സംഘർഷം ആരംഭിച്ച ശേഷം ആദ്യമായി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങി ചൈനീസ് വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഈ മാസം അവസാനം ഇന്ത്യ സന്ദർശിച്ചേക്കും. ലഡാക്കിന് സമീപം ഇന്ത്യ-ചൈന സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന ചൈനീസ് നേതാവ് ഇന്ത്യൻ സന്ദർശനത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യൻ സന്ദർശനത്തിന് മുമ്പ് അദ്ദേഹം നേപ്പാളിൽ എത്തിയേക്കും. അതേസമയം ലഡാക്കിലെ സ്ഥിതിഗതികൾ പരിഹരിക്കാൻ ഇന്ത്യയും ചൈനയും സൈനികതല ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.
ചൈനയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ സമീപ വർഷങ്ങളിൽ ചില തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വാങ് യി ഈ മാസമാദ്യം പറഞ്ഞിരുന്നു. ഒത്തുതീർപ്പിനായി അതിർത്തി പ്രശ്‌നത്തെക്കുറിച്ചുള്ള ഇരു രാജ്യങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങൾ തുല്യമായ കൂടിയാലോചനകളിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ചൈനയും ഇന്ത്യയും തമ്മിൽ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ചൈനയും ഇന്ത്യയും എതിരാളികളല്ല പങ്കാളികളാണ് ആകേണ്ടതെന്നും സ്റ്റേറ്റ് കൗൺസിലർ കൂടിയായ മന്ത്രി വാങ് യി പറഞ്ഞിരുന്നു.

ചൈന അതിർത്തി ഉടമ്പടികൾ ലംഘിച്ചതിന് ശേഷം. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഈ വർഷം ജർമ്മനിയിൽ നടന്ന മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെയാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. 45 വർഷമായി അതിർത്തിയിൽ സമാധാനം നിലനിന്നിരുന്നു, സന്തുലിതമായിരുന്നു കാര്യങ്ങൾ. 1975 മുതൽ അതിർത്തിയിൽ സൈനികർക്ക് നേരെ ആക്രമണമുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. ലഡാക്ക് അതിർത്തി പ്രശ്‌നത്തിൽ ഇന്ത്യ ചൈനയുമായി ചർച്ചയിൽ ഏർപ്പെട്ടിരിക്കുകയാണ്. നിലവിലെ സ്ഥിതിയിൽ ഒരു മാറ്റവും ഏകപക്ഷീയമായി യഥാർത്ഥ നിയന്ത്രണ രേഖ മാറ്റാനുള്ള ശ്രമവും അംഗീകരിക്കില്ല. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 മെയ് 5 നാണ് കിഴക്കൻ ലഡാക്കിലെ അതിർത്തിയായ പാങ്കോംഗ് തടാക മേഖലയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്. പിന്നാലെ ജൂൺ 15-ന് ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതിനെ തുടർന്ന് ഏറ്റുമുട്ടൽ രൂക്ഷമായി. ഏറ്റുമുട്ടലിൽ ചൈനീസ് സൈനികർ കൊല്ലപ്പെട്ടത് നാലല്ല, 42 പേരാണെന്നാണും റിപ്പോർട്ട് ഉണ്ട്. അതിനിടെ മാർച്ച് 11ന് ഇന്ത്യ ചൈന സൈനിക മേധാവികളുടെ 15-ാം റൗണ്ട് ചർച്ച ചുഷൂലിൽ നടന്നിരുന്നു. എന്നാൽ ചർച്ചയിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications