ലോക്സഭ തിരഞ്ഞെടുപ്പ്; പണിയെടുക്കാത്ത നേതാവ് തെറിക്കും, പ്രചരണം കൊഴുപ്പിക്കാനും ബിജെപി തീരുമാനം
തിരുവനന്തപുരം; ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയാണ് കേരളത്തിൽ ഇത്തവണ ബി ജെ പിക്കുള്ളത്. തിരുവനന്തപുരം അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയാണ് പ്രവർത്തനം.
കേരളത്തിൽ വിജയിക്കാനുള്ള സാധ്യതകളും സാഹചര്യങ്ങളും ഉണ്ടായിട്ടും അത് മുതലെടുക്കാൻ സാധിക്കാത്തതിന് പിന്നിൽ സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആക്ഷേപം ദേശീയ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ ഉൾപാർട്ടി പോരുകളും വീഴ്ചകളും എല്ലാം മാറ്റി നിർത്തിയും പരിഹരിച്ചും ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന ഘടകം. കഴിഞ്ഞ ദിവസം ചേർന്ന ബി ജെ പി സംസ്ഥാന നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം ഉയർന്നത്.

ജനകീയ വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണമാക്കി എൽ ഡി എഫിനേയും യു ഡി എഫിനേയും ഒരുപോലെ നേരിടണമെന്നാണ് ബി ജെ പി നേതൃത്വത്തിൻറെ തിരുമാനം. സർവ്വകലാശാല അഴിമതി, സ്വജനപക്ഷപാതം, ഗവർണർ -സർക്കാർ പോര്, ഗവർണറെ സർവ്വകലാശാല ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനുള്ള ബിൽ എന്നിവയെല്ലാം ചർച്ചയാക്കും. വീടുകൾ കയറി ഇറങ്ങി ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കും. കെ റെയിൽ വിഷയവും ചർച്ചയാക്കും.

മുസ്ലീം ലീഗ് അനുകൂല സി പി എം പ്രസ്താവനകളേയും ആയുധമാക്കാനാണ് ബി ജെ പി നീക്കം. ഭൂരിപക്ഷത്തിന് വെല്ലുവിളിയെന്ന നിലയ്ക്ക് അവതരിപ്പിക്കുകയാണ് ലക്ഷ്യം. മാത്രമല്ല 'നർക്കോട്ടിക് -ലൗ ജിഹാദ്', വിഷയങ്ങളുമായി ചേർത്ത് പ്രചരണം നടത്താനുളള ആലോചനകളും നടക്കുന്നുണ്ട്.

ബൂത്ത് തലത്തിൽ പ്രവർത്തിക്കാത്ത ബി ജെ പി നേതാക്കളെ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കണമെന്ന തീരുമാനവും യോഗത്തിൽ കൈക്കൊണ്ടു. ബൂത്ത് തലത്തിൽ വേണ്ടത്ര പ്രവർത്തനം നടക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. നേതാക്കളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ജില്ലാ നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. യുപിയുടെ ബൂത്ത് തല ചുമതല വഹിച്ചിരുന്ന സഹപ്രഭാരി ഡോ രാധാമോഹൻദാസ് അഗർവാളിനാണ് ബൂത്ത് തലത്തിൽ സംഘടനയെ ശക്തിപ്പെടുത്തേണ്ട ചുമതല.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തെ ബൂത്ത് കമ്മിറ്റികൾ 18,000ത്തില്‍ നിന്ന് 22,000 ആയി വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. പഞ്ചായത്ത് സമിതി അധ്യക്ഷന്‍ മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെയുള്ള 15,000 നേതാക്കള്‍ ഹോം ബൂത്തുകള്‍ രൂപീകരിച്ച് പ്രവർത്തിക്കുമെന്നായിരുന്നു റിപ്പോർ്ടുകൾ. സർവ്വ സന്നാഹങ്ങളുമായി കേരളത്തിൽ പ്രചരണം ശക്തിപ്പെടുത്താനാണ് ബി ജെ പി ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതിയുടെ ഉപഭോക്താക്കളെ നേരിട്ട് കണ്ടും പദ്ധതി വിശദീകരിച്ചും പ്രചരണം ശക്തിപ്പെടുത്തും. മാത്രമല്ല മോദിയുടെ പ്രതിച്ഛായയും പ്രചാരണ വിഷയമാക്കും. നേരത്തേ മോദിയുടെ ജനപ്രീതി അളക്കാനുളള സർവ്വേ ബി ജെ പി സംസ്ഥാനത്ത് നടത്തിയിരുന്നു.ഇതിൽ 35 ശതമാനത്തോളം പേർ മോദിയെ പിന്തുണച്ചിരുന്നു.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന ബി ജെ പിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ദേശീയ നേതൃത്വം നടത്തുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ബി ജെ പി കോർ കമ്മിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതോട് കൂടി പല മാറ്റങ്ങൾക്കും കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications