സുപ്രീം കോടതി പറഞ്ഞാലും തമിഴ്‌നാടിന് വെള്ളമില്ല.. തീരുമാനം കര്‍ണാടക മന്ത്രിസഭയുടേത്!
ബെംഗളൂരു: കാവേരി നദീജല വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം തമിഴ്‌നാടിന് വെള്ളം കൊടുക്കേണ്ടതില്ലെന്ന് കര്‍ണാടക. ബുധനാഴ്ച രാത്രിയോടെ ചേര്‍ന്ന അടിയന്തിര മന്ത്രിസഭ യോഗത്തിലാണ് കര്‍ണാടക ഈ തീരുമാനം എടുത്തത്. സര്‍വ്വകക്ഷി യോഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അടിയന്തിരമായി മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തത്.
തമിഴ്‌നാടിന് പ്രതിദിനം 3000 ഘനയടി വെള്ളം വിട്ടുകൊടുക്കാനായിരുന്നു കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശം. ഇതിനെ ചൊവ്വാഴ്ച സുപ്രീം കോടതി ആറായിരം ഘനയടിയാക്കി ഉയര്‍ത്തിയിരുന്നു. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്ത് കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ ഉത്തരവിട്ടത്.

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് മണ്ഡ്യ അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനും സുപ്രീം കോടതി വിധി ചര്‍ച്ച ചെയ്യാനും വേണ്ടിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പ്രതിപക്ഷ കക്ഷിയായ ബി ജെ പി യോഗത്തില്‍ നിന്നും വിട്ടുനിന്നു. കോണ്‍ഗ്രസും ജെ ഡി എസും യോഗത്തിനെത്തി.
തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട എന്ന നിലാപാടാണ് ജെ ഡി എസ് യോഗത്തില്‍ ഉന്നയിച്ചത്. ഇത് തന്നെയാണ് ബി ജെ പിയും നേരത്തെ പറഞ്ഞിരുന്നത്. അടിയന്തിരമായി അസംബ്ലി കൂടി കര്‍ണാടകയുടെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കണമെന്നായിരുന്നു ബി ജെ പിയുടെ ആവശ്യം. ഇക്കാര്യം മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം എന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് യെഡിയൂരപ്പ അറിയിച്ചത്.












Click it and Unblock the Notifications