വാഹന നിയന്ത്രണം; പിടിയിലായ ബിജെപി എംപിക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ല
ദില്ലി: ദില്ലി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണത്തിനെതിരെ പ്രതിഷേധിക്കാനായി വാഹനവുമായി റോഡിലിറങ്ങിയ ബിജെപി എംപിക്ക് ഡ്രൈവിങ് ലൈസന്‍സും ഇന്‍ഷൂറന്‍സ് പേപ്പറുകളും ഇല്ലാത്തതിനാല്‍ പിഴയിട്ടു. ബിജെപി രാജ്യസഭാ എംപി വിജയ് ഗോയലിനെതിരെയാണ് നടപടിയുണ്ടായത്. വാഹനവുമായി റോഡിലിറങ്ങി പ്രതിഷേധിക്കുമെന്ന് എംപി നേരത്തെ അറിയിച്ചിരുന്നു.
നിയന്ത്രണം തെറ്റിച്ച് വാഹനവുമായി റോഡിലിറങ്ങിയ എംപിയെ പാര്‍ലിമെന്റിലേക്കുള്ള യാത്രയില്‍ ട്രാഫിക് പോലീസ് പിടികൂടി. നിയന്ത്രണം തെറ്റിക്കുന്നവര്‍ക്കുള്ള 2,000 രൂപ പിഴയടപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ലൈസന്‍സും പേപ്പറുകളും ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയാത്തതോടെ മറ്റൊരു 1,500 രൂപകൂടി ഇദ്ദേഹത്തിന് പിഴയിട്ടു.

ഡ്രൈവിങ് ലൈസന്‍സും പേപ്പറുകളും ഡ്രൈവറുടെ കൈയ്യിലാണുള്ളതെന്ന് എംപി പിന്നീട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി തുറന്നുകാണിക്കാനാണ് വാഹനവുമായി നിയന്ത്രണം തെറ്റിച്ചത്. വാഹന നിയന്ത്രണത്തിന്റെ പരസ്യം നല്‍കുന്നതിനായി കോടിക്കണക്കിന് രൂപയാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ചെലവഴിച്ചതെന്നും വിജയ് ഗോയല്‍ പറഞ്ഞു.
വിജയ് ഗോയല്‍ നിയമം തെറ്റിക്കരുതെന്നുകാട്ടി ദില്ലി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗോപാല്‍ റായി അദ്ദേഹത്തെ വീട്ടില്‍ ചെന്നു കണ്ടിരുന്നു. എന്നാല്‍, അദ്ദേഹം തീരുമാനത്തില്‍ നിന്നും പിന്‍മാറിയില്ല. ദില്ലിയിലെ അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഒറ്റ-ഇരട്ട നമ്പര്‍ ദില്ലി സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്.












Click it and Unblock the Notifications