കൊവിഡ് മാനദണ്ഡം ലംഘിച്ചു; അമിത് ഷായ്‌ക്കെതിരെ പരാതിയുമായി എസ്പി
ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപണവുമായി സമാജ് വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൈരാനയില്‍ അമിത് ഷാ നടത്തിയ പ്രചാരണം കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് സമാജ് വാദി പാര്‍ട്ടി ആരോപിക്കുന്നത്. സംഭവത്തില്‍ സമാജ്വാദി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ശനിയാഴ്ച കൈരാന ജില്ലയില്‍ അമിത് ഷാ ഭവന സന്ദര്‍ശനം നടത്തിയിരുന്നു.
അമിത് ഷായ്‌ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും സമാജ് വാദി പാര്‍ട്ടിയുടെ പരാതിയില്‍ പറയുന്നു. അമിത് ഷായുടെ ഭവന സന്ദര്‍ശനത്തിനിടെ നിരവധി പേര്‍ തടിച്ചുകൂടിയെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പരസ്യമായി ലംഘിച്ചുവെന്നും പരാതിയിലുണ്ട്. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് ബി ജെ പിക്കും അമിത് ഷായ്ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യം.

അതേസമയം സംസ്ഥാനത്ത് ഇത്തവണയും ബി ജെ പിയുടെ സീറ്റ് 300 കടക്കുമെന്ന് അമിത് ഷാ പ്രചരണത്തില്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടി ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രചരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ബി ജെ പി. അഖിലേഷിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രചരണത്തില്‍ മുന്നേറുമ്പോഴാണ് അമിത് ഷാ ഉത്തര്‍ പ്രദേശിലെത്തിയത്. ബി ജെ പിയുടെ പ്രകടനം മെച്ചപ്പെടുത്താനും വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് നല്‍കി. വീടുതോറുമുള്ള പ്രചാരണം എങ്ങനെ നടത്തണമെന്നുള്ള നിര്‍ദേശം ഓരോ ബി ജെ പി പ്രവര്‍ത്തകനും അമിത് ഷാ നല്‍കിയിട്ടുണ്ട്. ഇതിന്റെ ചുമതല നിര്‍വ്വഹിക്കാന്‍ പ്രത്യേകം ആളുകളേയും ചുമതപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്ന യോഗത്തില്‍ 75 പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രത്യേക കാറ്റഗറിയുടെ അടിസ്ഥാനത്തിലായിരുന്നു അമിത് ഷായുടെ യോഗത്തില്‍ പങ്കെടുക്കേണ്ട പ്രവര്‍ത്തകരെ തിരഞ്ഞെടുത്തത്. പാര്‍ട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള ഓരോ വോട്ടും ബൂത്തുകളിലേക്ക് എത്തിക്കേണ്ടതിന്റ ചുമതലയാണ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ളത്. ചാഞ്ചാടി നില്‍ക്കുന്ന വോട്ടര്‍മാരേയും ചാഞ്ചാട്ടമുള്ള മണ്ഡലങ്ങളേയും ആദ്യം തന്നെ സമീപിച്ച് നല്ല ബന്ധം സ്ഥാപിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു.

ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ഫെബ്രുവരി 10 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 14 ന് നടക്കുന്ന രണ്ടാം ഘട്ടവും ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും 23 ന് നാലാം ഘട്ടവും നടക്കും. ഫെബ്രുവരി 27-അഞ്ചാം ഘട്ടം, മാര്‍ച്ച് 3-ആറാം ഘട്ടം, മാര്‍ച്ച് 7 ഏഴാം ഘട്ടം എന്നിങ്ങനെയാണ് തുടര്‍ന്നുള്ള വോട്ടിങ്. മാര്‍ച്ച് 10 ന് മറ്റ് സംസ്ഥാനങ്ങളോടൊപ്പം തന്നെ വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 403 ആണ് നിയമസഭയുടെ അംഗബലം. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് 311 സീറ്റില്‍ മത്സരിച്ച എസ് പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. ബി എസ് പി 19 സീറ്റിലും വിജയിച്ചു.


Click it and Unblock the Notifications