പ്രവചനാതീതനായ നേതാവ്, അമ്മാവനെ വെട്ടിയ രാജതന്ത്രം, അജിത് പവാർ നടത്തിയ അപ്രതീക്ഷിത നീക്കങ്ങൾ
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ അജിത് പവാറിന്റെ മരണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. അജിത് പവാർ സഞ്ചരിച്ച വിമാനം ലാൻഡിങ്ങിനിടെ തകരുകയായിരുന്നു. വരാനിരിക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു പരിപാടികളിൽ പങ്കെടുക്കാൻ പവാർ ബരാമതിയിലേക്ക് പോവുകയായിരുന്നു.
അജിത് പവാറുൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്: രണ്ട് പൈലറ്റുമാരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അപകടത്തിൽ മരണപ്പെട്ടു. പവാറിന്റെ വിയോഗത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും ചർച്ചയാവുകയാണ്.
സഞ്ജയ് ഗാന്ധിയും സൗന്ദര്യയും മുതൽ അജിത് പവാർ വരെ, വിമാനയാത്രയിൽ ജീവൻ പൊലിഞ്ഞവർ
പ്രവചനാതീതനായ നേതാവായിരുന്നു അജിത് പവാർ. അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ നീക്കങ്ങൾ സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അധികാര സമവാക്യങ്ങളെ മാറ്റിമറിക്കുകയും വലിയ രാഷ്ട്രീയ സംവാദങ്ങൾക്കിടയാക്കുകയും ചെയ്ത പവാറിന്റെ ചില നീക്കങ്ങളിതാ..

1. 2019ലെ ബിജെപി സഖ്യം
2019 നവംബറിൽ അജിത് പവാർ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അപ്രതീക്ഷിത നീക്കങ്ങളിലൊന്നായിരുന്നു. ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികൾ സർക്കാരുണ്ടാക്കാൻ ചർച്ചയിലായിരുന്ന സമയത്തായിരുന്നു എൻസിപി വിട്ട് പവാർ ബിജെപിക്കൊപ്പം കൈ കൊടുത്തത്.
തനിക്ക് എൻ.സി.പി. എം.എൽ.എമാരുടെ ഭൂരിഭാഗം പിന്തുണയുണ്ടെന്ന് അജിത് പവാർ അവകാശപ്പെട്ടു, ഇത് സഖ്യ ചർച്ചകൾക്ക് തടസ്സമുണ്ടാക്കി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഈ നീക്കം പാളി. എൻസിപി എംഎൽഎമാർ ശരദ് പവാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ അജിത് പവാറിന് പിന്മാറേണ്ടി വന്നു. ഹ്രസ്വകാലത്തേക്കായിരുന്നുവെങ്കിലും, വലിയ രാഷ്ട്രീയ നീക്കങ്ങൾക്ക് കഴിവുള്ള നേതാവായി അദ്ദേഹത്തെ ഈ സംഭവം അടയാളപ്പെടുത്തി.
2. എൻസിപിയിലേക്കുള്ള അതിവേഗ മടക്കം
നാടകീയമായ പിളർപ്പിന് ദിവസങ്ങൾക്കകം അജിത് പവാർ എൻസിപിയിലേക്ക് മടങ്ങിയെത്തി ശരദ് പവാറിനൊപ്പം ചേർന്നു. നീണ്ട പോരാട്ടം പ്രതീക്ഷിച്ച പലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞു. ഇത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാരിന് വഴിതുറക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. പാർട്ടിയിലുള്ള ശരദ് പവാറിന്റെ ശക്തമായ പിടിമുറുക്കവും, പ്രതികൂല സാഹചര്യങ്ങളിൽ പിന്മാറാനുള്ള അജിത് പവാറിന്റെ സന്നദ്ധതയും ഈ സംഭവം വ്യക്തമാക്കുന്നതായിരുന്നു.
3. പൂനെ തിരഞ്ഞെടുപ്പിലെ തടവുകാരായ സ്ഥാനാർത്ഥികൾ
പൂനെ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗം തടവുകാരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത് വലിയ ചർച്ചയായി. ആയുഷ് കോംകർ കൊലക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സോനാലി ആൻഡേക്കർക്കും ലക്ഷ്മി ആൻഡേക്കർക്കും പാർട്ടി ടിക്കറ്റ് നൽകി.
