വീണ്ടും കുരുക്ക്, രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടീസ്
ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ പേരിലുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പാര്‍ലമെന്റില്‍ രാഹുല്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറലായതിന്റെ നാണക്കേട് തീരുന്നതിന് മുന്‍പേ കോടതിയില്‍ ഹാജരാകാന്‍ വേണ്ടി നോട്ടീസും കിട്ടി. ആര്‍ എസ് എസിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തി എന്ന പരാതിയിലാണ് രാഹുലിന് കോടതി നോട്ടീസയച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഭിവാണ്ടി കോടതി വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് മുമ്പായി രാഹുല്‍ കോടതിയില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നടത്തിയ പ്രസംഗത്തില്‍ ആവേശം കയറി പറഞ്ഞ വാക്കുകളാണ് രാഹുല്‍ ഗാന്ധിക്ക് വിനയായിരിക്കുന്നത്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍ എസ് എസിന് ബന്ധമുണ്ട് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്. ആര്‍ എസ് എസിലുള്ള ആളുകളാണ് ഗാന്ധിജിയെ വെടിവെച്ചുകൊന്നത് എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇപ്പോള്‍ അതേ ആര്‍ എസ് എസ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും രാഹുല്‍ ആരോപിച്ചു.
മഹാരാഷ്ട്രയിലെ ഭിവാണ്ടിയിലെ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ മാര്‍ച്ച് ആറിനാണ് രാഹുല്‍ ഗാന്ധി വിവാദ പ്രസംഗം നടത്തിയത്. ഭിവാണ്ടിയിലെ ആര്‍ എസ് എസ് സെക്രട്ടറി രാജേഷ് കുണ്ഡെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ കോടതി വിധിക്കെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം എന്നും ഇത് തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് നടത്തിയതാണ് എന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.












Click it and Unblock the Notifications