Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി തമിഴ്‌നാടിന്റെ 'ഊഴം'; അരിക്കൊമ്പനെ തളയ്ക്കാന്‍ കുങ്കിയാനകള്‍; കമ്പത്ത് 144 പ്രഖ്യാപിച്ചു

കമ്പം: തമിഴ്‌നാട്ടിലെ കമ്പം നഗരത്തില്‍ പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ ഇന്ന് ഉച്ചയ്ക്ക് ശേഷം മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഡിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ച് മധുരയില്‍ നിന്നും ഹോസൂരില്‍ നിന്നും രണ്ട് വെറ്റിനറി വിദഗ്ദര്‍ ഇന്ന് കമ്പത്തെത്തും.

അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യത്തിനായി ആനമലയില്‍ നിന്ന് കുങ്കിയാനകള്‍ പുറപ്പെട്ടിട്ടുണ്ട്. മൂന്ന് മണിയോടെ ദൗത്യം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആനയുടെ ആരോഗ്യനില പരിശോധിച്ചതിന് ശേഷം ഹോസൂരില്‍ നിന്നും കൊണ്ടുവരുന്ന പ്രത്യേക വാഹനത്തില്‍ ഉള്‍വനത്തിലേക്ക് കൊണ്ടു പോകാനാണ് തീരുമാനം.

arikomban in cumbum

ആന കമ്പത്തിറങ്ങിയതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വനംമന്ത്രിയും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. തേനി എം എല്‍ എയുമായും ഇരുവരും ചര്‍ച്ച നടത്തുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും ആനയെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണില്‍ ഇറങ്ങി ഭീതി സൃഷ്ടിച്ചത്. വലിയ നാശനഷ്ടങ്ങളാണ് അരിക്കൊമ്പന്‍ വരുത്തിവച്ചത്. ജനങ്ങളെ വിരട്ടിയോടിച്ച ആന ബൈക്കുകളും ഓട്ടോകളും തകര്‍ത്തു. ഓട്ടോയിലുണ്ടായിരുന്ന ബല്‍രാജ് എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡുകളിലൂടെ അരിക്കൊമ്പന്‍ ജനങ്ങളെ ഓടിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ആന ഇറങ്ങിയ പശ്ചാത്തലത്തില്‍ കമ്പത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തോക്കുമായി പൊലീസുകാരും സ്ഥലത്തുണ്ട്. ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കമ്പംമേട്ട് റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൗണില്‍ നിന്നും മൂന്ന് കിലോ മീറ്റര്‍ മാറി ഒരു തോട്ടത്തിലാണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്.

അരിക്കൊമ്പന്റെ പരാക്രമം ജനത്തെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനമെടുത്തത്. ഇതാദ്യമായല്ല തമിഴ്‌നാട്ടില്‍ അരിക്കൊമ്പന്‍ പരാക്രമം കാണിക്കുന്നത്. നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ബസിന് നേരെ അരിക്കൊമ്പന്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മേഘമല ഭാഗത്ത് അരിക്കൊമ്പന്റെ ശല്യം കാരണം വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം 29ന് ആണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കൊണ്ടുവിട്ടത്. ആദ്യ ദിവസം ഇറക്കിവിട്ട സ്ഥലത്ത് തുടര്‍ന്ന ആന പിന്നീട് ഉള്‍വനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ആന 30 കിലോ മീറ്റര്‍ അകലേക്ക് സഞ്ചരിച്ചു. മേയ് അഞ്ചിനാണ് മേഘമലയിലേക്ക് പ്രവേശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+