കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്; തിരഞ്ഞെടുപ്പിന് മുൻപ് അസമിൽ 47 പ്രമുഖർ കോൺഗ്രസിൽ ചേർന്നു
ഗുവാഹട്ടി; വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അസമിൽ അധികാരം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.പൗരത്വ നിയമ ഭേദഗതിക്കെതിരായി സംസ്ഥാനത്ത് ഉയർന്ന് വന്ന ബിജെപി വിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ പാർട്ടികളുടെ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. അതിനിടെ പാർട്ടിക്ക് പ്രതീക്ഷ നൽകി നിരവധി പേരാണ് കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. വിശാംശങ്ങളിലേക്ക്

അസം തിരഞ്ഞെടുപ്പിലേക്ക്
2016 ലാണ് തരുൺ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി അധികാരത്തിൽ ഏറിയത്. 126 അംഗ നിയമഭയിൽ 60 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. 14 സീറ്റുകൾ നേടിയ എജിപിയുടേയും 12 സീറ്റുകൾ നേടിയ ബിപിഎഫിന്റേയും പിന്തുണയോടെയായിരുന്നു ബിജെപി അധികാരം പിടിച്ചത്.

കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്
122 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു അന്ന് നേരിടേണ്ടി വന്നത്. വെറും 26 സീറ്റിൽ മാത്രമായിരുന്നു പാർട്ടിക്ക് ജയിക്കാനായത്. അതേസമയം 2016 ൽ നിന്ന് വ്യത്യസ്തമായി ഇക്കുറി സംസ്ഥാനത്ത് തങ്ങൾക്ക് അനുകൂലമാണ് സാഹചര്യം എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

മഹാസഖ്യത്തിന് കോൺഗ്രസ്
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ബിജെപി വിരുദ്ധ വികാരം അലയടിക്കാൻ കാരണമായിട്ടുണ്ട്. നിയമത്തിനെതിരായ പ്രതിഷേധത്തിൽ അണിനിരന്ന സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും സഖ്യം രൂപീകരിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കൂടാതെ ബദ്റൂദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായി സഖ്യത്തിലെത്താനും പാര്‍ട്ടി തിരുമാനിച്ചിട്ടുണ്ട്.

നിരവധി കലാകാരൻമാർ
അതിനിടെ കോൺഗ്രസിന് പ്രതീക്ഷ നൽകി നിരവധി കലാകരൻമാരാണ് പാർട്ടിയിൽ ചേർന്നിരിക്കുന്നത്. പ്രമുഖ അസമീസ് ഗായകരായ ബാബു ബറുവ, അജോയ് ഫുകാൻ എന്നിവർ ഉൾപ്പെടെ 42 പേരാണ് കോൺഗ്രസിൽ പാർട്ടിയിൽ അംഗത്വമെടുത്തതത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രിപുൺ ബോറയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിലായിരുന്നു നേതാക്കളുടെ പാർട്ടി പ്രവേശം.

ബിജെപിയിലേക്കും
പൗരത്വ പ്രതിഷേധത്തിനെതിരായ ഗാനം പരിപാടിക്കിടയിൽ പുറത്തിറക്കി കൊണ്ടായിരുന്നു ബിജെപിക്കെതിരായ പോരാട്ടം നേതാക്കൾ പ്രഖ്യാപിച്ചത്. അതേസമയം നിരവധി പ്രമുഖർ ബിജെപിയിലും ചേർന്നു. പ്രമുഖ ഓടക്കുഴൽ വിദഗ്ദൻ ദീപക് ശർമ്മ, പ്രമുഖ ഗായകൻ സിമാന്ത ശേഖർ, നടി പ്രജന ദത്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

ഭരണ തുടർച്ച നേടാമെന്ന്
നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ വരെ നേടി ഭരണതുടർച്ച നേടാമെന്നാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. കോൺഗ്രസിന്റെ ബദ്റൂദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായി സഖ്യത്തിലെത്താനുള്ള കോൺഗ്രസ് തിരുമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്. ഹിന്ദുവോട്ടുകൾ കോൺഗ്രസിന് നഷ്ടമാകാൻ സഖ്യം കാരണമാകുമെന്ന് നേതാക്കൾ കണക്ക് കൂട്ടുന്നുണ്ട്.
കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു, ഇപ്പോഴാണോ പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ അമരീന്ദർ സിംഗ്
'തീപിടിത്തത്തിന് കാരണം വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത്';പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു