ഉത്തരാഖണ്ഡിന് പിന്നാലെ യുപിയിലും കെട്ടിടങ്ങളില്‍ വിള്ളല്‍; ജനങ്ങള്‍ ആശങ്കയില്‍
ലഖ്‌നൗ: ഉത്തരാഖണ്ഡിലെ ജോഷിമഠ് മേഖലയില്‍ ഭൂമി ഇടിഞ്ഞ് താഴുകയും ചെയ്തതിന് പിന്നാലെ ഉത്തര്‍പ്രദേശിലും ആശങ്ക. ഉത്തര്‍പ്രദേശിലെ അലിഗഡിലെ കന്‍വാരിഗഞ്ച് പ്രദേശത്തെ ഏതാനും വീടുകളില്‍ പൊടുന്നനെ വിള്ളലുകള്‍ ഉണ്ടായത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.
കഴിഞ്ഞ കുറേ ദിവസങ്ങളായി ചില വീടുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു. ആശങ്കയില്‍ ആണ് ജീവിക്കുന്നത് എന്നും അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ല എന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരോട് സംഭവം പറഞ്ഞിരുന്നു എന്നാണ് നാട്ടുകാരിലൊരാള്‍ പറയുന്നത്.

തങ്ങള്‍ വീടുകള്‍ തകര്‍ന്നുവീഴുമെന്ന ഭയത്തിലാണ് കഴിയുന്നത് എന്നും നാട്ടുകാരന്‍ കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട് സിറ്റി പദ്ധതി പ്രകാരം സര്‍ക്കാര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത് വഴി വീടുകള്‍ ചോര്‍ന്നൊലിക്കുന്നുവെന്നും ഇതാണ് വിള്ളലുകളുണ്ടാക്കാന്‍ കാരണം എന്നും നാട്ടുകാര്‍ പറയുന്നു.
വിള്ളലുകള്‍ രൂപപ്പെടാന്‍ തുടങ്ങിയിട്ട് നാല് ദിവസമായി. എന്നാല്‍ ഇതുവരെ ഒരു സഹായവും നല്‍കിയിട്ടില്ല എന്ന് പ്രദേശവാസിയായ അഫ്ഷ മഷ്റൂര്‍ പറഞ്ഞു. അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ രാകേഷ് കുമാര്‍ യാദവ് പറഞ്ഞു.
കന്‍വാരിഗഞ്ച് പ്രദേശത്ത് ചില വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. വിഷയം ഇതുവരെ പൂര്‍ണ്ണമായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഞങ്ങളുടെ ടീമിനെ സ്ഥലത്തേക്ക് അയയ്ക്കും. ആവശ്യമായ നടപടികള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വീകരിക്കും എന്നും രാകേഷ് കുമാര്‍ യാദവ് ഉറപ്പ് നല്‍കി.
അതേസമയം ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ജോഷിമഠിനൊപ്പം സമീപത്തെ മറ്റ് പ്രദേശങ്ങളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇവിടെ ആശങ്കയില്‍ തുടരുകയാണ്. ജോഷിമഠിന് 90 കിലോമീറ്റര്‍ അകലെയുള്ള നഗരങ്ങളിലപം വിള്ളല്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അതിനിടെ ഉത്തരാഖണ്ഡില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. എന്‍ ടി പി സിയുടെ തപോവന്‍ പദ്ധതിയുടെ ഭാഗമായി പാറ പൊട്ടിക്കുകയും മറ്റും ചെയ്തതാണ് ജോഷിമഠിലെ പ്രശ്‌നങ്ങള്‍ക്കു ആക്കം കൂട്ടിയത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
അതിനിടെ വര്‍ഷത്തില്‍ 6.5 സെന്റീമീറ്റര്‍ എന്ന കണക്കില്‍ ജോഷിമഠ് അടക്കമുള്ള സ്ഥലങ്ങള്‍ താഴ്ന്നുപോകുന്നുണ്ട് എന്ന പഠന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഡെറാഡൂണ്‍ ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് ആണ് പഠനം നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications