കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: 5 ജില്ലകളില്‍ 'ലോക്ക് ഡൗണ്‍' പ്രഖ്യാപിച്ച് ഒഡീഷ; ഒരു രൂപയ്ക്ക് ഒരുകിലോ അരി നല്‍കും

  • By Desk
Google Oneindia Malayalam News

ഭുവനേശ്വര്‍: രണ്ട് കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതോടെ ഒഡീഷ കുടതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. മാര്‍ച്ച് 21 ന് ഉച്ചവരെ 70 സാംപിളുകള്‍ ആയിരുന്നു സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ഒരു പരിശോധനാ റിപ്പോര്‍ട്ട് ഇനിയും ലഭിക്കാനുണ്ട്.

വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ അഞ്ച് ജില്ലകളില്‍ 'ലോക്ക് ഡൗണ്‍' പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഖോദ്ര, ഘട്ടക്ക്, ഗന്‍ജാം, കെന്ദ്രെപര, അനുഗുല്‍ ജില്ലകളിലാണ് മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 29 വരെ ലോക്ക് ഡൗണ്‍ ഉള്ളത്. കൂടാതെ പുരി, റൂര്‍ക്കല, സംബല്‍പുര്‍, ഝാര്‍സുഗുഡ, ബലാസോര്‍, ജാജ്പുര്‍ റോഡ്, ജാജ്പുര്‍ ടൗണ്‍, ഭദ്രക് എന്നീ നഗരങ്ങള്‍ക്കും ലോക്ക് ഡൗണ്‍ ബാധകമാണ്.

ഈ സ്ഥലങ്ങളില്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ തങ്ങണമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നാണ് നിര്‍ദ്ദേശം. ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ തുറക്കും. മരുന്നുകള്‍, പലചരക്കുകള്‍, പച്ചക്കറികള്‍, മാംസം, പാല്‍ തുടങ്ങിയവയുടെ ലഭ്യതയ്ക്ക് ഒരു തടസ്സവും ഉണ്ടാവില്ല. ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. പോലീസ്, ഫയര്‍ ഫോഴ്‌സ്, വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി, ബാങ്കുകള്‍, എടിഎമ്മുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവയെല്ലാം പ്രവര്‍ത്തന സജ്ജമായിരിക്കും.

Coronavirus

രോഗം സ്ഥിരീകരിക്കപ്പെട്ട രണ്ട് പേര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. 56 പേരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ഇവരില്‍ 53 പേരെ ആരോഗ്യവകുപ്പ് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. മൂന്ന് പേരെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുകയാണ്. രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 23 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ ആണ്.

കോവിഡ് 19 റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രോഗബാധിതരുടേയോ അവരുമായി ബന്ധപ്പെട്ടവരുടേയോ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ പാടില്ല. രോഗം ബാധിച്ചവരേയോ അവരുടെ ബന്ധുക്കളേയോ അഭിമുഖം നടത്താന്‍ പാടില്ല. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും.

വൈറസ് ബാധയുടെ സാഹചര്യത്തില്‍ പാവപ്പെട്ടവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്നും ഒഡീഷ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ പദ്ധതി ഇതിനായി വിപുലീകരിക്കും. ഇതില്‍ പെടുന്നവര്‍ക്ക് പ്രതിമാസം കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അഞ്ച് കിലോഗ്രാം അരി നല്‍കും. ഏപ്രില്‍, മെയ്, ജൂണ്‍ വരെ ഇത് തുടരും. മാര്‍ച്ച് 24 മുതല്‍ തന്നെ അരി വിതരണം തുടങ്ങും.

സ്‌കൂളുകളും പൊതു വിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഹോസ്റ്റലുകള്‍ ഉടനടി അടയ്ക്കണം. രക്ഷിതാക്കള്‍ എത്താത്ത കുട്ടികളെ അവിടെ തന്നെ പാര്‍പിക്കണം. കുട്ടികളുടെ ഉച്ചഭക്ഷണത്തെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. മൂന്ന് മാസത്തേക്കുള്ള ഉച്ച ഭക്ഷണത്തിനുള്ള അരി മുന്‍കൂര്‍ നല്‍കും. സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍, രക്ഷിതാക്കള്‍ക്ക് കൂപ്പണ്‍ നല്‍കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് അടുത്തുള്ള റേഷന്‍ കടയില്‍ നിന്ന് അരി വാങ്ങാം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സ്‌കൂളുകളും തെറാപ്പി സെന്ററുകളും ജൂണ്‍ 30 വകെ അടച്ചു. ഇവിടങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് പ്രതിമാസം 1,200 രൂപ വീതം നല്‍കും. കൂടാതെ മറ്റ് ചിലവുകള്‍ക്കായി 500 രൂപയും നല്‍കും.

English summary
Coronavirus: Odisha declares Lock Down for 5 districts and 8 Towns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X