രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഇരുപത്തിയേഴായിരത്തിനടുത്ത്; മരണം 826
ദില്ലി: രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1975 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 26,917 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ ബാധയെ തുടര്‍ന്ന് 47 പേരാണ് മരണപ്പെട്ടത്. രാജ്യത്തെ മരണസംഖ്യ 826 ആയി. അപ്പോള്‍ ചികിത്സയിലുള്ളത് 20117 പേരാണ്. ഇതില്‍ 77 പേര്‍ വിദേശത്ത് നിന്നുള്ളവരാണ്. 5914 പേര്‍ രോഗ മുക്തി നേടി ആശുപത്രി വിട്ടു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ 7628 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടു പിന്നാലെ ഗുജറാത്തില്‍ 3071 പേര്‍ക്കും ദില്ലിയില്‍ 2625 പേര്‍ക്കും രാജസ്ഥാനില്‍ 2083 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ മരണനിരക്കും മഹാരാഷ്ട്രയില്‍ തന്നെയാണ് കൂടുതല്‍. മഹാരാഷ്ട്ര-323, ദില്ലി-54, ഗുജറാത്ത്-133, മധ്യപ്രദേശ്-99, തെലുങ്കാന-26,ആന്ധപ്രദേശ്-31, ഉത്തര്‍പ്രദേശ്-29, പഞ്ചാബ്-17, കര്‍ണ്ണാടക-18 എന്നിങ്ങനെയാണ് മരണനിരക്ക്.
കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത്. കേരളം ഇതുവരേയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒറ്റയടിക്ക് പൂര്‍ണ്ണമായും സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ നീക്കില്ലെന്നാണ് സൂചന.ട
കേരളത്തില്‍ ഇന്ന് പുതുതായി 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്പെയിന്‍) രണ്ട് പേര്‍ തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
ആഗോളതലത്തിലും രോഗ ബാധിതര്‍ വര്‍ധിച്ചു വരികയാണ്. രോഗ ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോടടുക്കുകയാണ്. ഒപ്പം മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 203289 പേരാണ് ഇതുവരേയും കൊറോണ വൈറസ് രോഗം പിടിപെട്ട് മരണപ്പെട്ടിട്ടുള്ളത്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 54,268 ആണ്.