കോണ്‍ഗ്രസ് ആപ്പിനെ പിന്തുണച്ചില്ല; ചണ്ഡീഗഡില്‍ ബിജെപിക്ക് അഭിമാന വിജയം
ചണ്ഡീഗഡ്: ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷന്‍ മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി ബി ജെ പി. ആപ്പിന്റെ ജസ്ബീർ സിങ്ങിനെ ഒരു വോട്ടിനാണ് ബിജെപിയുടെ അനുപ് ഗുപ്ത തോല്‍പ്പിച്ചത്. ബി ജെ പിയുടെ വിജയം ഉറപ്പായിരുന്നുവെന്നും എന്നില്‍ വിശ്വാസം അർപ്പിച്ചതിന് പാർട്ടി നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും അനുപ് ഗുപ്ത പറഞ്ഞു.
"എന്നെ ഈ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിലും എന്നിലുള്ള വിശ്വാസത്തിന് പാർട്ടി നേതൃത്വത്തിന് ഞാൻ നന്ദി പറയുന്നു. ഞങ്ങളുടെ മുൻ മേയർ (ബിജെപിയുടെ സരബ്ജിത് കൗർ) ചെയ്ത അതേ മാന്യതയോടെ ഞാൻ സഭ പ്രവർത്തിപ്പിക്കും, "- അനുപ് ഗുപ്ത പറഞ്ഞു.

ഇന്ന് രാവിലെ 11 മണിക്ക് തന്നെ മേയർ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചത്. ആകെ പോൾ ചെയ്ത 29 വോട്ടുകളിൽ ഗുപ്തയ്ക്ക് 15 വോട്ടും എഎപിയുടെ ജസ്ബീർ സിങ്ങിന് 14 വോട്ടും ലഭിച്ചു. എ എ പിക്കും ബി ജെ പിക്കും 14 അംഗങ്ങളാണ് സഭയിലുള്ളത്. എന്നാല്‍ എക്‌സ് ഒഫീഷ്യോ അംഗമായ എംപി കിരൺ ഖേറിന്റെ അധിക വോട്ടോടെ ബി ജെ പി വിജയം ഉറപ്പിക്കുകയായിരുന്നു.

കോൺഗ്രസിന് ആറ് വോട്ടും എസ് എഡി ക്ക് ഒരു വോട്ടും ഉണ്ടായിരുന്നെങ്കിലും അവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരു വർഷമാണ് മേയറുടെ കാലാവധി. കനത്ത പോലീസ് വിന്യാസത്തിനിടയില്‍ ചണ്ഡീഗഡ് ഡെപ്യൂട്ടി കമ്മീഷണർ വിനയ് പ്രതാപ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ്, വോട്ടിംഗ് അവകാശമില്ലാത്ത നോമിനേറ്റഡ് കൗൺസിലർമാർ എന്തിനാണ് സഭയിൽ ഇരിക്കുന്നതെന്ന ചോദ്യമുയർത്ത് എ എ പി രംഗത്ത് വന്നു. എന്നാൽ, വോട്ടെടുപ്പിൽ സഭയിൽ ഇരിക്കാൻ പാടില്ലെന്ന വ്യവസ്ഥ നിയമത്തിലില്ലെന്ന് ഡിസി വിനയ് സിംഗ് തിരിച്ചടിച്ചു.
Vastu Tips: വാസ്തു പറയുന്നത് കേള്‍ക്കൂ, സമ്പാദ്യം വർദ്ധിപ്പിക്കാന്‍ കറുവപ്പട്ടയ്ക്കും കഴിയും

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയർ അനുപ് ഗുപ്തയായിരിക്കും ശേഷിക്കുന്ന ഡെപ്യൂട്ടി മേയർ, സീനിയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം വഹിക്കുക. സീനിയർ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബിജെപിയുടെ കൻവർജീത് റാണയും എ എപി യുടെ തരുണ മേത്തയും മത്സരിക്കുമ്പോൾ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എഎപിയുടെ സുമൻ ശർമയും ബി ജെ പിയുടെ ഹർജിത് സിങ്ങും തമ്മിലാണ് മത്സരം.

മേയറായി വിജയിച്ച അനുപ് ഗുപ്ത 38 കാരനായ വ്യവസായിയാണ്. 18,19, 21 സെക്ടറുകൾ ഉൾക്കൊള്ളുന്ന വാർഡ് 11 ൽ നിന്നാണ് അദ്ദേഹം 2021-ൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. സഞ്ജയ് ടണ്ടൻ, കേന്ദ്ര ഭരണ പ്രദേശത്തെ ബി.ജെ.പി മേധാവി അരുൺ സൂദ്, ചണ്ഡീഗഡ് എം.പി കിരൺ ഖേർ എന്നിവരുൾപ്പെടെ ചണ്ഡീഗഡിലെ എല്ലാ മുൻനിര ബി ജെ പി നേതാക്കളുമായും അടുപ്പമുള്ള വ്യക്തിയാണ് ഗുപ്ത. മുൻ തെരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി മേയർ പദവിയും വഹിച്ചിട്ടുണ്ട് ബിജെപി സെക്രട്ടറിയായ ഇദ്ദേഹം.

അതേസമയം, തങ്ങളുടെ കൗൺസിലർമാരെ കസൗലിയിലേക്ക് കൊണ്ടുപോയ കോൺഗ്രസ്, ബി ജെ പിയും ആം ആദ്മി പാർട്ടിയും തങ്ങളെ ആകർഷിക്കാൻ പണം വാഗ്ദാനം ചെയ്യുകയാണെന്ന് ആരോപിച്ചിരുന്നു. "എതിരാളി പാർട്ടികൾ സ്വീകരിക്കുന്ന ഇത്തരം അഴിമതികൾ സിറ്റി ബ്യൂട്ടിഫുളിന്റെ മാന്യമായ പേരിന് കളങ്കമുണ്ടാക്കി" എന്ന് കോൺഗ്രസ് വക്താവ് രാജീവ് ശർമ്മ പറഞ്ഞു. എഎപിയുടെയും ബിജെപിയുടെയും ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതിനായി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനും പ്രതിപക്ഷത്തിരിക്കാനും കോൺഗ്രസ് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications