവന്ന പതിനൊന്നുകാരി പെണ്‍കുട്ടി മഹ്ഫുസ അക്തര്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും ക്രിക്കറ്റ് താരം ഷഹദത്ത് ഹുസൈനും ഭാര്യയും ക്രൂരമായാണ് പീഡിപ്പിച്ചിരുന്നത്.
തനിക്ക് നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് ഒരു മാധ്യമത്തോട് പങ്കുവെക്കവെ പെണ്‍കുട്ടി ഇടയ്ക്കിടെ വിതുമ്പുന്നുണ്ടായിരുന്നു. കേവലം പതിനൊന്നുവയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ഈവിധം ക്രൂരമായി പീഡിപ്പിച്ച ബംഗ്ലാദേശ് താരത്തിനെതിരെ അമര്‍ഷം പുകയുകയാണ് ഇപ്പോള്‍. കേസില്‍ അറസ്റ്റിലായ താരം കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്.

വീട്ടിലെ ദാരിദ്ര്യമാണ് തന്നെ വീട്ടുജോലിക്കാരിയാക്കിയതെന്ന് പെണ്‍കുട്ടി പറയുന്നു. അച്ഛനെയും അമ്മയെയും കുറിച്ച് പെണ്‍കുട്ടിക്ക് അറിയില്ല. മുത്തശ്ശി രോഗിയാണ്. കുടുംബത്തിന്റെ ദാരിദ്രമകറ്റാന്‍ പണം വേണം. താനൊരാള്‍ മാത്രമേ സഹായത്തിനുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ക്രിക്കറ്റ് താരത്തിന്റെ വീട്ടില്‍ ജോലിക്കാരിയായി കഴിഞ്ഞത്.
എന്നാല്‍ ഷഹദത്തും ഭാര്യ നൃത്തോയും പെണ്‍കുട്ടിയെ ശാരീരിക പീഡനങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിക്കുകയായിരുന്നു. ശരിയായ ഭക്ഷണം നല്‍കിയില്ല. ശുചിമുറിയിലായിരുന്നു ഉറക്കം. ശാരീരിക പീഡനം സഹിക്കാന്‍ കഴിയാതായപ്പോള്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ധാക്കയിലെ ഒരു തെരുവില്‍ നിന്നും മാധ്യമപ്രവര്‍ത്തകനാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഇതിന് പിന്നാലെ ഷഹദത്തും ഭാര്യയും ഒളിവില്‍ പോയെങ്കിലും പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷഹദത്തിനെ ബംഗ്ലാദേശ് ദേശീയ ടീമില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.












Click it and Unblock the Notifications