മാധ്യമപ്രവര്‍ത്തകന്‍ ജെ ഡേയുടെ കൊലപാതകത്തിന് കാരണം പുസ്തകമെഴുത്തെന്ന് സിബിഐ
മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ ജേ ഡേ (ജ്യോതിര്‍മയി ഡേ)യുടെ കൊലപാതകത്തിന് കാരണമായത് പുസ്തകമെഴുത്തെന്ന് സിബിഐ. മുംബൈയിലെ കോടതിയില്‍ സമര്‍പ്പിച്ച സപ്ലിമെന്ററി ചാര്‍ജ്ഷീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ പോലീസിന്റെ പിടിയിലായ അധോലോക നായകന്‍ ഛോട്ടാ രാജനാണ് കൊലയ്ക്ക് പിന്നിലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
2011 ജൂണ്‍ 11നാണ് പ്രസിദ്ധനായ വെറ്ററന്‍ ജേര്‍ണലിസ്റ്റ് ജേ ഡേ കൊല്ലപ്പെടുന്നത്. മുംബൈയിലെ അധോലോക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ അന്വേഷണം നടത്തുകയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ജേ ഡേ നേരത്തെ തന്നെ നോട്ടപ്പുള്ളിയായിരുന്നു. ഒടുവില്‍ ഒരു പുസ്തകമെഴുത്താണ് അദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചതെന്ന് സിബിഐ പറയുന്നു.

പുസ്തകത്തില്‍ ഛോട്ടാരാജനെ ഇകഴ്ത്തി എഴുതുന്നണ്ടെന്ന് മനസിലാക്കിയതോടെയാണ് കൊലപാതകം. മുംബൈയില്‍ യഥാര്‍ത്ഥ അധോലാക നായകന്‍ ദാവൂദ് ഇബ്രാഹിം ആണെന്നും ഛോട്ടാരാജന് വലിയ സ്വാധീനമില്ലെന്നും പുസ്തകത്തില്‍ എഴുതിയിരുന്നു. ഇക്കാര്യമറിഞ്ഞ് കുപിതനായ ഛോട്ടാരാജന്‍ തന്റെ ആളുകളോട് ജേ ഡേയെ കൊല്ലാനായി ആവശ്യപ്പെട്ടു.
കാലപാതകത്തിന് ആവശ്യമായ പണം നല്‍കിയതും ഛോട്ടാരാജന്‍ തന്നെയായിരുന്നെന്ന് സിബിഐ വ്യക്തമാക്കുന്നുണ്ട്. സപ്ലിമെന്ററി ചാര്‍ജ്ഷീറ്റില്‍ 41 സാക്ഷികളും 41 രേഖകളും ഉള്‍പ്പെടുത്തി. സംഭവ ദിവസം പോവായ് ഗാര്‍ഡനടുത്തുവെച്ചാണ് ജേ ഡേ കൊല്ലപ്പെടുന്നത്. ജേ ഡേ വീട്ടിലേക്ക് മടങ്ങുന്നവഴി കാലിയ, വാഗ്മോദ്, ഷിന്‍ഡെ, ഷെഗ്‌ഡെ, ഫേക്ക്, ആഗ്വന്‍, ഗെയ്ക്ക് വാദ് തുടങ്ങിയവര്‍ പിന്തുടരുകയും കാലിയ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.












Click it and Unblock the Notifications