രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, 24 മണിക്കൂറിനിടെ 1800 പുതിയ രോഗികൾ, 6 മരണം
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 5,30,87 ആയി.
സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുമാണ് രാജേഷ് ഭൂഷണ്‍ കൂടിക്കാഴ്ച നടത്തുക. കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകള്‍ യോഗത്തില്‍ വിലയിരുത്തും.

ദേശവ്യാപകമായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വരുന്ന മാസം മോക്ക് ഡ്രില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇക്കാര്യം രാജേഷ് ഭൂഷണ്‍ യോഗത്തില്‍ വെച്ച് സംസ്ഥാനങ്ങളെ അറിയിക്കും. എല്ലാ സ്വകാര്യ, പൊതു ആരോഗ്യ കേന്ദ്രങ്ങളും മോക്ക് ഡ്രില്ലില്‍ പങ്കെടുക്കേണ്ടതുണ്ട്. മരുന്നുകളുടെ ലഭ്യത, ആശുപത്രി കിടക്കകള്‍, ഉപകരങ്ങള്‍, മെഡിക്കല്‍ ഓക്‌സിജന്‍ അടക്കമുളള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മോക്ക് ഡ്രില്‍ ഉണ്ടാവുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത നിര്‍ദേശത്തില്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുളള കൊവിഡ് പരിശോധനകളില്‍ കുറവ് വന്നിരിക്കുന്നതായി കേന്ദ്രം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ കൊവിഡ് പരിശോധനകള്‍ നിര്‍ണായകമാണ്. പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപപ്പെടുന്നത് കണ്ടെത്തുകയും വൈറസ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ശനിയാഴ്ച രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകള്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 149 ദിവസങ്ങള്‍ക്കിടെയുളള ഉയര്‍ന്ന സംഖ്യയാണിത്.












Click it and Unblock the Notifications