അധിക്ഷേപ പോസ്റ്റ്: ബിജെപി കർണാടക മീഡിയ സെൽ കൺവീനർ പ്രശാന്ത് മാക്കനൂർ അറസ്റ്റിൽ
ബെംഗളൂരു: കർണാടക ബി ജെ പി സ്റ്റേറ്റ് സോഷ്യൽ മീഡിയ കൺവീനർ പ്രശാന്ത് മാക്കനൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയും വിദ്വേഷം വളർത്തുന്ന രീതിയില്‍ പ്രവർത്തിച്ചെന്നും കാട്ടി ബെംഗളൂരു പൊലീസാണ് പ്രശാന്ത് മാക്കനൂറിനെതിരെ നടപടി എടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രശാന്ത് പങ്കുവെച്ച പോസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിന് ഇടയിലാണ് അറസ്റ്റുണ്ടാകുന്നത്. മുൻകൂർ ജാമ്യം നേടിയതിനാൽ അദ്ദേഹത്തെ വിട്ടയച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എസ് സി, എസ് ടി, മുസ്‌ലിം വിഭാഗങ്ങളെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ ബി ജെ പി ദേശീയാധ്യക്ഷൻ ജെ പി നദ്ദയ്ക്കും കര്‍ണാടക ബി ജെ പി അധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐ ടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരേയും ബെംഗളൂരു പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് പേരോടും ചോദ്യം ചെയ്യലിന് ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. സമാന കേസിലാണ് പ്രശാന്തിനെതിരേയും ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബി ജെ പി ദേശീയ നേതാവിന് അടക്കം നോട്ടീസ് നൽകിയത്. അന്വേഷണത്തിന് ഹാജരാകാൻ അവർക്ക് ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. "പ്രസ്തുത കേസിൻ്റെ അന്വേഷണ ആവശ്യത്തിനായി, ഈ നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ രാവിലെ 11 മണിക്ക്, താഴെ ഒപ്പിട്ട അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു," നേതാക്കള്‍ക്ക് അയച്ച സമൻസിൽ പറയുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ പി സി സി) തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും ഞായറാഴ്ച നൽകിയ പരാതിയെ തുടർന്നായിരുന്നു പോലീസ് നടപടി. ബി ജെ പിയുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിനുമേലാണ് പരാതി. രാഹുൽഗാന്ധിയേയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും വികൃതമായ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ എസ് സി, എസ് ടി, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ 'വലിയ മുട്ടകളായാണ്' ചിത്രീകരിച്ചത്. ഇതിനെ രാഹുലും സിദ്ധരാമയ്യയും പരിപാലിക്കുന്നതുമാണ് വീഡിയോയിലുള്ളത്.












Click it and Unblock the Notifications