കൂട്ടുകാര്‍ക്കൊപ്പം നടക്കുന്ന 15 കാരനെ നേരെയാക്കാന്‍ മാസങ്ങളോളം വീട്ടില്‍ പൂട്ടിയിട്ടു
ദില്ലി: കൂട്ടുകാര്‍ക്കൊപ്പം കമ്പനികൂടി നടക്കുന്ന മകനെ നേരയാക്കാന്‍ വീട്ടുകാര്‍ മാസങ്ങളോളം വീട്ടില്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ട്. ഈസ്റ്റ് ദില്ലിയിലെ കജൗരി ഖാസിലെ വീട്ടിലാണ് കുട്ടിയെ രക്ഷിതാക്കള്‍ പൂട്ടിയിട്ടത്. അയല്‍ക്കാര്‍ നല്‍കിയ സൂചന പ്രകാരം പോലീസും എന്‍ജിഒയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
ചെറിയ മുറിയിലായിരുന്നു കുട്ടിയെ അടച്ചിട്ടിരുന്നതെന്ന് ബച്പന്‍ ബച്ചാവോ ആന്തോളന്‍ എന്ന എന്‍ജിഒയുടെ ഡയരക്ടര്‍ രാകേഷ് സെംഗര്‍ പറഞ്ഞു. വാതിലിന് രണ്ട് പുട്ടുകളുണ്ടായിരുന്നു. കുട്ടിയെ മാസങ്ങളായി ഈ മുറിയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. മുറിയില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു. ഇതിനടുത്താണ് കുട്ടി കിടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന കൂട്ടുകാര്‍ക്കൊപ്പം കമ്പനികൂടി തെറ്റായ വഴിയിലൂടെ നടക്കുന്നതിനാലാണ് കുട്ടിയെ പൂട്ടിയിട്ടതെന്നാണ് രക്ഷിതാക്കളുടെ വിശദീകരണം. കുട്ടി ഓടിപ്പോകുമെന്ന് ഭയന്നിരുന്നതായും അവര്‍ പറയുന്നു. കുട്ടിയെ ദില്‍ഷാദ് ഗാര്‍ജനില്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി. ദ്വാരകയിലെ മുസ്‌കാന്‍ ഫൗണ്ടേഷന്‍ കുട്ടിയുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
കുട്ടിയുടെ ശാരീരിക അവസ്ഥ നിരീക്ഷിച്ചശേഷമാകും അനന്തിര നടപടികള്‍. ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം തീരുമാനമുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വ്യക്തമാക്കി. കുട്ടിക്ക് സമ്മതമാണെങ്കില്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ അയക്കും. കുട്ടിക്ക് ശാരീരിക ഉപദ്രവമേല്‍ക്കാത്തതിനാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ല.












Click it and Unblock the Notifications