ആം ആദ്മിയില്‍ ഭിന്നതയെന്ന് കെജ്രിവാള്‍
ദില്ലി: ഭിന്നതയും ഗ്രൂപ്പ് വഴക്കും കോണ്‍ഗ്രസിന്റേയോ ബിജെപിയുടേയോ സിപിഎമ്മിന്റേയോ കുത്തകയല്ല. ഇന്നലെ തുടങ്ങിയ ആം ആദ്മി പാര്‍ട്ടിയിലും ഉണ്ട്. ഇക്കാര്യം തുറന്ന് പറഞ്ഞത് മറ്റ് അസൂയ പാര്‍ട്ടിക്കാര്‍ ഒന്നും അല്ല, ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ തന്നെ.
ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ചാണ് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം. തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ സ്ഥിതിക്ക് ദില്ലിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മറുവിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടിക്കുള്ളിലെ ചേരി തിരിവിനെ പറ്റി കെജ്രിവാള്‍ തുറന്ന് പറഞ്ഞത്. ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ പിന്തുണയുമായി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായ യോജിപ്പില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദില്ലിയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ആണ് ആം ആദ്മി പാര്‍ട്ടിയെ ക്ഷണിക്കുന്നത്. കോണ്‍ഗ്രസ് ആണെങ്കില്‍ എഎപിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടും ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസ്, ബിജെപി പ്രിസഡന്റുമാര്‍ക്ക് 18 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കത്തയക്കുകയാണ് ആം ആദ്മി പാര്‍ട്ടി ചെയ്തത്. കോണ്‍ഗ്രസ് നല്‍കിയ മറുപടിയില്‍ ഒരര്‍ത്ഥവും ഇല്ലെന്നും ബിജെപിക്കാര്‍ ഇതുവരെ മറുപടി പോലും തന്നിട്ടില്ലെന്നും കെജ്രിവാള്‍ പറയുന്നു.
എല്ലാ കാര്യങ്ങളിലും ജനാഭിപ്രായം തേടുക എന്നത് സാധ്യമല്ല. പക്ഷേ ചില നിര്‍ണായ കാര്യങ്ങളില്‍ ജനാഭിപ്രായം തേടിയേ തീരു. അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം ആരായുന്നതെന്നും കെജ്രിവാള്‍ പറയുന്നു.
അണ്ണ ഹസാരെയും കെജ്രിവാളും തമ്മിലുള്ള ബന്ധത്തപ്പറ്റിയും ചോദ്യം ഉയര്‍ന്നു. തങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നതിനെ പലരും ഭയക്കുന്നുണ്ട് എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.












Click it and Unblock the Notifications