യുപി തൂത്തുവാരുമെന്ന് ബിജെപി; മോദി തരംഗം!! നാലിടത്തും ഭരണം ഉറപ്പിച്ചു... ഒരിടത്ത് നേട്ടം കൊയ്യും
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആത്മവിശ്വാസത്തില്‍ ബിജെപി. തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അമിത് ഷായും ജെപി നദ്ദയും പറഞ്ഞു. നരേന്ദ്ര മോദിയുടെ തരംഗം അഞ്ച് സംസ്ഥാനങ്ങളിലും പ്രകടമാകുമെന്നും അവര്‍ വ്യക്തമാക്കി.
ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടിങ് നടന്നത്. യുപിയില്‍ അവസാന ഘട്ട പോളിങ് തിങ്കളാഴ്ചയാണ്. മാര്‍ച്ച് പത്തിനാണ് ഫലം പ്രഖ്യാപിക്കുക. നിലവില്‍ നാല് സംസ്ഥാനങ്ങളിലും ഭരണം ബിജെപിക്കാണ്. ഇവിടെ തുടര്‍ഭരണം കിട്ടുമെന്നാണ് നേതാക്കള്‍ പറയുന്നത്....

ഉത്തര്‍ പ്രദേശ് തൂത്തുവാരുമെന്ന് അമിത് ഷായും ജെപി നദ്ദയും പറയുന്നു. പഞ്ചാബില്‍ അധികാരം പിടിക്കാന്‍ സാധിക്കില്ല. എങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പറ്റും. നരേന്ദ്ര മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിക്കുമില്ലാത്ത ജനകീയത നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ ബിജെപിയെ കൈവിടില്ലെന്നും അമിത് ഷാ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ശാസ്ത്രീയമായിട്ടാണ് ബിജെപി പ്രചാരണം ചിട്ടപ്പെടുത്തിയതെന്ന് അമിത് ഷാ പറഞ്ഞു. പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥിന്റേത്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമെല്ലാം സാധാരണ കടലാസില്‍ ഒതുങ്ങുകയാണ് പതിവ്. ഇതിന് ആദ്യമായി മാറ്റം വന്നു. 92 ശതമാനം വാഗ്ദാനങ്ങളും പാലിച്ചു. അതുകൊണ്ടാണ് മോദിക്ക് വാരണാസിയില്‍ അതുല്യമായ സ്വീകരണം ലഭിച്ചതെന്നും അമിത് ഷാ പറഞ്ഞു.

മണിപ്പൂരില്‍ ബിജെപിക്ക് സ്വന്തമായി സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന് അമിത് ഷായും ജെപി നദ്ദയും പറഞ്ഞു. 2017ല്‍ ബിജെപി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിച്ചിരുന്നു. രണ്ട് പ്രാദേശിക പാര്‍ട്ടികളുമായിട്ടാണ് അന്ന് സഖ്യമുണ്ടാക്കിയത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരുമായിട്ടായിരുന്നു സഖ്യം.

കുടുംബ വാഴ്ച ബിജെപിയില്‍ ഇല്ല. പ്രീണന നയങ്ങളുമില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതില്‍ മാത്രമാണ് ബിജെപി വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തടസമായിരുന്നെങ്കിലും പരമാവധി ജനങ്ങളിലേക്ക് പ്രചാരണം എത്തിക്കാന്‍ സാധിച്ചുവെന്ന് ജെപി നദ്ദ പറഞ്ഞു.

ഗോവ പഴയ ഗോവയല്ല. പൂര്‍ണമായും മാറി. ഇതിന് കാരണം ബിജെപിയുടെ ഭരണമാണ്. ഏത് കാലാവസ്ഥയിലും നശിക്കാത്ത റോഡ് സര്‍ക്കാര്‍ നിര്‍മിച്ചു. ഗോവയിലെ ജനങ്ങള്‍ ബിജെപിയെ കൈവിടില്ലെന്നും നദ്ദ പറഞ്ഞു. വിഘടനവാദം ശക്തമായുള്ള സംസ്ഥാനമാണ് മണിപ്പൂര്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മണിപ്പൂരില്‍ വലിയ സംഭവങ്ങളുണ്ടായില്ലെന്നും ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു.
'ചിപ്പി വില്‍ക്കുന്നവള്‍'... ഹോട്ട് ചിത്രങ്ങളുമായി ജാന്‍വി കപൂര്‍; നടിയുടെ സൂപ്പര്‍ ലുക്ക്

പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഇവിടെ ബിജെപി പുതിയ സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. നേരത്തെ ശിരോമണി അകാലിദളുമായിട്ടായിരുന്നു ബിജെപിയുടെ സഖ്യം. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ശിരോമണി അകാലിദള്‍ ബിജെപി സഖ്യം ഒഴിഞ്ഞു. എന്നാല്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് ബിജെപി തിരഞ്ഞെടുപ്പ് നേരിടുകയായിരുന്നു. പഞ്ചാബില്‍ മികച്ച നമ്പറില്‍ എത്താന്‍ സാധിക്കുമെന്ന് ജെപി നദ്ദ പ്രത്യാശ പ്രകടിപ്പിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടിങ് നടന്നത്. യുപിയില്‍ 403 മണ്ഡലങ്ങളുണ്ട്. പഞ്ചാബില്‍ 117, ഉത്തരാഖണ്ഡില്‍ 70, മണിപ്പൂരില്‍ 60, ഗോവയില്‍ 40 എന്നിങ്ങനെയാണ് മണ്ഡലങ്ങളുടെ എണ്ണം. ഇനി ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വരികയാണ്. ബിജെപി അതിനുള്ള ഒരുക്കം തുടങ്ങി എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications