ദുഃഖം താങ്ങാനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍; ചിലര്‍ പൊട്ടിത്തെറിച്ചു, പ്രകടനങ്ങള്‍!! ദില്ലിയിലേക്ക്
ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് അടക്കാനാകാത്ത പ്രതിഷേധവും ദുഃഖവും. ചിലര്‍ കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മറ്റു ചിലരുടെ അനുയായികള്‍ മണ്ഡല അടിസ്ഥാനത്തില്‍പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ചിലര്‍ പ്രാദേശിക പ്രകടനത്തില്‍ പങ്കെടുത്തില്ല. നേരെ ദില്ലിയിലേക്ക് പുറപ്പെട്ടു.
ഹൈക്കമാന്റിനെ നേരിട്ട് ബോധിപ്പിക്കാന്‍. പലവിധ മാറ്റങ്ങളാണ് കഴിഞ്ഞദിവസം തെലങ്കാന കോണ്‍ഗ്രസില്‍ സംഭവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം. വിശദാംശങ്ങള്‍ ഇങ്ങനെ...

എല്ലാവര്‍ക്കും കൊടുക്കാന്‍ സാധിക്കുമോ
തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. കോണ്‍ഗ്രസും ടിഡിപിയും സഖ്യം ചേര്‍ന്നാണ് തെലങ്കാനയില്‍ ജനവധി തേടുന്നത്. കൂടെ സിപിഐയുമുണ്ട്. എന്നാല്‍ സീറ്റ് മോഹിച്ചിരുന്ന എല്ലാവര്‍ക്കും സീറ്റ് ലഭിച്ചില്ല. ഇവരാണ് പൊട്ടിത്തെറിച്ചത്.

ദില്ലിയിലേക്ക് പുറപ്പെട്ടു
പട്ടിക അംഗീകരിക്കില്ലെന്നാണ് പല നേതാക്കളും പ്രതികരിച്ചത്. സംസ്ഥാനത്തെ മുന്‍ കോണ്‍ഗ്രസ് അധ്യനും 2014 വരെ മന്ത്രിയുമായിരുന്ന പൊന്നല ലക്ഷ്മയ്യയും ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. ഇദ്ദേഹം പ്രാദേശിക നേതൃത്വത്തോട് ആവലാതി പറയാന്‍ നിന്നില്ല. ദില്ലിയിലേക്ക് പുറപ്പെട്ടു. ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം.

65 സ്ഥാനാര്‍ഥികളുടെ പട്ടിക
65 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. ഉറപ്പായും സീറ്റ് ലഭിക്കുമെന്ന് കരുതിയിരിക്കുന്ന ഒട്ടേറെ നേതാക്കളുണ്ടായിരുന്നു. പലര്‍ക്കും സീറ്റ് ലഭിച്ചില്ല. ടിഡിപിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ചില കോണ്‍ഗ്രസ് സീറ്റുകള്‍ ടിഡിപിക്ക് വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് നഷ്ടപ്പെട്ടു.

പദയാത്ര വരെ സംഘടിപ്പിച്ചു
കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ബിക്ഷപതി യാദവിന് ഇത്തവണ സീറ്റില്ല. കടുത്ത നിരാശയിലാണ് അദ്ദേഹം. ഇദ്ദേഹം വിജയിച്ചിരുന്ന സീറ്റ് ഇത്തവണ ടിഡിപിക്ക് വിട്ടുകൊടുക്കേണ്ടി വന്നു. സീറ്റ് ലഭിക്കുമെന്ന് കരുതി സ്വന്തം നിലയില്‍ പദയാത്ര വരെ സംഘടിപ്പിച്ചിരുന്നു ബിക്ഷപതി യാദവ്.

കിട്ടിയ ഫലം ഇതാണ്
പാര്‍ട്ടിക്ക് വേണ്ടി ഏറെ കാലമായി പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കണമെന്നാണ് ബിക്ഷപതിയുടെ ആവശ്യം. യാതൊരു അച്ചടക്ക രാഹിത്യവും ഇതുവരെ താന്‍ കാണിച്ചിട്ടില്ല. എന്തുകൊണ്ടാണ് തനിക്ക് സീറ്റ് നല്‍കാത്തതെന്ന് നേതൃത്വം വ്യക്തമാക്കണം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് കിട്ടിയ ഫലം ഇതാണെന്നും ബിക്ഷപതി പറയുന്നു.

രാഹുല്‍ ഗാന്ധി പറഞ്ഞത്
ചില നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തു രംഗത്തെത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അത്തരം സംഭവമുണ്ടായാല്‍ താന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേതൃത്വം ഒന്ന് പറയും... നടക്കുന്നത് മറ്റൊന്ന്
രാഹുല്‍ ഗാന്ധി പറയുന്നതൊന്നും സംസ്ഥാന നേതാക്കള്‍ ചെയ്യുന്നത് മറ്റൊന്നുമാണെന്ന് സീറ്റ് ലഭിക്കാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. സീറ്റ് ലഭിക്കാത്ത നേതാക്കളെ മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം പ്രകടനങ്ങള്‍ നടന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട് പുതിയ സംഭവങ്ങള്‍.

മതിയായ പരിഗണന പാര്‍ട്ടി നല്‍കും
എന്നാല്‍ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും മതിയായ പരിഗണന പാര്‍ട്ടി നല്‍കുമെന്ന് എഐസിസി സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ മധു യാഷ്‌കി ഗൗഡ പറഞ്ഞു. തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കണം. അതിന് വേണ്ടി എല്ലാ പ്രവര്‍ത്തകരും ശ്രമിക്കണം. എല്ലാവരെയും പാര്‍ട്ടി പരിഗണിക്കുമെന്നും മധു യാഷ്‌കി പറഞ്ഞു.

സഖ്യത്തിലുള്ളവര്‍
തെലങ്കാന രാഷ്ട്ര സമിതിയാണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ തെലങ്കാനയിലെ പ്രധാന ശത്രു. കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് രൂപീകരിച്ച വിശാല സഖ്യത്തില്‍ നാല് പാര്‍ട്ടികളാണുള്ളത്. കോണ്‍ഗ്രസിനും ടിഡിപിക്കും പുറമെ സിപിഐയും തെലങ്കാന ജന സമിതിയും അംഗങ്ങളാണ്.

25 എണ്ണം വിട്ടുകൊടുത്തു
ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 119 അംഗ നിയമസഭയാണ് തെലങ്കാനയില്‍. ഇതില്‍ കൂടുതല്‍ സീറ്റിലും പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസാണ് മല്‍സരിക്കുക. പിന്നെ ടിഡിപിയും. 25 സീറ്റുകളാണ് കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നത്.

ടിഡിപിയിലും പാളയത്തില്‍ പട
ടിഡിപി 14 സീറ്റില്‍ മല്‍സരിക്കും. ടിജെഎസ് എട്ട് സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മല്‍സരിക്കും. ഒമ്പത് സ്ഥാനാര്‍ഥികളുടെ പട്ടിക ടിഡിപി പുറത്തിറക്കി കഴിഞ്ഞു. ടിഡിപിയിലും പാളയത്തില്‍ പട സജീവമാണ്. സ്ഥാനാര്‍ഥികളാക്കാത്തതില്‍ പ്രതിഷേധിച്ച് പലയിടത്തും പ്രകടനങ്ങള്‍ നടന്നു. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. നിയമസഭ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പിരിച്ചുവിട്ടത് മൂലമാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.












Click it and Unblock the Notifications