വാർഡ് നമ്പർ 23-ൽ എൻ.സി.പി. ചിഹ്നത്തിൽ മത്സരിച്ച ഇവർ, കോടതിയുടെ അനുമതിയോടെ ജയിലിൽ നിന്ന് നേരിട്ട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പൂനെയെ കുറ്റകൃത്യരഹിതമാക്കുമെന്ന അജിത് പവാറിന്റെ മുൻ വാഗ്ദാനം കണക്കിലെടുത്ത് ഈ തീരുമാനം സംശയമുയർത്തി. അഞ്ച് കോടിയിലേറെ രൂപയുടെ തട്ടിപ്പ് കേസിലും ഇവർ പ്രതികളായതിനാൽ രാഷ്ട്രീയ ചർച്ചകൾ കൂടുതൽ രൂക്ഷമായി.
നാമനിർദ്ദേശ പ്രക്രിയയിൽ ബന്ദു ആൻഡേക്കർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ റാലികൾ നടത്തുന്നത് കോടതി കർശനമായി വിലക്കി. ഗുണ്ടാത്തലവൻ ഗജ മർനെയുടെ ഭാര്യ ജയശ്രീ മർനെയെ അജിത് പവാർ വിഭാഗം നേരത്തേ സ്ഥാനാർത്ഥിയാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയ തന്ത്രങ്ങളെക്കുറിച്ച് ഈ പുതിയ വിവാദം കൂടുതൽ ചോദ്യങ്ങൾ ഉയർത്തി.
4. 2023-ലെ എൻസിപി പിളർപ്പും ഷിൻഡെ സർക്കാരിലേക്കുള്ള പ്രവേശനവും
2023 ജൂലൈയിൽ അജിത് പവാർ എൻസിപിയെ പിളർത്തി ബി.ജെ.പി-ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേർന്ന് എല്ലാവരെയും വീണ്ടും ഞെട്ടിച്ചു. നിരവധി എൻ.സി.പി. എം.എൽ.എമാർക്കൊപ്പം അദ്ദേഹം മൂന്നാം തവണയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഈ തീരുമാനം പാർട്ടിയിൽ വൻ പിളർപ്പുണ്ടാക്കുകയും നിയമസാധുത, ചിഹ്നങ്ങൾ, നേതൃത്വം എന്നിവയെച്ചൊല്ലി രൂക്ഷമായ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുകയും ചെയ്തു. ഇത് ഭരണകക്ഷിയെ ഗണ്യമായി ശക്തിപ്പെടുത്തി; പ്രതിപക്ഷ ക്യാമ്പിനെ ദുർബലപ്പെടുത്തുകയും ചെയ്തു.
5. ശരദ് പവാറുമായുള്ള അകൽച്ചയും സ്വാതന്ത്ര്യപ്രഖ്യാപനവും
അജിത് പവാറിന്റെ രാഷ്ട്രീയ യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ശരദ് പവാറുമായുള്ള അദ്ദേഹത്തിന്റെ തുറന്ന അകൽച്ചയാണ്. വർഷങ്ങളോളം എൻ.സി.പി.യിലെ സ്വാഭാവിക അവകാശിയായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹം, സമീപകാല തീരുമാനങ്ങളിലൂടെ സ്വതന്ത്ര അധികാര കേന്ദ്രമായി പ്രവർത്തിക്കാനുള്ള താൽപ്പര്യം കാണിക്കുന്നു. അമ്മാവന്റെ പിന്തുണയില്ലാതെ പ്രധാന തീരുമാനങ്ങൾ എടുക്കുകയും സ്വന്തം നിലയിൽ സഖ്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതിലൂടെ, പിൻഗാമിയെന്നതിൽ നിന്ന് സ്വതന്ത്രനായ നേതാവിലേക്കുള്ള വ്യക്തമായ മാറ്റം അജിത് പവാർ പ്രകടമാക്കി.












Click it and Unblock the Notifications