സിഎന്‍ജി വില കൂട്ടി; കിലോഗ്രാമിന് കൂട്ടിയത് 3.98 രൂപ; വില വര്‍ധനവ് അനിവാര്യമെന്ന് ഐജിഎല്‍
ഓട്ടോറിക്ഷകള്‍, ടാക്സികള്‍, ബസുകള്‍, ചെലവ് കുറഞ്ഞ സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കൂടുതലായി ഉപയോഗിക്കുന്ന സിഎന്‍ജിയുടെ (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വിലയില്‍ ഇന്ന് മുതല്‍ 3.89 രൂപയുടെ വര്‍ധനയുണ്ടായതായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു. ഇതോടെ, ഐജിഎല്‍ സേവനം നല്കുന്ന ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ സിഎന്‍ജി വില കിലോഗ്രാമിന് 86.98 രൂപയായിരിക്കും.
അന്താരാഷ്ട്ര വിപണിയില്‍ എല്‍എന്‍ജി (ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്) വില ഉയര്‍ന്ന നിലയിലാണെന്ന് പൊതുമേഖലാ സ്ഥാപനമായ ഐജിഎല്‍ ചൂണ്ടിക്കാട്ടി. അസംസ്കൃത ഗ്യാസിന്റെ വിലയിലുണ്ടായ വര്‍ധനയുടെ ആഘാതം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സിഎന്‍ജി വിതരണത്തിന്റെ തുടര്‍ച്ചയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനൊപ്പം ചെലവ് വര്‍ധനയുടെ ഒരു ഭാഗം നികത്തുന്നതിനായി കിലോഗ്രാമിന് 3.89 രൂപയുടെ വര്‍ധനവ് അനിവാര്യമായിത്തീര്ന്നെന്ന് കമ്പനി വ്യക്തമാക്കി.

'ഈ വില വര്‍ധനവിന് ശേഷവും, ഉപഭോക്താക്കള്‍ക്ക് ഏറ്റവും ലാഭകരമായ ഇന്ധന മാര്‍ഗങ്ങളിലൊന്നായി ഡല്‍ഹിയിലെ സിഎന്‍ജി വില തുടരുന്നു,' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 'ഇറക്കുമതി ചെയ്യുന്ന സ്പോട്ട് എല്‍എന്‍ജി വിലയിലുണ്ടാകുന്ന പെട്ടെന്നുള്ളതും വലിയതുമായ വര്‍ധനയുടെ ആഘാതത്തില്‍ നിന്ന് സിഎന്‍ജി ഉപഭോക്താക്കളെ വലിയൊരളവോളം സംരക്ഷിക്കാന്‍ സാധിക്കുന്നുണ്ട്,' എന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
പടിഞ്ഞാറന്‍ ഏഷ്യയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമായതും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിലുണ്ടായ ആഘാതവും കമ്പനി പ്രത്യേകം ചൂണ്ടിക്കാട്ടി. പ്രതിസന്ധിക്ക് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ആഗോള എല്‍എന്‍ജി വില ഇരട്ടിയോളം വര്‍ധിച്ചതായും കമ്പനി അറിയിച്ചു. 'കൂടാതെ, ശൈത്യകാലം അടുത്തെത്തിയ സാഹചര്യത്തില്‍ യൂറോപ്പില്‍ പ്രകൃതിവാതക ശേഖരം വര്‍ധിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയുമുണ്ട്.
'വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തിലും, അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യകതയ്ക്കും അനുസൃതമായി സിഎന്‍ജി ഉപഭോഗത്തിലും വലിയ വര്‍ധനവാണ് കാണുന്നത്. സിഎന്ജിക്കുള്ള ഈ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഈ മേഖലയിലേക്കുള്ള അസംസ്കൃത ഗ്യാസിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്ന സ്പോട്ട് എല്‍എന്‍ജി വഴിയാണ് ലഭ്യമാക്കുന്നത്.
ഈ ഘടകങ്ങള്‍ സിഎന്‍ജി മേഖലയിലെ അസംസ്കൃത ഗ്യാസിന്റെ ചെലവില്‍ ഗണ്യമായ വര്‍ധനവിന് കാരണമായിട്ടുണ്ട്. ഹോര്‍മുസ് പ്രതിസന്ധി ഘട്ടത്തില്‍ അന്താരാഷ്ട്ര ഗ്യാസ് വിലയില്‍ വലിയ വര്‍ധനവുണ്ടായപ്പോഴും ഡല്‍ഹിയിലെ സിഎന്‍ജി ചില്ലറ വില്‍പ്പന വില ഏതാണ്ട് സ്ഥിരമായി തുടര്‍ന്നു എന്നും ഐജിഎല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.





Click it and Unblock the Notifications