ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം: വോട്ടെണ്ണല്‍ കൃത്യം 8 ന് ആരംഭിക്കും; പ്രതീക്ഷയോടെ ബിജെപിയും എഎപിയും
ഡല്‍ഹി: രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. 70 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കൃത്യം 8 മണിക്ക് ആരംഭിക്കും. തുടക്കത്തില്‍ തന്നെ തപാല്‍ വോട്ടുകള്‍ക്കൊപ്പം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും എണ്ണും. തുടർച്ചയായ നാലാം തവണയും എ എ പി ഡല്‍ഹിയില്‍ വിജയം പ്രതീക്ഷിക്കുമ്പോള്‍ 26 വർഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ച് വരവാണ് ബി ജെ പി മുന്നില്‍ കാണുന്നത്.
2015 മുതൽ ഡൽഹിയിൽ അധികാരത്തിലുള്ള എ എ പിയേക്കാള്‍ ബി ജെ പിക്ക് മുൻതൂക്കം നൽകുന്നതായിരുന്നു തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും. തിരഞ്ഞെടുപ്പ് സമയത്ത് നിരവധി വെല്ലുവിളികള്‍ ഭരണകക്ഷി നേരിടേണ്ടി വന്നു. എ എ പി സർക്കാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഡൽഹി മദ്യനയ കേസായിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ഈ കേസില്‍ അകപ്പെട്ട് മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നു.

നിലനില്‍പ്പിനുളള പോരാട്ടം നടത്തുന്ന കോണ്‍ഗ്രസും ചില മണ്ഡലങ്ങളിലെങ്കിലും ശക്തമായ മത്സരം കാഴ്ചവെച്ചിട്ടുണ്ട്. 70 അംഗ നിയമസഭയിൽ കോൺഗ്രസിന് ഇത്തവണ പൂജ്യം അല്ലെങ്കിൽ രണ്ടോ മൂന്നോ സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചു. തുടർച്ചയായി 15 വർഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് പാർട്ടിക്ക് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്.
അതേസമയം, തിരഞ്ഞെടുപ്പില്‍ ബി ജെ പി 50 സീറ്റുകള്‍ നേടുമെന്ന അവകാശവാദവുമായി ഡല്‍ഹിയിലെ ബി ജെ പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ രംഗത്ത് വന്നു. 'അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന എ എ പിയുടെ അഴിമതി നിറഞ്ഞതും, അരാജകത്വവും, കഴിവുകെട്ടതുമായ ഭരണത്തിൽ ഡൽഹിയിലെ ജനങ്ങൾ മടുത്തു. അവർ ഇതിനെല്ലാം എതിരെ നിർണായകമായ വോട്ട് ചെയ്തു' സച്ച്ദേവ പറഞ്ഞു.
മറുവശത്ത് എ എ പിയാകട്ടെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളിക്കളയുകയാണ്. ഹാട്രിക് വിജയം നേടി കെജ്‌രിവാൾ നാലാം തവണയും മുഖ്യമന്ത്രിയായി മാറുമെന്നാണ് എ എ പി നേതാവ് ഗോപാൽ റായി അവകാശപ്പെടുന്നത്. പാർട്ടിക്ക് 50 വരെ സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. "കെജ്‌രിവാളിന്റെ മാർഗനിർദേശപ്രകാരം എല്ലാ സ്ഥാനാർത്ഥികളും അവരുടെ അടിസ്ഥാന റിപ്പോർട്ടുകൾ അവതരിപ്പിച്ചു, ഏഴ്-എട്ട് സീറ്റുകളിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തോടെ എ എ പി 50-ലധികം സീറ്റുകൾ നേടുമെന്നാണ് ഈ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്," ഗോപാല്‍ റായ് പറഞ്ഞു.












Click it and Unblock the Notifications