ബിബിസി റെയ്ഡ് തുടരുന്നു; നാളെ വരെ നീണ്ടേക്കും, ലാപ്‌ടോപ്പും മൊബൈലുകളും പിടിച്ചെടുത്തു
ആദായനികുതി ഉദ്യോഗസ്ഥര്‍ നിലവില്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ബി ബി സി ഓഫീസുകളിലാണ്, ഞങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നു.

ദില്ലി: ബി ബി സിയുടെ ദില്ലി, മുംബൈ ആസ്ഥാനങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡ് പുരോഗമിക്കുന്നു. രാത്രിയായിട്ടും റെയ്ഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ഓഫീസിലെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ആദായനികുതി വകുപ്പ് ബി ബി സിയില്‍ റെയ്ഡ് നടത്തിയത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
എന്നാല്‍ അന്താരാഷ്ട്ര നികുതി അടക്കമുള്ളവയില്‍ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍വേ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. സര്‍വ്വേ നാളെ വരെ തുടരുമെന്നാണ് വിവരം. രാത്രി മുഴുവന്‍ ഓഫീസുകളില്‍ തിരച്ചില്‍ നടത്തുമെന്നാണ് വിവരം. 2012 മുതലുള്ള അക്കൗണ്ട് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
ആദായനികുതി ഉദ്യോഗസ്ഥര്‍ നിലവില്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ബി ബി സി ഓഫീസുകളിലാണ്, ഞങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നു. ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നെന്ന് ബി ബി സിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രേഖകളും മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. തിരച്ചില്‍ ആരംഭിച്ച് ആറ് മണിക്കൂറിന് ശേഷം, അവരുടെ ലാപ്ടോപ്പുകള്‍ സ്‌കാന്‍ ചെയ്തതിന് ശേഷം മാത്രമാണ് ജീവനക്കാരെ പുറത്തുപോകാന്‍ അനുവദിച്ചത്. ഉദ്യോഗസ്ഥരുമായി ചില ജീവനക്കാര്‍ തര്‍ക്കിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഫീസില്‍ ഇല്ലാത്തവരോട് മാറി നില്‍ക്കാന്‍ ബി ബി സി സ്റ്റാഫിനുള്ള മെമ്മോയില്‍ ആവശ്യപ്പെട്ടു. റെയ്ഡിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കരുതെന്ന് ജീവനക്കാരോട് ബി ബി സി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications