Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴകത്ത് പുതുതന്ത്രവുമായി ബിജെപി; അണ്ണാ ഡിഎംകെക്ക് മറ്റുവഴിയില്ല, വിജയ് പെരുവഴിയിലാകും

ചെന്നൈ: ബിജെപിക്ക് ഇതുവരെ വേരുറയ്ക്കാത്ത മണ്ണാണ്ണ് തമിഴ്‌നാട്ടിലേത്. പതിനെട്ടടവും പയറ്റിയിട്ടും നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത സംസ്ഥാനം. നരേന്ദ്ര മോദിയും അമിത് ഷായും ആശിര്‍വദിച്ചു വിട്ട കെ അണ്ണാമലൈയുടെ തന്ത്രങ്ങള്‍ പാതിവഴിയില്‍ പൊളിഞ്ഞിരിക്കെയാണ് കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ട് പഴയ സഖ്യത്തെ പൊടിതട്ടി എടുക്കാന്‍ ശ്രമിക്കുന്നത്.

അണ്ണാഡിഎംകെ അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി ഡല്‍ഹിയിലെത്തി അമിത് ഷായുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയതാണ് ദക്ഷിണേന്ത്യയിലെ പ്രധാന ചര്‍ച്ച. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ കാലേകൂട്ടി തന്ത്രം മെനയുകയാണ് എല്ലാവരും. എല്ലാ വാതിലും അടഞ്ഞതോടെയാണ് ബിജെപിയുമായി ചര്‍ച്ചയാകാം എന്ന നിലപാടിലേക്ക് പളനിസ്വാമി എത്തിയത്.

bjp-aiadmk-alliance-tvk-dmk-tamilnadu-politics-

അണ്ണാമലൈ ബിജെപി സംസ്ഥാന അധ്യക്ഷനായതോടെയാണ് അണ്ണാഡിഎംകെയുമായുള്ള സഖ്യം പിരിഞ്ഞത്. ജയലളിതയുടെ വിയോഗ ശേഷം പലതട്ടിലായ അണ്ണാഡിഎംകെ ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. എടപ്പാടി പളനിസ്വാമിയും ഒ പനീല്‍ശെല്‍വവും ശശികലയും ടിടിവി ദിനകരനുമെല്ലാം സ്വന്തംവഴിക്ക് നീങ്ങുകയാണിപ്പോള്‍.

അണ്ണാഡിഎംകെയുടെ ഔദ്യോഗിക നേതാവ് പളനിസ്വാമിയാണ്. വിമത നേതാക്കളെല്ലാം കൈകൊടുത്ത് ഒന്നാകാനുള്ള സാധ്യത അണിയറയില്‍ തെളിയുന്നുണ്ട്. അവര്‍ക്ക് ബിജെപിയുമായി അയിത്തവുമില്ല. അധികാരം പിടിക്കണമെന്ന ഒറ്റലക്ഷ്യത്തിലാണ് അനൈക്യത്തിനിടയിലും അവര്‍ ഐക്യം കണ്ടെത്തുന്നത്. എന്നാല്‍ എടപ്പാടി തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ വിമതനീക്കങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതും എടപ്പാടി ഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടതും. അണ്ണാമലൈയെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വായടപ്പിക്കണം, പാര്‍ട്ടിയിലെ വിമതരുമായി ബിജെപി ഐക്യനീക്കം നടത്തരുത്, ബിജെപിക്കും അണ്ണാഡിഎംകെക്കുമിടയില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് സംയുക്ത സമിതി വേണം, ബിജെപി കേന്ദ്ര നേതൃത്വവുമായി മാത്രമേ ചര്‍ച്ചകളുള്ളൂ... തുടങ്ങിയ നിബന്ധനകളാണ് പളനിസ്വാമി അമിത് ഷായുടെ മുന്നില്‍ വച്ചതത്രെ.

വെട്ടിലാകുക വിജയ്

ബിജെപി വിരുദ്ധതയ്ക്ക് ശക്തമായ വേരോട്ടമുള്ള നാടാണ് തമിഴ്‌നാട്. അതുകൊണ്ടുതന്നെ മണ്ണറിഞ്ഞു വിത്തെറിയുകയാണ് ഡിഎംകെയും എംകെ സ്റ്റാലിനും. മണ്ഡല പുനര്‍വിഭജനം, ത്രിഭാഷ വിവാദം എന്നിവ കത്തിച്ച് അനുകൂല സാഹചര്യം നിലനിര്‍ത്തുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് സ്റ്റാലിന്‍. ഈ വേളയിലാണ് പഴയ സഖ്യത്തെ അണ്ണാഡിഎംകെ വീണ്ടും പുല്‍കുന്നത്.

ഇടതുപാര്‍ട്ടികള്‍, വിസികെ എന്നിവരുമായി സഖ്യത്തിന് അണ്ണാഡിഎംകെ ഇതിനിടയ്ക്ക് ശ്രമിച്ചിരുന്നു. ഈ രണ്ട് വിഭാഗവും ഡിഎംകെ സഖ്യത്തിലുള്ളവരാണ്. മുന്നണി വന്‍ ശക്തിയായി നില്‍ക്കുമ്പോള്‍ വിഘടിച്ചുപോരാന്‍ ഇരുകൂട്ടരും തയ്യാറായില്ല. നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴക (ടിവികെ) വുമായുള്ള സഖ്യത്തിനും അണ്ണാഡിഎംകെ ശ്രമിച്ചു. എന്നാല്‍ സ്വന്തം വഴി എന്ന നിലയ്ക്കാണ് ടിവികെ മുന്നോട്ട് പോകുന്നത്.

തുല്യ പ്രാധാന്യത്തോടെയുള്ള ചര്‍ച്ചകള്‍ ആകാമെന്ന് ടിവികെ വ്യക്തമാക്കിയെങ്കിലും അതിനോട് പളനിസ്വാമിക്ക് താല്‍പ്പര്യമില്ല. പളനിസ്വാമിയും അമിത് ഷായും നടത്തിയ ചര്‍ച്ചയിലൂടെ തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ-ബിജെപി സഖ്യം വന്നു എന്ന് പറയാനായിട്ടില്ല. ഇനിയും തുടര്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അണ്ണാമലൈക്ക് കേന്ദ്രത്തില്‍ എന്തെങ്കിലും പദവി നല്‍കി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യവും അണ്ണാഡിഎംകെ മുന്നോട്ട് വച്ചു എന്നാണ് വിവരം.

എന്നാല്‍ അണ്ണാമലൈയെ മാറ്റുന്നത് തമിഴ്‌നാട്ടിലെ ബിജെപി പ്രവര്‍ത്തകരെ നിര്‍ജീവമാക്കുമെന്ന തോന്നലാണ് കേന്ദ്ര നേതൃത്വത്തിന്. ഈ വിഷയത്തില്‍ പരിഹാരം കാണുക എന്നതാകും അമിത് ഷാക്ക് മുന്നിലെ വെല്ലുവിളി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ബിജെപിക്ക് സംസ്ഥാനത്ത് വോട്ട് കൂടിയിട്ടുണ്ട്. ഇതാണ് അണ്ണാമലൈയുടെ പ്ലസ് പോയന്റ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിക്കാമെന്ന ആത്മവിശ്വാസവും അണ്ണാമലൈക്കുണ്ട്.

അണ്ണാഡിഎംകെ-ബിജെപി സഖ്യം തമിഴ്‌നാട്ടില്‍ നിലവില്‍ വന്നാല്‍ രാഷ്ട്രീയം മാറിമറിയും. ബിജെപി സഖ്യം, ബിജെപി വിരുദ്ധ സഖ്യം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ തിരിയും. ബിജെപി വിരുദ്ധ സഖ്യത്തിന്റെ മുഖമായി എംകെ സ്റ്റാലിന്‍ നിലയുറപ്പിച്ചു കഴിഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ ഒട്ടും ചിതറാതെ സ്റ്റാലിന്‍ കൊണ്ടുപോകും. ഇതോടെ വെട്ടിലാകുന്നത് നടന്‍ വിജയ് ആണ്. പ്രധാന കക്ഷികളുടെ പോരിനിടയില്‍ സാന്നിധ്യം അറിയിക്കാന്‍ വിജയ്ക്ക് സാധിച്ചില്ലെങ്കില്‍ ടിവികെ തകര്‍ച്ചയുടെ വക്കിലെത്തും. ശരത് കുമാര്‍, വിജയകാന്ത്, കമല്‍ഹാസന്‍ എന്നിവരുടെ ഗണത്തിലേക്ക് വിജയിയെയും തമിഴ് രാഷ്ട്രീയം കൂട്ടിച്ചേര്‍ക്കും.

Take a Poll

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+