നാണംകെട്ട് സിപിഎമ്മും സിപിഐയും ബിഎസ്പിയും; വോട്ട് ലഭിച്ചത് നോട്ടയ്ക്ക് പിറകില്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികളായ സി പി എമ്മിനും ബി എസ് പിക്കും കനത്ത തിരിച്ചടി. നോട്ടയ്ക്കും പിറകിലായാണ് സി പി എമ്മും ബി എസ് പിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫിനിഷ് ചെയ്തത്. നോട്ടയ്ക്ക് 0.57 ശതമാനം വോട്ടാണ് ഡല്‍ഹിക്ക് ലഭിച്ചത്. 0.55 ശതമാനം വോട്ടാണ് ബിഎസ്പി നേടിയത്. സി പി എമ്മിനാകട്ടെ വെറും 0.01 ശതമാനം വോട്ട് മാത്രമാണ് ഡല്‍ഹിയില്‍ ലഭിച്ചത്.
ജെ ഡി യുവിന് 0.53 ശതമാനം വോട്ടും സി പി ഐയ്ക്ക് 0.01 ശതമാനം വോട്ടുമാണ് ലഭിച്ചത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബി എസ് പിയും സിപിഎമ്മും ദേശീയ പാര്‍ട്ടികളായി അംഗീകരിക്കപ്പെട്ടവരാണ്. കോണ്‍ഗ്രസ്, ബി ജെ പി, എ എ പി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയാണ് ഡല്‍ഹിയില്‍ മത്സരരംഗത്തുണ്ടായിരുന്ന മറ്റ് അംഗീകൃത ദേശീയ പാര്‍ട്ടികള്‍.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് 2013-ല്‍ ആണ് നോട്ട അവതരിപ്പിക്കുന്നത്. വോട്ടര്‍മാര്‍ക്ക് അവരുടെ തിരഞ്ഞെടുപ്പിന്റെ രഹസ്യം നിലനിര്‍ത്തിക്കൊണ്ട് എല്ലാ സ്ഥാനാര്‍ത്ഥികളെയും നിരസിക്കാന്‍ അനുവദിക്കുന്ന സംവിധാനമാണിത്. അതേസമയം ഡല്‍ഹിയില്‍ 27 വര്‍ഷത്തിന് ശേഷം ബി ജെ പി അധികാരം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ തറപറ്റിച്ചാണ് ബി ജെ പിയുടെ ജയം.
ആം ആദ്മി പാര്‍ട്ടിക്ക് 43.59 ശതമാനം വോട്ടാണ് ലഭിച്ചത്. ബി ജെ പി 46.13 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസ് (6.38%), എ ഐ എം ഐ എം (0.75%), എല്‍ ജെ പി ആര്‍ വി (0.57%), എന്‍ സി പി (0.03%) എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. ഫെബ്രുവരി അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ 60.54% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 1.55 കോടിയിലധികം വോട്ടര്‍മാരില്‍ 94,51,997 പേര്‍ വോട്ട് രേഖപ്പെടുത്തി.
70 അംഗ നിയമസഭയില്‍ 48 സീറ്റ് ഉറപ്പിച്ചാണ് ബി ജെ പി അധികാരത്തില്‍ എത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 36 സീറ്റാണ് വേണ്ടത്. ആം ആദ്മി പാര്‍ട്ടി 22 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല. 2015 ലും 2020 ലും കോണ്‍ഗ്രസിന് ഡല്‍ഹി നിയമസഭയില്‍ ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല.












Click it and Unblock the Notifications