ക്ഷേത്രത്തിനായി 121 കിലോ സ്വര്‍ണം ദാനം ചെയ്ത് ഭക്തന്‍! വിലയെത്രയെന്നറിയാമോ?
അമരാവതി: തിരുമല വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിനായി 121 കിലോഗ്രാം സ്വര്‍ണം ദാനം ചെയ്ത് ഭക്തന്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ സംരംഭക വിജയത്തിനുള്ള നന്ദി സൂചകമായി ഏകദേശം 140 കോടി രൂപ വിലമതിക്കുന്ന 121 കിലോഗ്രാം സ്വര്‍ണം ദാനം ചെയ്യാന്‍ ഭഗവാന്‍ വെങ്കിടേശ്വര സ്വാമിയുടെ ഒരു ഭക്തന്‍ മുന്നോട്ട് വന്നതായി നായിഡു പറഞ്ഞു.
'ആ ഭക്തന്‍ ഒരു കമ്പനി സ്ഥാപിക്കാന്‍ ആഗ്രഹിച്ചു, അത് സ്ഥാപിച്ചു, വിജയിച്ചു. തനിക്ക് ലഭിച്ച പ്രതിഫലം ആ ഭക്തന്‍ ദേവന് തിരികെ നല്‍കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ അദ്ദേഹം 121 കിലോ സ്വര്‍ണ്ണം വെങ്കിടേശ്വര സ്വാമിക്ക് നല്‍കുന്നു,' മംഗളഗിരിയില്‍ 'ദാരിദ്ര്യ നിര്‍മാര്‍ജന' പരിപാടി പി 4 നെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ആരാണ് ആ ഭക്തന്‍ എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

തന്റെ കമ്പനിയുടെ 60 ശതമാനം ഓഹരികള്‍ വിറ്റ് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ ഏകദേശം 6,000 കോടി മുതല്‍ 7,000 കോടി രൂപ വരെ അദ്ദേഹം സമ്പാദിച്ചതായി നായിഡു പറഞ്ഞു. ശ്രീ വെങ്കിടേശ്വര സ്വാമി തനിക്ക് നല്‍കിയ സമ്പത്ത് ദേവന് തിരികെ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. വെങ്കിടേശ്വര സ്വാമിയുടെ വിഗ്രഹത്തില്‍ പ്രതിദിനം 120 കിലോഗ്രാം ഭാരമുള്ള സ്വര്‍ണാഭരണങ്ങള്‍ അലങ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭക്തന്‍ 121 കിലോഗ്രാം സ്വര്‍ണ്ണം ദാനം ചെയ്യാന്‍ മുന്നോട്ടുവരികയായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം തിരുമല ക്ഷേത്രത്തില്‍ നടന്ന ശ്രദ്ധേയമായ സംഭാവനകളുടെ ഒരു പരമ്പരയ്ക്കിടെയാണ് ഈ പ്രഖ്യാപനം. ഈ വര്‍ഷം മെയ് മാസത്തില്‍ സഞ്ജീവ് ഗോയങ്ക 3.63 കോടി രൂപയുടെ വജ്രം പതിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ക്ഷേത്രത്തിന് സംഭാവന ചെയ്തിരുന്നു.
ജൂലൈയില്‍ ചെന്നൈയില്‍ നിന്നുള്ള സുദര്‍ശന്‍ എന്റര്‍പ്രൈസസ് 2.5 കിലോഗ്രാം ഭാരമുള്ളതും 2.4 കോടി രൂപ വിലമതിക്കുന്നതുമായ ഒരു സ്വര്‍ണ്ണ ശംഖും സുദര്‍ശനചക്രവും സമ്മാനിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ വൈഷ്ണവ ക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം. ഹൈന്ദവരുടെ അതിപ്രധാനമായ ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണിത്.












Click it and Unblock the Notifications