മിഷൻ 400 പ്രഖ്യാപിച്ച് ബിജെപി, 160 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ, തയ്യാറെടുത്ത് നേതൃത്വം
ദില്ലി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുകയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ഇന്നലെ ദില്ലിയിൽ തുടക്കം കുറിച്ചത്. 35 കേന്ദ്ര മന്ത്രിമാര്‍, 15 മുഖ്യമന്ത്രിമാര്‍ ഉപമുഖ്യമന്ത്രിമാർ അടക്കമുള്ള ഉന്നത നേതാക്കളാണ് ദേശീയ വിർവ്വാഹക സമിതി യോഗത്തിൽ പങ്കെടുത്തത്. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 9 സംസ്ഥാനങ്ങളിലും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും നടപ്പാക്കാനൊരുങ്ങുന്ന പ്രവർത്തനങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. ഇക്കുറി 400 ലോക്സഭ സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.

ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന എന്നീ 9 സംസ്ഥാനങ്ങളിൽ ഈ വർഷം ആണ് നിയമസഭ തിരഞ്ഞെടുപ്പ്. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും സർക്കാർ അടുത്ത വർഷം നടത്താനാണ് ആലോചന.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് ഈ തിരഞ്ഞെടുപ്പുകളെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ വിജയം ബി ജെ പിയെ സംബന്ധിച്ച് ഏറെ അനിവാര്യമാണെന്നാണ് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ യോഗത്തിൽ വ്യക്തമാക്കിയത്. ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും യോഗം നിർദ്ദേശിച്ചു.

രാജ്യത്ത് ഉടനീളം 100 ലോക്സഭ മണ്ഡലങ്ങളിലായി ദുർബ്ബലമായ 72,000 ബൂത്തുകൾ ഉണ്ടെന്നാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധയാണ് പാർട്ടി പതിപ്പിക്കുന്നത്. ഇതനോടകം തന്നെ 1.30 ലക്ഷം ബൂത്തുകളിൽ പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചു. അതേസമയം ഒ ബി സി , എസ് സി, എസ് ടി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സർക്കാരിലും പാർട്ടിയിലും കൂടുതൽ അവസരങ്ങൾ നൽകണമെന്ന് യോഗത്തിൽ നദ്ദ നിർദ്ദേശം നൽകി. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് നദ്ദ ഊന്നി പറഞ്ഞു.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രത്യേക ശ്രദ്ധനൽകേണ്ട മണ്ഡലങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. 160 മണ്ഡലങ്ങളാണ് ബി ജെ പി ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ ഇത്തരത്തിൽ 144 മണ്ഡലങ്ങളായിരുന്നു ബി ജെ പി കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് ബിഹാർ, മഹരാഷാട്ര എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റത്തെ തുടർന്നായിരുന്നു ഈ കണക്കുകളിൽ പാർട്ടി മാറ്റം വരുത്തിയത്. 2024- ന് മുൻപായി ഇനിയും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിഞ്ഞാൽ പലയിടത്തും ഇനിയും നേതൃത്വം മാറ്റം വരുത്തിയേക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 380 ഓളം സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.

അതിനിടെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും മോദി തന്നെ ബി ജെ പിയെ നയിക്കുമെന്ന വ്യക്തമായ സൂചനയായിട്ടാണ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് മുൻപുള്ള മോദിയുടെ റോഡ് ഷോയെ വിലയിപുത്തപെടുന്നത്. ദില്ലിയിൽ 20 മിനിറ്റ് നീണ്ടുനിന്ന റോഡ് ഷോയില്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ്. ജയ്ശങ്കര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ മോദിയെ അഭിവാദ്യം ചെയ്യാൻ ഒരുക്കിയിരുന്നു.












Click it and Unblock the Notifications