കൊവിഡ് ഭീഷണി ഒഴിയുന്നു; സ്കൂളുകൾ തുറക്കാനൊരുങ്ങി 14 ഓളം സംസ്ഥാനങ്ങൾ
ദില്ലി; രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാനൊരുങ്ങി 14 സംസ്ഥാനങ്ങൾ. അതേസമയം പ്രൈമറി തലം മുതൽ ക്ലാസുകൾ ആരംഭിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശുപാർശ നൽകിയിട്ടുണ്ടെങ്കിലും മുതിർന്ന വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളാണ് സംസ്ഥാനങ്ങൾ പരിഗണിക്കുന്നത്.
രാജ്യത്തുടനീളമുള്ള 50% അധ്യാപകരും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചവരാണെന്ന് നീതി അയോഗ് അംഗം വികെ പോൾ പറഞ്ഞു. അധ്യാപകർക്ക് മുൻഗണന ഇല്ലേങ്കിലും സ്കൂളുകൾ തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ മുഴുവൻ അധ്യാപകരോടും വാക്സിൻ എടുക്കാൻ വിവിധ സർക്കാരുകൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് സംസ്ഥാനങ്ങൾ ഓഗസ്റ്റ് പകുതിയോടെ ക്ലാസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നുണ്ടെന്ന് ലോക്‌സഭയിൽ കോൺഗ്രസ് എംപി ശശി തരൂരിന്റെ ചോദ്യത്തിന് മറുപടിയായി, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. ജുലൈ പകുതി മുതൽ 9 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഹരിയാനയും ജുലൈ 26 ഓടെ 11, 12 ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായി നാഗാലാന്റും ക്ലാസുകൾ ആരംഭിച്ചിരുന്നു.
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് ആദ്യവാരം ക്ലാസുകൾ ആരംഭിച്ചട്ടുണ്ട്.അതേസമയം ലക്ഷദ്വീപും പുതുച്ചേരിയും മാത്രമാണ് മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ ആരംഭിച്ചത്. മറ്റിടങ്ങളിൽ മുതിർന്ന കുട്ടികൾക്കുള്ള ക്ലാസുകൾ മാത്രമാണ് ആരംഭിച്ചത്. ആന്ധ്രാപ്രദേശ് ആഗസ്റ്റ് 16 മുതൽ സ്കൂളുകൾ തുറക്കും. ഉത്തർപ്രദേശ് ഇന്റർമീഡിയറ്റ് വിദ്യാർത്ഥികൾക്കായി ഓഗസ്റ്റ് 16 മുതൽ ക്ലാസുകൾ പുനരാരംഭിക്കും.
സ്കൂളുകൾ തുറക്കാൻ ഒരുങ്ങുന്നതായി നേരത്തേ കേരളവും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പും വിദഗ്ധ സമിതിയും ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സർക്കാർ അറിയിച്ചത്. അതേസമയം കേസുകള്‍ ഉയർന്ന സാഹചര്യത്തിൽ ഉടന്‍ ക്ളാസ് തുടങ്ങാനാവില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്.കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിട്ടില്ലെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.മുൻഗണന നൽകി കുട്ടികളിലും വാക്സിൻ എത്തിക്കാൻ കഴിഞ്ഞാൽ സർക്കാർ ഘട്ടംഘട്ടമായി വിദ്യാലയങ്ങൾ തുറന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സ്കൂളുകൾ നീണ്ട നാൾ അടഞ്ഞ് കിടന്നത് കുടുംബങ്ങളുടെ സാമൂഹിക ഘടനയെ ബാധിച്ചുവെന്നും ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നതിനും കുട്ടികളെ വീട്ടിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതിനും കാരണമായെന്നും നേരത്തേ പാർലമെന്ററി പാനൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ പോഷണത്തെയും മാനസികാരോഗ്യത്തെയും നടപടി ബാധിച്ചതായും പാനൽ ചൂണ്ടിക്കാട്ടി. ക്ലാസുകൾ ദീർഘനാൾ ഇല്ലാതാകുന്നത് വിദ്യാർത്ഥികളുടെ വൈജ്ഞാനിക ശേഷിയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുയ.
കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 15 ലക്ഷത്തിലധികം സ്കൂളുകളായിരുന്നു അടച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന് മുൻപ് ചുരുക്കം ചില സ്കൂളുകൾ മാത്രമായിരുന്നു വീണ്ടും ക്ലാസുകൾ ആരംഭിച്ചത്. നിലവിൽ 25 കോടിയിലധികം സ്കൂൾ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നതായാണ് കണക്കുകൾ.
അതിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. നിലവിൽ ചികിത്സയിലുള്ളത് 3,86,351 പേരാണ്.രാജ്യത്താകമാനം ഇതുവരെ 3,12,20,981 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.16 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 51.9 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതതയാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.












Click it and Unblock the Notifications