ബംഗാളിൽ ബിജെപി ചെയ്തത് തന്നെയാണ് ഗോവയിൽ മമത ചെയ്യുന്നത്: തൃണമൂലിനെതിരെ അവകാശവാദവുമായി കോൺഗ്രസ്
ദില്ലി: ഗോവയിൽ നിരവധി നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ ചേരുന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ്. ബിജെപി പശ്ചിമബംഗാളിൽ ചെയ്തത് തന്നെയാണ് മമതാ ബാനർജി ഗോവയിൽ ചെയ്യുന്നതെന്നാണ് എഐസിസിയുടെ ഗോവാ ഘടകത്തിന്റെ ചുമതലയുള്ള ദിനേഷ് ഗുണ്ടു പ്രതികരിച്ചത്. ഗോവാ മന്ത്രി ലുസീഞ്ഞോ ഫലൈറോ രാജിവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവരുന്നത്.

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുമെന്ന് തൃണമൂൽ നേതാവ് ദെറീക് ഒബ്രിയേൻ വ്യക്തമാക്കിയിരുന്നു. മമതാ ബാനർജി സംസ്ഥാനത്ത് അടിത്തട്ടിൽ നിന്ന് പ്രവർത്തനം തുടങ്ങുമെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. എന്നാൽ ഗോവയിൽ എവിടെയാണ് അടിത്തറയെന്നും അദ്ദേഹം ചോദിക്കുന്നു. ബിജെപിയെപ്പോലെ ഗോവയിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരികയും ജനങ്ങൾക്ക് ബാഗുകൾ വിതരണം ചെയ്യുകയും ഞങ്ങൾക്കൊപ്പം നിൽക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ ഫണ്ടുകൾ നൽകുമെന്ന് വാഗ്ധാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പശ്ചിമബംഗാളിൽ ചെയ്തുവെന്ന് മമതാ ബാനർജി ആരോപിക്കുന്നത് തന്നെയാണ് ഗോവയിൽ മമത ചെയ്യുന്നതെന്നും ദിനേഷ് ഗുണ്ടു റാവു പറയുന്നു. ഇക്കഴിഞ്ഞ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ മന്ത്രിമാരെയും എംഎൽഎമാരെയും ഒപ്പം നിർത്താൻ ബിജെപി ശ്രമിച്ചിരുന്നു. ഇത് തന്നെയാണ് മമതാ ബാനർജി പശ്ചിമബംഗാളിൽ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 40 അംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന്റെ ശക്തി നാല് എംഎൽഎമാരിലേക്ക് ചുരുങ്ങിയിട്ടുണ്ട്. എന്നാൽ മറ്റ് പാർട്ടി വിട്ടുവരുന്നവർക്ക് കോൺഗ്രസ് സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ടെന്ന വാർത്തകൾ ഗുണ്ടുറാവു തള്ളിക്കളഞ്ഞിട്ടുണ്ട്.

2017ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഗോവയിലേക്ക് വന്നു. മമതാ ബാനർജി ഗോവയിൽ സൃഷ്ടിച്ച സ്വാധീനത്തേക്കാളധികമായിരുന്നു ആം ആദ്മി പാർട്ടിയുടെ വരവെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. എന്നാൽ ആം ആദ്മി പാർട്ടിയുടെ വരവ് പോലെ ലളിതമായിരിക്കില്ല തൃണമൂൽ കോൺഗ്രസിന്റെ വരവെന്നും ഗുണ്ടുറാവു ചൂണ്ടിക്കാണിക്കുന്നത്. 2017ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 40ൽ 17 സീറ്റുകളിലാണ് വിജയിച്ചതെന്നും റാവു കൂട്ടിച്ചേർത്തു.

മന്ത്രിസ്ഥാനം രാജിവെച്ച കോൺഗ്രസ് എംഎൽഎ ലുസീഞ്ഞോ ഫലൈറോ അടക്കം 10 പേരാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നിട്ടുള്ളത്. കൊൽക്കത്തയിലെത്തി തൃണമൂൽ അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ കണ്ടതിന് പിന്നാലെയാണ് പാർട്ടി പ്രവേശനം. അടുത്ത വർഷം ഗോവാ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പത്ത് പേർ ഒരുമിച്ച് തൃണമൂലിലേക്ക് ഒഴുകിയിട്ടുള്ളത്. ഗോവയിൽ നിന്നുള്ള നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നതായി മമതാ ബാനർജി തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്. മുൻ ഗോവ മുഖ്യമന്ത്രിയെയും ഏഴ് എംഎൽഎമാരെയും പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും മമത വ്യക്തമാക്കി. ഞങ്ങൾ ഒരുമിച്ച് ഓരോ ഗോവൻ ജനതയ്ക്കും വേണ്ടി നിലകൊള്ളുമെന്നും ഗോവയുടെ പുതിയൊരു ഉദയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും മമത ട്വിറ്ററിൽ കുറിച്ചു.

ഇന്ന് ഞാൻ ദീദിയ്ക്കൊപ്പം ഒരു യാത്ര ആരംഭിക്കുകയാണ്, കാരണം ഗോവയ്ക്ക് വിശ്വസനീയമായ ഒരു ബദൽ ആവശ്യമാണ്. ഗോവയുടെ സ്വത്വവും പൈതൃകവും സംരക്ഷിക്കാൻ ഗോവയിലേക്ക് വരാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു," എന്നായിരുന്നു തൃണമൂൽ കോൺഗ്രസിൽ ചേർന്ന ശേഷം ഫലെറോയുടെ വാക്കുകൾ. ഫലേറോയെ കൂടാതെ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ മുൻ എംഎൽഎ ലാവൂ മംലെദാർ, ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ യതീഷ് നായിക്, വിജയ് വാസുദേവ് പോയ്, ജിപിസിസി സെക്രട്ടറിമാരായ മരിയോ പിന്റോ ഡി സന്താന, രവീന്ദ്രനാഥ് ഫലെറോ എന്നിവരും ഇന്ന് തൃണമൂൽ കോൺഗ്രസിൽ പ്രവേശിച്ചിട്ടുണ്ട്. മുൻ കോൺഗ്രസ് സംസ്ഥാന യൂത്ത് വൈസ് പ്രസിഡന്റ്, എഴുത്തുകാരൻ ശിവദാസ് സോനു നായിക്, പരിസ്ഥിതി ശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ രാജേന്ദ്ര കക്കോദ്കർ, അന്റോണിയോ മോണ്ടീറോ ക്ലോവിസ് ഡാ കോസ്റ്റ - സൗത്ത് ഗോവ അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നിവരും പാർട്ടിയിൽ ചേർന്നിട്ടുണ്ട്.












Click it and Unblock the Notifications