മുഖ്യമന്ത്രിയായി കഴിഞ്ഞപ്പോള്‍ എന്താ ഇങ്ങനെ..? ഒമറിനോട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇവിഎമ്മിന്റെ വിശ്വാസ്യത സംബന്ധിച്ച ആരോപണങ്ങളില്‍ ഇന്ത്യ മുന്നണിക്കുള്ളിലെ കക്ഷികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു. കോണ്‍ഗ്രസ് ഇവിഎം ക്രമക്കേടുകളെ കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങളെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള തള്ളിയിരുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നായിരുന്നു ഒമര്‍ പറഞ്ഞത്.
ഇതിനെതിരെ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ രംഗത്തെത്തി. ഒമര്‍ നിരത്തിയ വാദങ്ങളും അദ്ദേഹത്തിന്റെ മുന്‍കാല പരാമര്‍ശങ്ങളും പരിശോധിക്കണം എന്ന് മാണിക്കം ടാഗോര്‍ ആവശ്യപ്പെട്ടു. സമാജ്വാദി പാര്‍ട്ടിയും എന്‍സിപിയും ശിവസേന യുബിടിയുമാണ് ഇവിഎമ്മിനെതിരെ സംസാരിച്ചത്. മുഖ്യമന്ത്രിയായതിന് ശേഷം സ്വന്തം പങ്കാളികളോട് എന്തിനാണ് ഈ സമീപനം സ്വീകരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിസംബോധന ചെയ്തുള്ളതാണ് എന്നും മാണിക്ക ടാഗോര്‍ ട്വീറ്റ് ചെയ്തു. ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് ഇന്ത്യ ബ്ലോക്കിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് ജമ്മു കശ്മീരില്‍ ഒമര്‍ സര്‍ക്കാരിന്റെ പങ്കാളിയുമാണ്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് പരാജയങ്ങളെത്തുടര്‍ന്ന്, കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബാലറ്റ് പേപ്പര്‍ വോട്ടിംഗിലേക്ക് മടങ്ങണം എന്ന് ആവശ്യപ്പെട്ടിരുന്നു.
ഇവിഎമ്മുകളുടെ വിശ്വാസ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ ബിജെപി പരിഹാസം തുടരുന്നതിനിടെയാണ് ഒമര്‍ അബ്ദുള്ളയും സമാന നിലപാടുമായി രംഗത്തെത്തിയത്. ഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തപ്പോള്‍ മാത്രം ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്നാണ് ഒമര്‍ അബ്ദുള്ള വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
'ഒരേ ഇവിഎമ്മുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നൂറിലധികം പാര്‍ലമെന്റ് അംഗങ്ങളെ ലഭിക്കുകയും അത് നിങ്ങളുടെ പാര്‍ട്ടിയുടെ വിജയമായി ആഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് അതിനോട് പുറംതിരിഞ്ഞ് നിന്ന് കുറ്റപ്പെടുത്തരുത്, ''എന്നായിരുന്നു ഒമര്‍ അബ്ദുള്ള പറഞ്ഞത്. നിങ്ങള്‍ക്ക് ഇവിഎമ്മുകളില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍, ആ പ്രശ്നങ്ങളില്‍ സ്ഥിരത പുലര്‍ത്തണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വോട്ടിംഗ് രീതി വിശ്വസിക്കുന്നില്ലെങ്കില്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെയും മാസങ്ങള്‍ക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന്റെയും ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, 'ഒരു ദിവസം വോട്ടര്‍മാര്‍ നിങ്ങളെ തിരഞ്ഞെടുക്കും, അടുത്ത ദിവസം അവര്‍ തിരഞ്ഞെടുക്കില്ല. ഞാന്‍ ഒരിക്കലും യന്ത്രങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല,' ഒമര്‍ പറഞ്ഞു. ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications