ആശാ വർക്കർമാരും അംഗനവാടി ജീവനക്കാരുമാണ് യഥാര്‍ഥ രാജ്യസ്നേഹികൾ; തന്റെ സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി
ദില്ലി; ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, എഎൻഎം വിഭാഗത്തിൽ പെടുന്നവർ, അംഗനവാടി ജീവനക്കാർ എന്നിവരുടെ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി കോൺഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധി. പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി നിൽക്കുന്ന ഇവരാണ് യഥാർത്ഥ രാജ്യസ്നേഹികൾ. ഇവരുടെ പ്രവർത്തനങ്ങളെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇവർക്കായി രാഹുൽ ഗാന്ധി പങ്കുവെച്ച സന്ദേശത്തിന്റെ പൂർണരൂപം ഇങ്ങനെ- ഭയവും മഹാമാരിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും വൈറസിനേക്കാൾ വലിയ പ്രതിസന്ധിയും ആശങ്കയും സൃഷ്ടിക്കുന്നതിനിടയിലും രോഗം വിതയ്ക്കുന്ന അപകടത്തെ കുറിച്ചും രോഗ വ്യാപനത്തെ കുറിച്ചും ജനങ്ങൾക്ക് അവബോധം നൽകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആത്മ സമർപ്പണത്തോടെയും അങ്ങേയറ്റം ധൈര്യത്തോടെയുമാണ് അവർ സ്വന്തം ജീവിതം പോലും അപകടപ്പെടുത്തി ഈ ജീവൻമരണ പോരാട്ടത്തിൽ പങ്കാളികളാകുന്നത്.
രാജ്യത്തിന് ഏറ്റവും ആവശ്യമായ ഘട്ടത്തിൽ പ്രവർത്തിക്കുകയെന്നതാണ് യഥാർത്ഥ രാജ്യസ്നേഹം. നമ്മുടെ സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ശരിക്കും യഥാർത്ഥ രാജ്യസ്നേഹികൾ. അറിയപ്പെടാത്ത ഹീറോസ്. ഈ പ്രതിസന്ധി ഘട്ടത്തിൽ വെള്ളിവെളിച്ചത്തിൽ നിന്നൊക്കെ അകന്ന് നിന്ന് ഗുരുതരമായ പ്രതിസന്ധിക്കിടയിയിലും നമ്മുടെ സമൂഹത്തെ സുരക്ഷിതരാക്കി നിർത്താൻ അവർ അശ്രാന്തമായി പ്രയത്നിച്ച് കൊണ്ടിരിക്കുകയാണ്.
ഒരു രാജ്യമെന്ന നിലയ്ക്ക് ആശാ വർക്കർമാരോടും അവരുടെ കുടുംബങ്ങളിലെ ഓരോരുത്തരോടും അവർ ചെയ്യുന്ന വ്യക്തിപരമായ ത്യാഗങ്ങൾക്ക് ഞങ്ങൾ വലിയ നന്ദി അറിയിക്കുന്നു. ഈ പ്രതിസന്ധി അവസാനിക്കുമ്പോൾ അവരുടെ മാതൃകാപരമായ സേവനം അംഗീകരിച്ച് കൊണ്ട് അവർ അനുഭവിക്കുന്ന ദുരിത പൂർണമായ ജോലി സാഹചര്യങ്ങളിലും പ്രതിസന്ധികളിലും മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സമാഹിക പ്രവർത്തകർക്കും ഞാൻ ഈ ഘട്ടത്തിൽ സല്യൂട്ട് നൽകുകയാണ്. മഹാമാരി ഘട്ടത്തിൽ അവരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതരായിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications