ദുരൂഹമായി ബിസിനസ്സുകാരന്റെയും കുടുംബത്തിന്റെയും കൂട്ടമരണം.. രണ്ട് ആത്മഹത്യാക്കുറിപ്പുകൾ
അഹമ്മദാബാദ്: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ രാജ്യത്തെ നടുക്കിയ ബുരാരി കൂട്ടമരണത്തിനും തൊടുപുഴ കൂട്ടക്കൊലയ്ക്കും പിന്നാലെ മറ്റൊരു ദുരൂഹ മരണം കൂടി. വന്‍ ബിസ്സിനസ്സുകാരനായ കുനാല്‍ ത്രിവേദി(45), ഭാര്യ കവിത(45) മകളായ പതിനാറുകാരി ഷ്രീന്‍ എന്നിവരെയാണ് ഫ്‌ളാറ്റിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുനാലും കവിതയും എഴുതിയ രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കറുത്ത ശക്തികളാണ് മരണത്തിന് കാരണം എന്നാണ് ആത്മഹത്യാക്കുറിപ്പിലുളളത്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

ദുരൂഹ മരണം
ഗുജറാത്തിലെ അഹമ്മദാബാദിലെ കൃഷ്ണനഗറിലാണ് നാടിനെ നടുക്കിയ ദുരൂഹ മരണം നടന്നിരിക്കുന്നത്. അവ്‌നി സ്‌കൈ എന്ന ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കുനാലിനെ കണ്ടെത്തിയത്. അതേസമയം കവിതയുടേയും മകളുടേയും മൃതദേഹങ്ങള്‍ തറയില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന കുനാലിന്റെ അമ്മ ജയശ്രീ ബെന്‍ അബോധാവസ്ഥയിലും ആയിരുന്നു.

അമ്മ അബോധാവസ്ഥയിൽ
നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും കുനാലോ മററുള്ളവരോ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. വിവരം പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ആയിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ ജയശ്രീ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്.

ആത്മഹത്യാക്കുറിപ്പുകൾ
കൂട്ട ആത്മഹത്യയാണോ അതോ കുനാല്‍ കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്തതാണോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. അതിനിടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കുനാലിന്റെയും കവിതയുടേയും ആത്മഹത്യാക്കുറിപ്പുകളാണ് മരണത്തില്‍ ദുരൂഹത പടര്‍ത്തുന്നത്. ആത്മാക്കളുടെ സാന്നിധ്യമാണ് കത്തുകളില്‍ പറയുന്നത്.

മുന്‍ കാമുകിയുടെ ആത്മാവ്
ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആത്മാവാണ് തങ്ങളുടെ മരണത്തിന് കാരണം എന്നാണ് കവിത ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കുനാലിന്റെ കത്തിലും മരണത്തിന് കാരണം ദുഷ്ടാത്മാക്കളാണ് എന്ന് എഴുതിയിട്ടുണ്ട്. അമ്മയായ ജയശ്രീ ബെന്നിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് കുനാല്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്.

കറുത്ത ശക്തികള്‍
മൂന്ന് പേജ് വരുന്ന കത്തില്‍ എല്ലാവരും തന്നെ മദ്യപാനിയായി കാണുന്നുവെന്നും താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും കുനാല്‍ എഴുതിയിരിക്കുന്നു. കറുത്ത ശക്തികള്‍ തന്റെ ഈ ദൗര്‍ബല്യത്തെ മുതലെടുത്തുവെന്നും കുനാല്‍ പറയുന്നു. ഈ കറുത്ത ശക്തികളെ കുറിച്ച് താന്‍ പലതവണ അമ്മയോട് പറഞ്ഞിരുന്നു.

അമ്മ വിശ്വസിച്ചില്ല
എന്നാല്‍ താന്‍ പറഞ്ഞതൊന്നും വിശ്വസിക്കാന്‍ അമ്മ തയ്യാറായില്ല. തന്നെ അമ്മ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ജീവിതം മറ്റൊന്നാകുമായിരുന്നുവെന്നും ആത്മഹത്യ എന്നൊരു വാക്ക് തന്റെ നിഘണ്ടുവില്‍ ഇല്ലായിരുന്നുവെന്നും കുനാല്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകളൊന്നും കുടുംബത്തിന് ഇല്ലെന്നും കത്തില്‍ പറയുന്നു.

പോലീസ് നിഗമനം
കറുത്ത ശക്തികളെ കുറിച്ചല്ലാതെ ദുര്‍മന്ത്രവാദത്തക്കുറിച്ച് കത്തില്‍ സൂചനകളൊന്നും എല്ലെന്നാണ് പോലീസ് പറയുന്നത്. സംഭവം ആത്മഹത്യ തന്നെയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം എന്തെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. ചികിത്സയില്‍ കഴിയുന്ന ജയശ്രീ ബെന്നിന്റെ മൊഴിക്ക് വേണ്ടിയും പോലീസ് കാത്തിരിക്കുകയാണ്.












Click it and Unblock the Notifications