ബ്രാഹ്മണരും ദളിതരും തങ്ങൾക്കൊപ്പം; യുപിയിൽ അധികാരത്തിലേറുമെന്ന് ബിഎസ്പി
ലഖ്നൗ; ഇക്കുറി സംസ്ഥാനത്ത് ബി എസ് പി അധികാരം പിടിക്കുമെന്ന അവകാശവാദവുമായി നേതൃത്വം. ദളിത്- ബ്രാഹ്മണ വോട്ടുകൾ തങ്ങൾക്കൊപ്പമാണെന്നും ഇക്കുറി
2007 ന് സമാനമായി തനിച്ച് മത്സരിച്ച് ഭരണം പിടിക്കുമെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എസ് സി മിശ്ര പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.തങ്ങൾ ശക്തരാണ്. അതിനാലാണ് തനിച്ച് മത്സരിക്കുന്നത്. ആരുമായും സഖ്യമുണ്ടാകില്ലെന്ന് ഞങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ബി എസ് പി ഇക്കുറി ഭരണത്തിൽ വരിക തന്നെ ചെയ്യും മിശ്ര അവകാശപ്പെട്ടു.

സമാജ്വാദി പാർട്ടിയും ബി ജെ പിയും മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഓരോ സീറ്റിലും ഇരു പാർട്ടികൾക്കും 10 വീതം സ്ഥാനാർത്ഥി മോഹികൾ എങ്കിലും ഉണ്ട്. അതുകൊണ്ടാണ് അവർക്ക് ഇപ്പോഴും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ സാധിക്കാത്തത്. ദുർബലർക്കാണ് സഖ്യം വേണ്ടത്. ബി എസ് പിക്ക് അതുകൊണ്ട് തന്നെ സഖ്യം ആവശ്യമില്ല, മിശ്ര പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണയും സംസ്ഥാനത്ത് കനത്ത പരാജയം രുചിച്ച ബി എസ് പി ഇത്തവണ സംസ്ഥാനത്തെ നിർണായക വോട്ട് ബാങ്കായ ബ്രാഹ്മണ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശക്തമായ നീക്കങ്ങൾ സംസ്ഥാനത്ത് നടത്തിയിരുന്നു. ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ബ്രാഹ്മണ സമുദായത്തിന്റെ പ്രശ്നങ്ങൾ വേണ്ടരീതിയിൽ പരിഗണിക്കപ്പെടുന്നില്ലെന്ന് അഭിമുഖത്തിൽ മിശ്ര പറഞ്ഞു.
വെടിവയ്പിൽ ടാർഗറ്റ് ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതല്ലാതെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അവർക്ക് എന്താണ് ലഭിച്ചത്? അഞ്ഞൂറിലധികം ബ്രാഹ്മണരാണ് അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത്. അതിൽ 100 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അതിനാണോ അവർ ബിജെപിക്ക് വോട്ട് ചെയ്തത്? ബിഎസ്പി സർക്കാരിന് കീഴിൽ സമുദായാംഗങ്ങൾ സന്തുഷ്ടരായിരുന്നുവെന്നും മിശ്ര അവകാശപ്പെട്ടു.
മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായ മുസ്ലീം വോട്ടുകൾ നേടിയെടുക്കാനുള്ള നീക്കങ്ങൾ എന്തുകൊണ്ട് നടത്തുന്നില്ലെന്ന ചോദ്യത്തിന് മുസ്ലീങ്ങൾ എന്നും തങ്ങൾക്കൊപ്പമായിരുന്നുവെന്നായിരുന്നു മിശ്രയുടെ മറുപടി. സമാജ്‌വാദി പാർട്ടി സർക്കാരിന്റെ കീഴിൽ 134 കലാപങ്ങളാണ് യുപിയിൽ നടന്നത്. ബിഎസ്പി സർക്കാരിന്റെ കീഴിൽ ഒരു ഏറ്റുമുട്ടൽ പോലും ഉണ്ടായിട്ടില്ല. എല്ലാവരും സുരക്ഷിതരായിരുന്നുവെന്നും മിശ്ര പറഞ്ഞു.
പരമാവധി സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 2007ൽ ഞങ്ങൾ സർക്കാർ രൂപീകരിച്ചപ്പോൾ 30 ശതമാനം വോട്ടാണ് ലഭിച്ചത്. 2012ൽ ഞങ്ങളുടെ വോട്ട് വിഹിതം 29 ശതമാനമായിരുന്നു.14-16 ശതമാനം വരുന്ന ബ്രാഹ്മണർ 2007ലേതുപോലെ തിരിച്ചുവരാൻ തീരുമാനിച്ചാൽ, കാര്യങ്ങൾ ആകെ മാറും. ബ്രാഹ്മണ സമുദായാംഗങ്ങൾ ബി എസ് പിക്ക് ഒപ്പമാണെന്ന് ബി ജെ പി തിരിച്ചറിഞ്ഞിട്ടുണ്ട്. 23 ശതമാനം വരുന്ന പട്ടികജാതിക്കാരും ബ്രാഹ്മണരും ഞങ്ങളോടൊപ്പമുണ്ട്. സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെന്നും മിശ്ര പറഞ്ഞു.
അതേസമയം ഇത്തവണ ബി എസ് പി അധ്യക്ഷ മായാവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ അഗ്നിപരീക്ഷയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പാർട്ടി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കേണ്ടതിനാലാണ് മാറി നിൽക്കുന്നതെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. ബി എസ് പി ജനറൽ സെക്രട്ടറിയും എം പിയുമായ സതീഷ് ചന്ദ്ര മിശ്രയും ഇക്കുറി മത്സരത്തിനില്ല.ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നീ തിയ്യതികളിലായി ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications