ഡൽഹി ഓർഡിനൻസ് ബിൽ; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ, 'അഴിമതി മറച്ചുവെക്കാനുള്ള ശ്രമം'
ഡൽഹി: ആം ആദ്മിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയുടെ ബംഗ്ലാവ് നവീകരിക്കുന്നതിലെ അഴിമതി മറച്ചുവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആം ആദ്മി സർക്കാർ ഡൽഹി ഓർഡിനൻസ് ബില്ലിനെ എതിർക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരമല്ല പ്രശ്‌നം, അഴിമതി മറച്ചുവെക്കാൻ വിജിലൻസ് വകുപ്പിന്റെ നിയന്ത്രണം നേടുകയെന്നതാണ്', ഷാ പറഞ്ഞു. ലോക്‌സഭയിൽ ഡൽഹി ഓർഡിനൻസിനു പകരമുള്ള ബില്ലിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2015 ൽ ഡൽഹിയിൽ ഒരു പാർട്ടി അധികാരത്തിൽ വന്നു. അവരുടെ ലക്ഷ്യം പ്രശ്നങ്ങൾ ഉണ്ടാക്കുക മാത്രമായിരുന്നു, ഒരിക്കലും ജനങ്ങളെ സേവിക്കലായിരുന്നില്ല. ബംഗ്ലാവുകൾ പണിഞ്ഞതിന് പിന്നിലുള്ളത് പോലുള്ള അഴിമതി മറച്ചുവെയ്ക്കുകയെന്നതാണ് ബിൽ എതിർക്കുന്നതിന് പിന്നിലുള്ള അവരുടെ പ്രധാന അജണ്ട', അമിത് ഷാ പറഞ്ഞു.

'സഖ്യത്തിന്റെ പേരിലാണ് ഇത്തരത്തിൽ കോടികൾ അഴിമതി നടത്തുന്ന ആം ആദ്മിയെ പ്രതിപക്ഷത്തിന് പിന്തുണയ്ക്കേണ്ടി വരുന്നത്. സഖ്യത്തെ കുറിച്ച് മറന്നേക്കൂവെന്നാണ് പ്രതിപക്ഷത്തോടെ ഞങ്ങൾക്ക് പറയാനുള്ളത്. കാരണം നരേന്ദ്ര മോദി മാത്രമേ വിജയിക്കുകയുള്ളൂ. അദ്ദേഹം വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കും. അതുകൊണ്ട് തന്നെ സഖ്യത്തിനായി ജനങ്ങളുടെ താൽപ്പര്യങ്ങൾ ബലികഴിക്കരുത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് മറക്കരുത്, ഷാ പറഞ്ഞു,
തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനും ആരുടെയെങ്കിലും പിന്തുണ നേടുന്നതിനും ഏതെങ്കിലും ബില്ലിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നത് ശരിയായ രാഷ്ട്രീയമല്ല. പുതിയ സഖ്യങ്ങൾ രൂപീകരിക്കാൻ മറ്റ് പല മാർഗങ്ങളുമുണ്ട്.
ബില്ലുകളും നിയമങ്ങളും രാജ്യത്തിന്റെ നന്മയ്ക്കാണ്. അതിനെ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യേണ്ടത് നാടിന്റെയോ ഡൽഹിയുടെയോ നന്മയ്ക്കുവേണ്ടിയാണ്. സഖ്യം തുടരണമെന്ന ധാരണയിൽ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ബില്ലിനെ എതിർക്കണം എന്ന് ചിന്തിക്കരുത്'
ഡൽഹിയുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് അവകാശമുണ്ടെന്ന് ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ട്. മുൻ സർക്കാരുകളുടെ കാലത്ത് ഡൽഹിയിലെ ഭരണ സംവിധാനങ്ങൾ ശരിയായ രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ 2015 ൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ മാറി.
ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, സി രാജഗോപാലാചാരി, രാജേന്ദ്ര പ്രസാദ്, ബി.ആർ അംബേദ്കർ എന്നിവർ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുന്നതിനെ എതിർത്തിരുന്നുവെന്നും പാർലമെന്റിൽ അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications