'സില്ലി സോൾ, നുണ പ്രചാരക..ഒരു കണ്ണട വാങ്ങിത്തരട്ടെ?'; സ്മൃതി ഇറാനിയുടെ വായടപ്പിച്ച് കോൺഗ്രസ്
ദില്ലി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ചൊല്ലിയുള്ള കോൺഗ്രസ്-ബി ജെ പി വാക്ക് പോര് മുറുകുന്നു. ഏറ്റവും ഒടുവിലായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിനെതിരെ രംഗത്തെത്തിയത്. കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധി വിവേകാനന്ദനെ അവഗണിച്ചുവെന്നായിരുന്നു സ്മൃതി ഇറാനി ആരോപിച്ചത്. എന്നാൽ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

'ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്നും തുടക്കം കുറിക്കുമ്പോൾ സ്വാമി വിവേകാനന്ദനെ അവഗണിക്കുന്ന വിധം ലജ്ജയില്ലാത്തവർ ആകരുത്', എന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ. രാഹുൽ ഗാന്ധിക്ക് വിവേകാനന്ദ സ്വാമിയെ ആദരിക്കുന്നത് അംഗീകരിക്കാൻ കഴിയാഞ്ഞിട്ടായിരിക്കും എന്നും സ്മൃതി പറഞ്ഞിരുന്നു. എന്നാൽ വിവാകേന്ദ്ര സ്വാമിയുടെ പ്രതിമയ്ക്ക് മുന്നിൽ രാഹുൽ ഗാന്ധി ആദരവ് അർപ്പിക്കുന്ന വീഡിയോ പങ്കിട്ട് കൊണ്ടാണ് സ്മൃതിയുടെ ആരോപണത്തെ കോൺഗ്രസ് തിരിച്ചടിച്ചത്.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ നിതിൻ അഗർവാൾ സ്മൃതിയുടെ വിമർശന വീഡിയോയും രാഹുലിന്റെ വീഡിയോയും ഒരുമിച്ച് പങ്കുവെച്ചു. വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുന്നിൽ കൈകൂപ്പി ആദരവ് അർപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. 'സില്ലി സോൾ, നിരന്തരം നുണ പ്രചരിപ്പിക്കുന്നയാൾ', എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കിട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി കോൺഗ്രസ് നേതാക്കൾ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ

സ്മൃതി ഇറാനിക്കെതിരെ രൂക്ഷവിമർശനവും കോൺഗ്രസ് നേതാക്കൾ ഉയർത്തി. സത്യം മനസിലാക്കി പ്രതികരിക്കാൻ ഇനിയെങ്കിലും സ്മൃതി ഇറാനി തയ്യാറാകണമെന്ന് കോൺഗ്രസ് എം പി മണിക്കം ടാഗോർ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രിയെന്ന പദവിയുടെ മാന്യതയെങ്കിലും താങ്കൾ കാണിക്കണമെന്നും മണിക്കം ടാഗോർ കുറിച്ചു. 'എന്തൊരു കാര്യമാണിത്, ഇത്തരം നിസാര ഹൃദയരെ ദൈവം അനുഗ്രഹിക്കട്ടെ', എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പവൻ ഖേരയുടെ ട്വീറ്റ്.

'ബി ജെ പി നുണകൾ ചമച്ച് ഉണ്ടാക്കുന്നതിൽ വിശ്വസിക്കുന്നവരാണ്. കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ കാണാൻ വേണമെങ്കിൽ സ്മൃതി ഇറാനിക്ക് ഒരു പുതിയ കണ്ണട വാങ്ങിത്തരാൻ ഞങ്ങൾ തയ്യാറണ്', ജയറാം രമേശ് ട്വീറ്റിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരെ വിമർശനം കടുപ്പിച്ചിരിക്കുകയാണ് ബി ജെ പി. രാഹുൽ ഗാന്ധിയുടെ ടി ഷർട്ടിനെ ചൊല്ലിയായിരുന്നു ആദ്യ വിവാദം. വിലകൂടിയ ടി ഷർട്ടാണ് രാഹുൽ ധരിച്ചിരിക്കുന്നതെന്ന് ബി ജെ പി വിമർശിച്ചിരുന്നു. എന്നാൽ ടി ഷർട്ടിന്റെ വിലയും വിശദാംശങ്ങളും പങ്കിട്ട് കൊണ്ടായിരുന്നു കോൺഗ്രസ് ഇതിന് മറുപടി നൽകിയത്.

ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന അസാധാരണ സ്വീകാര്യതയാണ് ബി ജെ പിയെ ആശങ്കെപ്പെടുത്തുന്നതെന്നും അതുകൊണ്ടാണ് ബി ജെ പയുടെ നുണ ഫാക്ടറികൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100 കിലോമീറ്റർ ദൂരം പിന്നിട്ടു. ആറാം ദിവസമായ ഇന്നലെ കഴക്കൂട്ടത്താണ് യാത്ര സമാപിച്ചത്.












Click it and Unblock the Notifications