7 ദിവസം, 3 കാര്യങ്ങള്‍... രാഹുലിനെ മറികടന്ന് പ്രിയങ്ക ഗാന്ധി വന്നാല്‍; കോണ്‍ഗ്രസ് വന്‍ മാറ്റത്തിന്
ന്യൂഡല്‍ഹി: ശക്തമായ പ്രതിപക്ഷമില്ലാത്തതാണ് രാജ്യം നേരിടുന്ന വെല്ലുവിളി എന്ന് നിരീക്ഷിക്കുന്നവരുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടാം തവണയും ബിജെപി അധികാരം പിടിച്ചത് കൂടുതല്‍ ശക്തിയോടെയാണ്. ചിന്നഭിന്നമായ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യപ്പെടുമെന്ന് നേരത്തെ ചര്‍ച്ചകള്‍ വന്നിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേരിയ തിരിച്ചടികള്‍ ലഭിച്ചെങ്കിലും അവര്‍ മറ്റു പല രീതിയിലും ഭരണം പിടിക്കുന്നതിനും രാജ്യം സാക്ഷിയായി.
എന്നാല്‍ മറുഭാഗത്ത് കോണ്‍ഗ്രസ് ഓരോ ദിവസവും ഇടിഞ്ഞുതകരുകയാണ്. കുറ്റപ്പെടുത്തലും തിരിച്ചുവരവിന് ശ്രമിക്കണമെന്ന ആവശ്യവും ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഈ മാസം 16ന് ഡല്‍ഹിയില്‍ നടക്കും. മൂന്ന് കാര്യങ്ങളാണ് പ്രധാന ചര്‍ച്ച. വിശദാംശങ്ങള്‍ ഇങ്ങനെ....

നോട്ട് നിരോധനവും ആള്‍ക്കൂട്ട കൊലപാതകങ്ങളും തീര്‍ത്ത പ്രതിഷേധത്തില്‍ മോദി ഭരണം എരിഞ്ഞ് തീരുമെന്നായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണം. എന്നാല്‍ കേരളത്തില്‍ മാത്രമാണ് കാര്യമായ മുന്നേറ്റം കോണ്‍ഗ്രസിനുണ്ടാക്കാന്‍ സാധിച്ചത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ പോലും ബിജെപി വെന്നിക്കൊടി നാട്ടി. മോദിയുടെ രണ്ടാം വരവ് കോണ്‍ഗ്രസിനെ കൂടുതല്‍ തളര്‍ത്തി.

രണ്ടാം മോദി സര്‍ക്കാര്‍ വളരെ വേഗത്തില്‍ അജണ്ടകള്‍ നടപ്പാക്കുന്നതാണ് പിന്നീട് കണ്ടത്. കശ്മീര്‍, അയോധ്യ, കാര്‍ഷിക നിയമങ്ങള്‍, പൗരത്വ ഭേദഗതി നിയമം തുടങ്ങി ഒന്നിന് പിറകെ ഒന്നായി നിയമങ്ങളും തീരുമാനങ്ങളും മോദി സര്‍ക്കാര്‍ നടപ്പാക്കി. പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഒന്നിച്ചല്ലാത്തതിനാല്‍ കാര്യമായ ശബ്ദമുണ്ടായില്ല. സിഎഎക്കെതിരെ തുടങ്ങിയ പ്രതിഷേധമാണ് അല്‍പ്പമെങ്കിലും രാജ്യവ്യാപകമായത് എന്ന് പറയാം. കൊവിഡ് വ്യാപനവും ഡല്‍ഹി കലാപവും സിഎഎ സമരം നിലയ്ക്കുന്നതിലേക്ക് എത്തി.

മോദി സര്‍ക്കാര്‍ തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമ്പോള്‍ ശക്തമായ പ്രതിപക്ഷമായി നില കൊള്ളേണ്ട കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുന്നതാണ് പിന്നീട് കണ്ടത്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവച്ചു. സമവായത്തിന്റെ ഭാഗമായി സോണിയ ഗാന്ധി വീണ്ടും അധ്യക്ഷ പദവി ഏറ്റെടുത്തു. രാഹുല്‍ അധ്യക്ഷനാകണം എന്ന് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മുഖവിലക്കെടുത്തില്ല. നിരന്തരമായ ആവശ്യങ്ങള്‍ പല കോണില്‍ നിന്നും ഉയരവെയാണ് കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണ സമിതിയായ പ്രവര്‍ത്തക സമിതി യോഗം ഈ മാസം 16ന് ചേരാന്‍ പോകുന്നത്.

ഇനി ഏഴ് ദിവസമാണ് പ്രവര്‍ത്തക സമിതി യോഗത്തിനുള്ളത്. യോഗത്തില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത്. ഒന്ന് സംഘടനാ തിരഞ്ഞെടുപ്പാണ്. പുതിയ അധ്യക്ഷന്‍ കോണ്‍ഗ്രസിന് വരുമെന്നാണ് കരുതുന്നത്. അത് ആരാകണം എന്ന കാര്യത്തില്‍ സുപ്രധാന തീരുമാനം പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടാകും. ഡല്‍ഹിയിലെ അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്ത് 10 മണിക്ക് തുടങ്ങുന്ന പ്രവര്‍ത്തക സമിതി യോഗം ആകാംഷയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്.

രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. എന്നാല്‍ രാഹുല്‍ അശക്തനും ദുര്‍ബല ഹൃദയനുമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ ആസൂത്രിത നീക്കം നടത്തുന്നു എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. പപ്പു വിളി പോലും അതിന്റെ ഭാഗമാണ് എന്ന് അവര്‍ കരുതുന്നു. ശക്തനായ ഒരു നേതാവില്ലാതെ വരുമ്പോള്‍ കോണ്‍ഗ്രസ് വേഗത്തില്‍ ദുര്‍ബലമാകും. അതുതന്നെയാണ് രാഷ്ട്രീയ ശത്രുക്കളുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു.

പ്രിയങ്ക ഗാന്ധി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്നു. ഉത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ ബിജെപി നേതാക്കളുടെ വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം പരമാവധി മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി ഈ വിഷയത്തില്‍ നടത്തിയ ഇടപെടല്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. പ്രിയങ്കയെ അറസ്റ്റ് ചെയ്ത നടപടി രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഇത് തിരിച്ചടിയാകുമെന്ന ആശങ്കയാണ് വേഗത്തില്‍ അവരെ മോചിപ്പിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

പ്രിയങ്കയുടെ ഇടപെടല്‍ ഇന്ദിര ഗാന്ധിയുടേതിന് സമാനമാണ് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രിയങ്കയുടെ ലഖീംപുര്‍ യാത്ര ഇന്ദിര ബിഹാറിലേക്ക് നടത്തിയ യാത്രയുമായി താരതമ്യം ചെയ്തു ചില മാധ്യമങ്ങള്‍. എന്നാല്‍ പ്രിയങ്കയെ ഇന്ദിരയുമായി താരതമ്യം ചെയ്യരുതെന്നും പ്രിയങ്ക പുതിയ രാഷ്ട്രീയ ചരിത്രത്തിന് തുടക്കമിടുകയാണെന്നും പറയുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ട്. പ്രിയങ്കയുടെ യുപിയിലെ ഇടപെടല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അര്‍ധരാത്രി പോലും പ്രതിഷേധങ്ങള്‍ നടന്നത് ഇതിന്റെ സൂചനയാണ്.

അഞ്ച് സംസ്ഥാനങ്ങളില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഉത്തര്‍ പ്രദേശ് ആണ് ഇതില്‍ പ്രധാനം. കൂടാതെ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. ഇവിടെ ഗ്രൂപ്പ് പോര് ശക്തമാണ്. അമരീന്ദറിനെ മാറ്റി ദളിത് നേതാവ് ചരഞ്ജിത് സിങിനെ മുഖ്യമന്ത്രിയാക്കി തല്‍ക്കാലം പ്രശ്‌നം തീര്‍ത്തിട്ടുണ്ടെങ്കിലും പഞ്ചാബ് കോണ്‍ഗ്രസില്‍ കനലടങ്ങിയിട്ടില്ല.
പുഴയുടെ സൗന്ദര്യം കൂട്ടി കുമ്പളങ്ങിയിലെ സിമി; തൂവെള്ളയില്‍ തിളങ്ങി പുതിയ ഫോട്ടോ ഷൂട്ട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഇളക്കമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് ഒരു തിരിച്ചുവരവ് സാധ്യമാകൂ. ഇന്നലെ പുറത്തുവന്ന എബിപി-സിവോട്ടര്‍ അഭിപ്രായ സര്‍വ്വേയില്‍ വ്യക്തമാകുന്നത് കോണ്‍ഗ്രസ് ഇനിയും തകരുമെന്നാണ്, പഞ്ചാബില്‍ കോണ്‍ഗ്രസിനെ പിന്തള്ളി എഎപി വലിയ കക്ഷിയാകുമെന്നാണ് പ്രവചനം. മറ്റ് നാലിടത്തും കോണ്‍ഗ്രസന് ഭരണം പിടിക്കാന്‍ സാധിക്കില്ല. ഉത്തരാഖണ്ഡിലും മണിപ്പൂരിലും മാത്രമേ നേരിയ സാധ്യത പോലും സര്‍വ്വെയില്‍ കോണ്‍ഗ്രസിന് കല്‍പ്പിക്കുന്നുള്ളൂ.

സംഘടനാ തിരഞ്ഞെടുപ്പിന് പുറമെ പ്രവര്‍ത്തക സമിതി പ്രധാനമായും ചര്‍ച്ച ചെയ്യുക വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളാണ്. കൂടാതെ കര്‍ഷക സമരം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം, സഖ്യസാധ്യതകള്‍ എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. മൂന്ന് കാര്യങ്ങള്‍ പ്രധാനമായും പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യുമ്പോള്‍ ജി23 ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുമോ എന്നതാണ് പ്രധാനം. പുതിയ അധ്യക്ഷനെയാണ് അവര്‍ ചോദിക്കുന്നത്. ആരാണ് നിലവില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് പ്രവര്‍ത്തക സമിതിക്ക് ഉത്തരം നല്‍കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് പുതിയ തുടക്കമാകുമെന്ന് കരുതാം.












Click it and Unblock the Notifications