പൗരത്വ ഭേദഗതി നിയമം: മുസ്ലീം കുടിയേറ്റക്കാർക്ക് കൂച്ചുവിലങ്ങ് ഇടുമോ? കേന്ദ്ര സർക്കാരിന്റെ മറുപടി ഇങ്ങനെ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നുവെന്ന നിർണായക പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തിയത്. ഇത് നിയമമായതിന് പിന്നാലെ നിരവധി കോണുകളിൽ നിന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. പ്രധാനമായും മുസ്ലിം കുടിയേറ്റക്കാരുടെ മേൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക എന്നറിയാനാണ് കൂടുതൽ പേർ താൽപര്യപ്പെടുന്നത്.
എന്നാൽ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ. പുതിയതായി നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎ ഇന്ത്യൻ മുസ്ലീങ്ങളുടെ സ്വാതന്ത്ര്യവും അവസരവും വെട്ടിക്കുറയ്ക്കുകയില്ലാന്നാണ് കേന്ദ്ര സർക്കാർ ഇന്നും നിലപാട് ആവർത്തിച്ചത്.

'പൗരത്വ നിയമത്തിലെ സെക്ഷൻ 6 പ്രകാരം ലോകത്തെവിടെയുമുള്ള മുസ്ലീങ്ങൾക്കും ഇന്ത്യൻ പൗരത്വം തേടാം,' ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വത്തിനുള്ള അപേക്ഷയുടെ യോഗ്യതാ കാലയളവ് 11 ൽ നിന്ന് 5 വർഷമായി കുറയ്ക്കുന്നതിനുള്ള ഭേദഗതി നിയമവും കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു.
ഇസ്ലാമിക രാജ്യങ്ങളിൽ (പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ) പീഡിപ്പിക്കപ്പെടുന്ന ഒരു മുസ്ലീമിനെയും, നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിൽ നിന്ന്, ഇസ്ലാം മതത്തിന്റെ ആചാരങ്ങൾ പുലർത്തുന്നതിലും നിന്ന് ഈ നിയമം തടയുന്നില്ലെന്ന് അമിത് ഷാ നേതൃത്വം നൽകുന്ന ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ മുസ്‌ലിംകൾ ആശങ്കപ്പെടേണ്ടതില്ല, കാരണം അവരുടെ പൗരത്വത്തെ ബാധിക്കുന്ന തരത്തിൽ സിഎഎ ഒരു വ്യവസ്ഥയും ചെയ്‌തിട്ടില്ലെന്നും ഹിന്ദുക്കളെ പോലെ തന്നെ തുല്യാവകാശമുള്ള നിലവിലെ 18 കോടി ഇന്ത്യൻ മുസ്‌ലിങ്ങളുമായി പൗരത്വ ഭേഗതി നിയമത്തിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, സിഎഎ നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ സർക്കാർ ഇതിനെയെല്ലാം നിഷ്‌കരുണം തള്ളുകയും ചെയ്‌തിരുന്നു. "പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയും ഹാജരാക്കാൻ ഒരു ഇന്ത്യൻ പൗരനോടും ആവശ്യപ്പെടില്ല," എന്ന നിലപാടാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്.
എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ മറുപടിയെ പലരും മുഖവിലയ്ക്ക് എടുത്തിട്ടില്ല. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ തിരക്കിട്ട് ഈ നിയമം നടപ്പിലാക്കിയതിൽ കേന്ദ്രത്തിന് കൃത്യമായി ലക്ഷ്യങ്ങളുണ്ട് എന്നാണ് അവർ കരുതുന്നത്. ഈ സാഹചര്യത്തിൽ നിയമത്തിന്റെ സമ്പൂർണമായ നടപ്പാക്കലാവും എല്ലാവരും ഉറ്റുനോക്കുന്ന ഘടകം.
2019 ഡിസംബർ 11നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്. 2020 ജനുവരി 10ന് ഇത് നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. നിലവിൽ വിവിധ വിദ്യാർത്ഥി സംഘടനകളും, രാഷ്‌ടീയ പാർട്ടീകളും ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
വിവാദമായ ഈ നിയമം പാസാക്കി നാല് വർഷത്തിന് ശേഷമാണ് ഇത് നടപ്പിലാക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി ബിൽ നിയമമാക്കുമെന്ന് പറഞ്ഞ ഭരണകക്ഷിയായ ബിജെപി, കോവിഡ് പകർച്ചവ്യാധി കാരണം നടപ്പാക്കുന്നത് വൈകിയെന്ന് പിന്നീട് അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications