കൈക്കൂലി കൊടുക്കാത്തതിന് ചുട്ടുകൊന്നു
ദില്ലി: ആവശ്യപ്പെട്ട കൈക്കൂലിത്തുക നല്‍കാത്തതിന് രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ഒരാളെ ചുട്ടുകൊന്നതായി പരാതി. ദക്ഷിണ ദില്ലിയിലെ ഖാന്‍പുര്‍ എന്ന സ്ഥലത്താണ് സംഭവം. എന്നാല്‍ സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ ഭാഷ്യം.
ഉദയ് ചന്ദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകന് ഓട്ടോറിക്ഷ പെര്‍മിറ്റിന് വേണ്ടിയാണ് പോലീസുകാര്‍ കൈക്കൂലി ആവശ്യപ്പെട്ടത് എന്ന് പറയുന്നു. 20000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം പോലീസുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പോലീസുകാരേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഉദയ് ചന്ദിന്റെ മകന്‍ നവീന്‍ ചന്ദിന്റേതാണ് ഓട്ടോറിക്ഷ. പ്രദേശത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ അനുമതി കിട്ടണമെങ്കില്‍ 20000 രൂപ കൈക്കൂലി നല്‍കണം എന്നാവശ്യപ്പെട്ട് പോലീസുകാര്‍ തടഞ്ഞുവച്ചു. 2013 നവംബര്‍ ആറിനായിരുന്നു സംഭവം. അടുത്ത ദിവസം പോലീസുകാര്‍ പിന്നെയും നവീനിനെ തടഞ്ഞുവക്കുകയും അടിക്കുകയും ചെയ്തു. ഇതോടെ നവീന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടു. ഉടന്‍ തന്നെ പോലീസ് വണ്ടി സ്ഥലത്തെത്തിയെങ്കിലും നവീനിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവര്‍ വിസമ്മതിച്ചു. ഈ സമയത്താണ് നവീന്‍ പിതാവായ ഉദയ് ചന്ദിനെ വിളിക്കുന്നത്.
ഉദയ് ചന്ദ് ടാക്‌സി ഡ്രൈവറാണ്. സ്ഥലത്തെത്തിയ ഇദ്ദേഹം പോലീസുകാരോട് സംസാരിച്ചു. തവണകളായി പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും പോലീസുകാര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഇത് വാക്കേറ്റമായി. ഇതോടെ രണ്ട് പോലീസുകാരും ചേര്‍ന്ന് ഉദയ് ചന്ദിനെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രക്കിന് പിറകിലേക്ക് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ ചെര്‍ന്ന് ഉയദ് ചന്ദിനെ ആശുപത്രിയില്‍ ആക്കിയെങ്കിലും ഞായറാഴ്ചയോടെ മരിച്ചു. നവീനിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications