ഡബിള്‍ ഹാട്രിക്കുമായി കോണ്‍ഗ്രസ്: ഡല്‍ഹിയില്‍ ഇത്തവണയും നിലം തൊട്ടില്ല; ആശ്വാസം ഒരു കണക്കില്‍ മാത്രം
ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തിദുർഗമായ പ്രദേശമാണ് ഡല്‍ഹി. ഷീലാ ദീക്ഷിതിന് കീഴില്‍ അവർ തുടർച്ചയായ മൂന്ന് തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ചരിത്രം കുറിച്ചു. എന്നാല്‍ എ എ പിയുടെ പിറവിയോടെ തിരിച്ചടികള്‍ നേരിട്ട് തുടങ്ങിയ അവർക്ക് ഇത്തവണയും രാജ്യതലസ്ഥാനത്ത് സീറ്റൊന്നും ലഭിച്ചില്ല. തുടർച്ചയായ മൂന്നാം തവണയാണ് കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ സംപൂജ്യരാകേണ്ടി വന്നത്. 2015 ലും 2020 ലും പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും പരാജയപ്പെട്ട കോണ്‍ഗ്രസിന് ഇത് തുടർച്ചയായ മൂന്നാം തിരഞ്ഞെടുപ്പ് തോല്‍വിയുമാണ്.
ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ എ എ പിയും കോണ്‍ഗ്രസും ഒരുമിച്ചായിരുന്നു മത്സരിച്ചത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് വന്നപ്പോള്‍ ഇരുപാർട്ടികളും തനിച്ച് പോരാടാന്‍ തീരുമാനിക്കുകയായിരുന്നു. വലിയ പ്രചരണം നടത്തി കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിട്ടത് എ എ പി പിടിച്ചെടുത്ത തങ്ങളുടെ വോട്ട് ബാങ്ക് തിരികെ പിടിക്കുക എന്നതായിരുന്നു. അതിനാല്‍ തന്നെ ബി ജെ പിയേക്കാള്‍ എ എ പിക്കെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണം.

ശക്തമായ പ്രചരണം നടത്തിയ പാർട്ടിയുടെ പ്രതീക്ഷ ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു. എന്നാല്‍ ഒരിടത്ത് പോലും ആരും വിജയിച്ചില്ല. ബദ്ലിയില്‍ ഡി പി സി സി അധ്യക്ഷന്‍ ദേവന്ദ്ര യാദവ് നടത്തിയ പോരാട്ടം മാത്രമാണ് ഏക ആശ്വാസം. ഒരുഘട്ടത്തില്‍ മണ്ഡലത്തില്‍ ലീഡ് പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നെങ്കിലും അവസാനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി ജെ പിയുടെ ആഹിർ ദീപക് ചൌധരിയാണ് ഇവിടെ വിജയിച്ചത്.
വോട്ട് വിഹിതം വർധിപ്പിക്കാന്‍ സാധിച്ചു എന്നുള്ളതാണ് ഇത്തവണ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ചൂണ്ടിക്കാണിക്കാനുള്ള ഏക അനുകൂല ഘടകം. 2020 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 4.26 ശതമാനമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ട് വിഹിതമെങ്കില്‍ ഇത്തവണ അവർ അത് 6.38 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ബി ജെ പി 45.90, എ എ പി 43.72 എന്നിങ്ങനെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള പാർട്ടികളുടെ വോട്ടുവിഹിതം.
അതേസമയം ആകെയുള്ള 70 സീറ്റുകളില്‍ 47 ലാണ് ബി ജെ പി സ്ഥാനാർത്ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് ഡല്‍ഹിയില്‍ വേണ്ടത്. മുന്നിട്ട് നില്‍ക്കുന്ന 47 ല്‍ 13 സീറ്റുകളില്‍ ഇതിനോടകം തന്നെ വിജയിച്ച് കഴിഞ്ഞു. മറുവശത്ത് എ എ പിക്കാകട്ടെ 23 സീറ്റിലാണ് മേധാവിത്വമുള്ളത്. ഇതില്‍ 11 സീറ്റുകളില്‍ അവർ വിജയിച്ച് കഴിഞ്ഞു.












Click it and Unblock the Notifications