ബംഗളൂരുവില്‍ ബംഗ്ലാദേശികള്‍ക്ക് നാടുകടത്തല്‍ ഭീഷണി: ആദ്യ ഘട്ടത്തില്‍ തിരിച്ചയച്ചത് 60 പേരെ
ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പൗരത്വ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവില്‍ കുടിയൊഴിപ്പിക്കല്‍ തുടങ്ങി. ബെംഗളൂരു നഗരത്തില്‍ നിന്നും അറുപതോളം ബംഗ്ലാദേശികളെയാണ് ആദ്യ ഘട്ടത്തില്‍ കുടിയൊഴിപ്പിച്ചത്. നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊഴിലന്വേഷിച്ച് കുടുംബത്തോടെ ബെംഗളൂരുവില്‍ എത്തിയവരാണ് ഇവര്‍. ഫ്ലാറ്റുകളില്‍ വീട്ടുവേലയും ബിബിഎംപിയുടെ മാലിന്യ ശേഖരണവുമായിരുന്നു ഇവരുടെ പ്രധാന വരുമാന മാര്‍ഗം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനം കൂപ്പുകുത്തുന്നു; പ്രവര്‍ത്തന അനുപാതം 98.44%, ദയനീയ സ്ഥിതി!
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ അനധികൃതമായി കഴിഞ്ഞിരുന്ന ഇവരെ നോര്‍ത്ത് ബംഗളൂരുവില്‍ നിന്നും പൊലീസ് പിടികൂടുന്നത്. 22 സ്ത്രീകളും 9 കുട്ടികളും പിടികൂടിയ 60 പേരില്‍ ഉള്‍പ്പെടുന്നു. നാടുകടത്തുന്നത് വരെ അവരെ സര്‍ക്കാരിന്റെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചു. ബാക്കിയുള്ള 29 പേരെ പൊലീസ് സ്റ്റേഷനിലെ മുറിയിലും പാര്‍പ്പിച്ചു. ശേഷം ഇവരെ പൊലീസ് ഇടപെട്ട് പശ്ചിമബംഗാളിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
ഇന്ത്യയുമായി നാലായിരത്തിലധികം കിലോമീറ്റര്‍ അതിര്‍ത്തിയാണ് ബംഗ്ലാദേശ് പങ്കിടുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗം പ്രദേശവും പശ്ചിമബംഗാള്‍ അതിര്‍ത്തിയാണ്. തിരിച്ചയച്ചവര്‍ ബംഗ്ലാദേശിലെ കുലാന ജില്ലയിലെ വിവിധ ഗ്രാമത്തില്‍ നിന്നുമുള്ളവരാണെന്ന് പൊലീസ് പറയുന്നു. റോഡ് മാര്‍ഗം ഇവര്‍ക്ക് 5 മണിക്കൂര്‍ കൊണ്ട് കൊല്‍ക്കത്തയിലെത്താം. ബംഗ്ലാദേശിലെ അതിര്‍ത്തിയായ ബെനാപോളില്‍ നിന്നും പശ്ചിമബംഗാളിലെ അതിര്‍ത്തി ഗ്രാമമായ ബസിറാത്ത് വഴിയാണ് ഇവര്‍ യാത്ര ചെയ്തത്. ഇവിടെ വരുന്നതിന് മുമ്പ് ആര്‍ക്കും തമ്മില്‍ പരിചയമില്ലായിരുന്നുവെന്നും രഹസ്യമായാണ് പലരും ഇവിടെയെത്തിയതെന്നും ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് സലൂദ്ദീന്‍ പറയുന്നു. രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമായാണ് ഇവിടെയെത്തിയത്. ചിലര്‍ 5 വര്‍ഷം മുന്‍പ് വന്നു, ചിലര്‍ ഒരു വര്‍ഷം മുന്‍പ് വന്നു, മറ്റുചിലര്‍ ആറ് മാസം മുന്‍പ് വന്നു. ഇവരെയെല്ലാം തന്നെ ഇപ്പോള്‍ തിരിച്ച് അയക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5 വര്‍ഷം മുന്‍പാണ് മുഹമ്മദ് സയ്യിദ് ഉല്‍ ഭാര്യ അന്‍സാലയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം മെച്ചപ്പെട്ട ജീവിതത്തിനായി തൊഴില്‍ തേടി ബംഗളൂരുവിലെത്തുന്നത്. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി അതിര്‍ത്തി കടന്നാണ് അദ്ദേഹവും കുടുംബവും പശ്ചിമബംഗാളില്‍ പ്രവേശിക്കുന്നത്. അവിടെ നിന്നും കര്‍ണാടകയിലെത്തുകയും ബംഗളൂരുവിലെ സമീപ പ്രദേശമായ രാമമൂര്‍ത്തി നഗറില്‍ താമസമാക്കുകയും ചെയ്തു. മുഹമ്മദിന്റെ ഭാര്യ അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വീട്ടുജോലി ചെയ്യുകയും മുഹമ്മദ് ബിബിഎംപിയുടെ മാലിന്യ ശേഖരണ യൂണിറ്റില്‍ കരാറുകാരനായി ജോലി ചെയ്യുകയും ചെയ്തു. പ്രതിമാസം 4,000 രൂപയായിരുന്നു ഇവരുടെ വരുമാനം. അതായത് മാലിന്യ ശേഖരണത്തിനായി കരാറുകാരന്‍ നല്‍കുന്ന തുക. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് വില്‍ക്കുന്നതിലൂടെ 4,000 രൂപ കൂടി ലഭിക്കും. വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെ ഒരു സംഘം പ്രതിമാസം 15,000 രൂപ വാടകയായി നല്‍കേണ്ട കുടിലുകളിലായിരുന്നു ഇവരുടെ താമസം.
അതേസമയം ഇവരെല്ലാം തന്നെ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് ബംഗളൂരു പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറയുന്നു. പിടികൂടിയവരെ ചോദ്യം ചെയ്തപ്പോള്‍ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് ഏജന്റുകളാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തിയ ഇവര്‍ക്ക് ആരെങ്കിലും താമസവും ജോലിയും നല്‍കുന്നു. കരാറുകാരുടെ ശൃംഖലയിലൂടെയാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും, പല പ്രദേശങ്ങളിലും പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. കാരണം ദേശവിരുദ്ധ താല്‍പര്യക്കാര്‍ ഇവരിലുമുണ്ടാകാം. അതിനാല്‍ വീട്ടുജോലിക്കായും മറ്റു പുറംജോലികള്‍ക്കായും എത്തുന്നവരുടെ മുന്‍ഗാമികളെ കുറിച്ചും പരിശോധിക്കാന്‍ ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇക്കാര്യം ഇമിഗ്രേഷന്‍ ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് അഭയം നല്‍കാന്‍ സാധിക്കും. എന്നിരുന്നാലും അനധികൃത താമസക്കാരെ തിരിച്ചയക്കാനാണ് ശ്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.