നിങ്ങളുടെ എല്ലാ പോസ്റ്ററും കീറാന്‍ കോണ്‍ഗ്രസിന് സാധിക്കും, ബിജെപി ഓർത്താല്‍ നല്ലത്: ഡികെ ശിവകുമാർ
മൈസൂർ: കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ ബി ജെ പി പ്രവർത്തകർ കീറിയാല്‍ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ തങ്ങള്‍ക്കും അറിയാമെന്ന് കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡികെ ശിവകുമാർ. രാഹുലിന്റെ യാത്ര കടന്ന് പോവുന്ന വഴിയുടെ ഇരുവശവുമായി നിരവധി പോസ്റ്ററുകള്‍ കോണ്‍ഗ്രസ് പ്രവർത്തകർ വെച്ചിരുന്നു. ഇതില്‍ പലതും ഒരു രാത്രികൊണ്ട് കീറിയ നിലയിലായി. ആരാണ് ഇതിന് പിന്നിലെന്ന കാര്യം എല്ലാവർക്കും അറിയാമെന്നും ഡികെ ശിവകുമാർ വണ്‍ഇന്ത്യ മലയാളത്തോടായി പറഞ്ഞു.
ഇത്തരമൊരു രീതി ഒട്ടും നല്ലതല്ല. പോസ്റ്ററുകള്‍ കീറാന്‍ ആർക്കും കഴിയുന്ന രീതിയാണ്. ബി ജെ പി കർണടകയിലെ ഏത് സ്ഥലത്ത് പരിപാടി വെച്ചാലും അവിടെങ്ങളിലെല്ലാമുള്ള ബാനറുകള്‍ കീറാന്‍ ഞങ്ങള്‍ക്ക് അറിയാം. അത് ബി ജെ പിക്കാർ ഓർത്താല്‍ നന്ന്. ബി ജെ പി മുന്നോട്ട് വെക്കുന്ന അസഹിഷ്ണുതയുടെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയുടെ കർണ്ണാടകയിലെ രണ്ടാം ദിന യാത്ര നഞ്ചന്‍ഗുണ്ടിലെ തൊണ്ടാവാഡ ഗേറ്റില്‍ നിന്നും ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം.

രാഹുലിന്റെ യാത്ര കർണാടകയില്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗുണ്ടല്‍പേട്ട് മേഖലയിലെ പോസ്റ്ററുകള്‍ വ്യാപകമായ രീതിയില്‍ കീറപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാല്പതിലധികം പോസ്റ്ററുകളാണ് കീറിയ നിലയിൽ കണ്ടെത്തിയത്. രാഹുലിന്റേതിന് പുറമേ മറ്റ് കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളും കീറിയിട്ടുണ്ട്. സംഭവത്തില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി സിദ്ധരാമയ്യയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
അവർ ഞങ്ങളുടെ പോസ്റ്ററുകളും ഫ്ലെക്സുകളും വ്യാപകമായി നശിപ്പിച്ചു. അവർ ഇനിയും ഇത് തുടരാനാണ് തീരുമാനമെങ്കില്‍ ബി ജെ പി നേതാക്കളാരും കർണ്ണാടകയിലുടെ സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട. കോണ്‍ഗ്രസ് പ്രവർത്തകർക്ക് അത് ചെയ്യാനുള്ള ശക്തി കർണാടകയിലുണ്ടെന്ന കാര്യം ബി ജെ പിയെ ഓർമ്മിപ്പിച്ചുകൊള്ളുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളിൽ സർക്കാർ മാറുമെന്ന് പോലീസ് വകുപ്പിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന കാര്യം എല്ലാവരും ഓർത്തിരിക്കുന്നത് നല്ലതാണ്. പോസ്റ്ററുകള്‍ കീറിയവർക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പൊലീസും സർക്കാറും തയ്യാറാവമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications