ഡല്‍ഹി മദ്യനയ കേസ്: ആം ആദ്മി എംപി സഞ്ജയ് സിങ് അറസ്റ്റിൽ
ഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ എ എ പി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ നേതാവാണ് സഞ്ജയ് സിംഗ്
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സഞ്ജയ് സിങിനെ അറസ്റ്റ് ചെയ്തത്. നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സഞ്ജയ് സിങ് സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്ന് ഇഡി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിക്കും അദാനിക്കുമെതിരെ നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചതിനാലാണ് സിങിനെതിരായ ഇഡി നടപടിയെന്ന് എ എ പി വിമർശിച്ചു. ഇഡി റെയ്ഡിനെതിരെ നേരത്തേ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തിയിരുന്നു.

'കഴിഞ്ഞ ഒരു വർഷമായി മദ്യനയ കേസിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും അവർക്ക് ഒന്നും കണ്ടെത്താനായിട്ടില്ല. സഞ്ജയ് സിങിന്റെ വസതിയിൽ നിന്നും ഒന്നും കണ്ടെത്താനായിട്ടില്ല. തോൽവി മുന്നിൽ കാണുമ്പോൾ നിരാശരായി നടപടികളിലേക്ക് തിരിയുകയാണ്', എന്നായിരുന്നു കെജരിവാളിന്റെ പ്രതികരണം.
അതേസമയം കെജരിവാളിനും കേസിൽ പങ്കുണ്ടെന്നാണ് ബി ജെ പിയുടെ ആരോപണം. 'മദ്യനയത്തിന്റെ സൂത്രധാരൻ കെജരിവാളാണ്. രാജ്യത്തെയും ഡൽഹിയിലെയും പൊതുജനങ്ങൾ അക്കാര്യം മനസ്സിലാക്കിയിട്ടുണ്ട്.ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് പ്രതിയായ വ്യവസായി ദിനേശ് അറോറ സമ്മതിച്ചിട്ടുണ്ട്', ബി ജെ പി വക്താവ് ഗൗരവ് ഭാട്ടിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എ എ പിയെന്നാൽ കുറച്ചധികം പാപം എന്നാണ് അർത്ഥമെന്നും ഭാട്ടിയ പരിഹസിച്ചു.
നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഡൽഹി മദ്യ നയ അഴിമതി കേസ്. ചില മദ്യ വ്യാപാരികൾക്ക് അനുകൂലമാകുന്ന തരത്തിൽ ഡൽഹിയിലെ പുതിയ മദ്യ നയം രൂപീകരിച്ചുവെന്നാണ് ഇഡി പറയുന്നത്. കേസിൽ നേരത്തേ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അറസ്റ്റിലായിരുന്നു.
മനീഷ് സിസോദിയയും മറ്റുള്ളവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോററ്റിയുടെ അംഗീകാരമില്ലാതെയാണെന്നും ടെന്‍ഡറിനു ശേഷം ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു നടപടിയെന്നും നേരത്തേ സി ബി ഐ എഫ്ഐആറിൽ പറഞ്ഞിരുന്നു












Click it and Unblock the Notifications