ഡൽഹി ബിജെപി പിടിക്കും, ആം ആദ്മിക്ക് ഇക്കുറി ദയനീയ തോൽവി; കോൺഗ്രസിന് ഇത്തവണയും രക്ഷയില്ല
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരം പിടിക്കാമെന്ന ലക്ഷ്യവുമായി ഇറങ്ങിയ ആം ആദ്മിക്ക് ഇക്കുറി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പി മാർക് എക്സിറ്റ് പോൾ ഫലം. ഇക്കുറി രാജ്യതലസ്ഥാനം ബി ജെ പി ഭരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ബി ജെ പിക്ക് 39 മുതൽ 49 വരെ സീറ്റുകൾ പ്രവചിക്കുമ്പോൾ ആം ആദ്മിക്ക് 21 മുതൽ 31 സീറ്റിലൊതുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. 10 വർഷമായി ഒരു സീറ്റ് പോലും ലഭിക്കാത്ത കോൺഗ്രസിന് ഒരു സീറ്റാണ് സർവ്വെ പ്രവചിക്കുന്നത്.
രാജ്യതലസ്ഥാനത്ത് ഇക്കുറി ശക്തമായ ത്രികോണ പോരാട്ടമാണെന്ന് പറയുമ്പോഴും ബി ജെ പിയും ആം ആദ്മിയും തമ്മിലാണ് പ്രധാന പോര്. കഴിഞ്ഞ 27 വർഷമായി അധികാരത്തിന് പുറത്താണ് ബി ജെ പി. അതേസമയം 2015 മുതൽ ഡൽഹി ആം ആദ്മിയുടെ കീഴിലാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും 60 ൽ കൂടുതൽ സീറ്റ് നേടിയാണ് ആം ആദ്മി ഡൽഹി ഭരണത്തിലേറിയത്. ഇക്കുറി 55 സീറ്റുകൾ വരെയാണ് ആം ആദ്മിയുടെ കണക്കുകൂട്ടൽ. സ്ത്രീവോട്ടർമാരുടെ പിന്തുണ ഉണ്ടായാൽ കഴിഞ്ഞ തവണത്തേത് പോലെ ഇക്കുറിയും 60 സീറ്റിൽ അധികം നേടാനാകുമെന്നും ആം ആദ്മി പ്രതീക്ഷ പുലർത്തുന്നു.

അതേസമയം കെജ്രിവാൾ അടക്കം ഈ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി രുചിക്കുമെന്നാണ് ബി ജെ പി പ്രവചിക്കുന്നത്. ആം ആദ്മി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ബി ജെ പി പ്രചരണം നയിച്ചത്. 70 അംഗ നിയമസഭയിൽ 35 സീറ്റുകൾ ആണ് ഭൂരിപക്ഷത്തിന് ആവശ്യം. 40 സീറ്റിന് മുകളിൽ ബി ജെ പി സ്വപ്നം കാണുന്നുണ്ട്.
ഇന്ന് വന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ബി ജെ പിയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നുണ്ട്. മിക്ക പോളുകളും 40 ന് മുകളിൽ സീറ്റുകൾ ബി ജെ പിക്ക് പ്രവചിക്കുന്നുണ്ട്. ചിലത് 50 സീറ്റുകൾ തൊടുമെന്നും പ്രവചിക്കുന്നുണ്ട്. ഒരു സർവെ മാത്രമാണ് ആം ആദ്മിക്ക് വിജയം പ്രവചിച്ചത്. ഫലമെന്തെന്ന് അറിയാൻ ഫെബ്രുവരി 8 വരെ കാത്തിരിക്കാം.












Click it and Unblock the Notifications